നിയമ കാര്യങ്ങൾ

മാനസിക രോഗമുള്ളവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്‍റെ കുട്ടിക്ക് ഒരു മാനസിക രോഗം ഉണ്ടെങ്കില്‍ അവന് / അവള്‍ക്ക് സമീപത്തുള്ള സ്കൂളില്‍ പ്രവേശനം ലഭിക്കുമോ?

A

വിദ്യാഭ്യാസത്തിനുള്ള (പഠിക്കാനുള്ള) അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-എ പ്രകാരം ഉറപ്പാക്കപ്പെട്ടിരിക്കുന്ന മൗലികാവകാശമാണ്. ഇതിപ്പോള്‍ വിദ്യാഭ്യാസ അവകാശ നിയമം, (2009) എന്ന പേരില്‍ സവിശേഷമായി പ്രതിപാദിക്കപ്പെടുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഇതില്‍ ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും തൊട്ടടുത്തുള്ള സ്കൂളില്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവരുടെ നിയമപരമായ അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നു. 

നിങ്ങളുടെ കുട്ടിയുടെ അസുഖം 1995 ലെ വൈകല്യമുള്ള വ്യക്തികളെ സംബന്ധിക്കുന്ന നിയത്തിലെ     (പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ് -പിഡബ്ല്യുഡി- ആക്റ്റ്) വ്യവസ്ഥകള്‍ പ്രകാരം ഒരു വൈകല്യമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ ആ കുട്ടിക്ക് 18 വയസുവരെ സൗജന്യമായ വിദ്യാഭ്യാസത്തിന് ആവകാശമുണ്ടായിരിക്കും.

 
 
 

Q

എന്‍റെ കുട്ടിക്ക് മാനസികമായി അസുഖമുണ്ട്, അവനെ/അവളെ പ്രത്യേക തരത്തിലുള്ള പഠന രീതി ആവശ്യമായവര്‍ക്കുള്ള സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ക്കേണ്ടതുണ്ടോ?

A

ശാരീരികമോ മാനസികമോ ആയ ന്യൂനതകളുള്ള കുട്ടികളെ സാധാരണ സ്കൂളുകളില്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രാദേശിക ഭരണാധികാരികള്‍ (അതോറിറ്റി) പരിശ്രമിക്കണം എന്ന് പിഡബ്ല്യുഡി ആക്റ്റിന്‍റെ സെക്ഷന്‍ 26(ബി)യില്‍ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 

 
 

Q

എന്‍റെ കുട്ടിക്ക് പഠിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങളും സൗകര്യങ്ങളും ആവശ്യമുണ്ട്, പക്ഷെ ഒരു സാധാരണ സ്കൂളില്‍ ആ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലായെങ്കില്‍ എന്‍റെ കുട്ടിയെ ഞാന്‍ എവിടെ പഠിപ്പിക്കും?

A

ശാരീരികമോ മാനസികമോ ആയ ന്യൂനതകളുള്ള കുട്ടികള്‍ക്ക് പഠിക്കുന്നതിനായി സര്‍ക്കാരിന്‍റേയോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ സ്പെഷ്യല്‍ സ്കൂള്‍ ലഭ്യമാണെന്നും  അവിടെ ഈ കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ അല്ലെങ്കില്‍ പ്രാദേശിക ഭരണ സമിതികളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യം പിഡബ്ല്യുഡി ആക്റ്റിന്‍റെ സെക്ഷന്‍ 26(സി)യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

അതുപോലെ തന്നെ പിഡബ്ല്യുഡി ആക്റ്റിന്‍റെ സെക്ഷന്‍ 26(ഡി)യില്‍, ഇത്തരം സ്കൂളുകളില്‍ ഈ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം കൂടി ലഭ്യമാക്കണമെന്നും പറയുന്നു. നിങ്ങളുടെ കുട്ടിയെ ഒരു ജീവിത മാര്‍ഗം കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. 

 

Q

എന്‍റെ കുട്ടിക്ക് പ്രത്യേകമായ ആവശ്യങ്ങള്‍ ഉണ്ടെന്നിരിക്കെ അവന്/അവള്‍ക്ക് വേണ്ടി മറ്റേതെങ്കിലും പ്രത്യേക സ്കീമുകള്‍ ഉണ്ടോ ?

A

ഉണ്ട്, നിങ്ങളുടെ കുട്ടിയെ  പഠിക്കാന്‍ സഹായിക്കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമായി മാറുന്ന മറ്റു ചില പ്രത്യേക സാഹചര്യങ്ങളും ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് അസുഖം മൂലം സ്കൂളില്‍ മുഴുവന്‍ സമയ പഠനത്തിന് ഹാജരാകാന്‍ സാധിക്കില്ലായെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി പാര്‍ട് ടൈം ക്ലാസുകള്‍ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അതുപോലെ തന്നെ ന്യൂനതകള്‍ (വൈകല്യങ്ങള്‍) ഉള്ള കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓപ്പണ്‍ സ്കൂളുകളും യൂണിവേഴ്സിറ്റികളും സ്ഥാപിക്കാനും സര്‍ക്കാര്‍ പരിശ്രമിക്കേണ്ടതാണ്. കൂടാതെ ഇത്തരത്തില്‍ ന്യൂനതകളുള്ള കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കുക എന്നതും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്.പിഡബ്ല്യുഡി ആക്റ്റിന്‍റെ സെക്ഷന്‍ 27 ല്‍ സര്‍ക്കാരിന്‍റെ ഈ ഉത്തരവാദിത്തങ്ങള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. 

 
 

Q

സാധാരണ അദ്ധ്യാപകര്‍ക്ക് എന്‍റെ കുട്ടിയുടെ പ്രത്യേക ആവശ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിവുണ്ടായിരിക്കുമോ?

A

പ്രത്യേക വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളുടെ സവിശേഷമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം എല്ലാ അദ്ധ്യാപകര്‍ക്കും ഉണ്ടായേക്കില്ല. എന്നിരുന്നാലും പി ഡബ്ല്യു ഡി ആക്റ്റിന്‍റെ സെക്ഷന്‍ 29 പ്രകാരം സ്പെഷ്യല്‍ സ്കൂളുകളിലും സംയോജിത സ്കൂളുകളിലും മാനസികമായ അസുഖവും വൈകല്യവും ഉള്ള കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി മതിയായ മനുഷ്യവിഭവശേഷി വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികള്‍ നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്.

 
 

White Swan Foundation
malayalam.whiteswanfoundation.org