കൗമാരക്കാർക്കിടയിലെ മുഠാളത്തരം (ബുള്ളീംഗ്)

മുഠാളത്തരം മാനസികാരോഗ്യ പ്രശ്‌നങ്ങൾ പ്രകടമാക്കിയേക്കാം, നിങ്ങളുടെ കുട്ടിയോട് മുഠാളത്തരത്തെ പറ്റി സംസാരിക്കേണ്ടത് എങ്ങനെ?

ആകാശ് സന്തുഷ്ടനും കുശാഗ്രബുദ്ധിയുമായ ഒരു വിദ്യാർത്ഥി ആയിരുന്നു. സ്‌പോർട്ട്‌സിലും  മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും പങ്കെടുക്കന്നതിൽ അവൻ ഉത്സാഹവാനുമായിരുന്നു. ഒരു ദിവസം സ്‌കൂളിൽ പോകുന്നത് അവൻ നിർത്തി, ഒരാഴ്ച്ചത്തേക്ക് പോകുവാൻ വിസമ്മതിക്കുകയും ചെയ്തു. ഇത് അവന്‍റെ മാതാപിതാക്കളെ വിഷമിപ്പിക്കുവാൻ തുടങ്ങി. ക്ലാസ്സുകളിൽ തിരിച്ചു ചേർന്നതിനു ശേഷം, ആകാശിന്‍റെ ഗ്രേഡുകൾ താഴ്ന്നു തുടങ്ങി. മാതാപിതാക്കൾ ഇരുവരും ജോലി ഉള്ളവർ ആയതു കൊണ്ട് അവർ അവനെ ഒരു ട്യൂഷൻ ക്ലാസ്സിൽ ചേർത്തു. സ്‌കൂളിനെ കുറിച്ചുള്ള ചിന്ത പോലും മനസ്സിൽ സംഘർഷം തോന്നിപ്പിച്ചിരുന്ന ആകാശിന്, വിദ്യാഭ്യാസ സംബന്ധമായ മാനസിക പിരിമുറുക്കം  കൂടി ആയപ്പോള്‍, അവന്‍ തീരെ ഉന്മേഷരഹിതനായി തീർന്നു, എല്ലായ്‌പ്പോഴും ദുഃഖിതനായി കാണപ്പെടുകയും ചെയ്തു. കുട്ടികൾക്കുള്ള ഒരു മനോരോഗവിദഗ്ദ്ധനെ സമീപിച്ചപ്പോൾ മാത്രമാണ്, സ്‌കൂളിൽ ആകാശിനു നേരെ മുഠാളത്തരം നടക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.

എന്താണ് മുഠാളത്തരം?

മറ്റൊരു വ്യക്തിയുടെ മേലുള്ള അധികാരവും നിയന്ത്രണവും പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള അക്രമാസക്തമായ പെരുമാറ്റമാണ് മുഠാളത്തരം (ബുള്ളീംഗ്). മുഠാളത്തരം ചെയ്യുന്ന ഒരാൾ ശാരീരികവും വാചികവും വാചികേതരവും ആയ അവഹേളനപരമായ പെരുമാറ്റത്തിലൂടെ, മറ്റൊരു വ്യക്തിയുടെ ഇടത്തിലേക്ക്  അതിക്രമിച്ചു കയറുകയും ചെയ്യുന്നു. മൊബൈൽ ടെക്സ്റ്റ് സന്ദേശങ്ങൾ, ബ്ലോഗുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉപയോഗിച്ചും അവർ മറ്റുള്ളവരെ നിരന്തരമായി ശല്യം ചെയ്തു എന്നു വരാം.

ഒരു കുട്ടി മുഠാളൻ ആയി തീരുന്നതെങ്ങനെ?

മുഠാളത്തരം ചെയ്യുന്ന കുട്ടിയുടെ പെരുമാറ്റത്തിന് ആ കുട്ടി വെളിപ്പെടുത്തപ്പെട്ടിട്ടുള്ള അനേകം സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളിലാണ് വേരുകൾ ഉള്ളത്. മുഠാളത്തരത്തിനു കാരണമായേക്കാവുന്ന സ്വഭാവവിശേഷം ഒരു കുട്ടിയിൽ വളരുന്നുതിനുള്ള ഘടകങ്ങളിൽ ചിലത് താഴെ പറയുന്നു:

 • ചങ്ങാതി കൂട്ടങ്ങളിൽ നിന്നുള്ള തിരസ്‌ക്കരണവും സ്‌കൂളിലെ പരാജയവും
 • മറ്റൊരാളുടെ മുഠാളത്തരത്തിനു വിധേയപ്പെടേണ്ടി വന്നതു മൂലമുള്ള കോപവും തിരസ്‌ക്കരണവും നിരാശയും മറ്റൊരാളുടെ നേർക്ക് മുഠാളത്തരം പ്രയോഗിച്ച് തീർക്കുക
 • വീട്ടിലെ അവഹേളനവും തിരസ്‌ക്കരണവും സ്‌നേഹക്കുറവും
 • താഴ്ന്ന സ്വാഭിമാനം
 • മീഡിയ- ടിവി, വിഡിയോ ഗെയിംസ് - വഴി അതിക്രമങ്ങളിലേക്കുള്ള വെട്ടപ്പെടൽ
 • ആക്രമണപരമായ പെരുമാറ്റം പ്രദർശിപ്പിക്കുന്ന ചങ്ങാതിക്കൂട്ടങ്ങളിൽ ചേരുന്നതിനായി
 • മാതാപിതാക്കളുടെ മുഠാളത്തരം പിടിച്ച പെരുമാറ്റം അനുകരിക്കൽ
 • ആവശ്യമുള്ള പരിധികളുടെ അഭാവവും അതിലാളനയാൽ വഷളാക്കുന്ന വിധമുള്ള മാതാപിതാക്കളുടെ മനോഭാവവും മൂലം തങ്ങൾ വിചാരിക്കുന്ന എന്തു കാര്യവും സാധിച്ചെടുക്കാം എന്ന് കുട്ടിക്കുണ്ടാകുന്ന തോന്നൽ  

മുഠാളർ ആയിത്തീരുന്ന കുട്ടികൾ സാധാരണഗതിയിൽ പ്രതികൂലമായ കുടുംബപര പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, തങ്ങളുടെ മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ  പ്രശ്‌നങ്ങൾ തുടങ്ങി ഒരു വലിയ നിര പ്രശ്‌നങ്ങൾ അനുഭവിക്കുന്നു. മറിച്ച് ആത്മവിശ്വാസത്തിന്‍റേയും ആത്മാഭിമാനത്തിന്‍റേയും കുറവ് അനുഭവിക്കുന്ന കുട്ടികളാകട്ടെ, ചങ്ങാതി സംഘങ്ങൾ, ചിലപ്പോൾ അദ്ധ്യാപകർ എന്നിവരിൽ നിന്നെല്ലാം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നവർ ആകേണ്ടി വരുന്നതിനാൽ, അവർ എളുപ്പത്തിൽ മുഠാളത്തരത്തിനു വിധേയരാവുന്നവർ ആയിത്തീരുകയും ചെയ്‌തേക്കാം.

കൗമാരത്തിലേക്കു പ്രവേശിച്ചവരില്‍ ഉള്ള മുഠാളത്തരം, ശരീരസംബന്ധിയായ മതിപ്പ്, മനഃശാസ്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചുള്ള അനുഭവങ്ങളെ കുറിച്ച് നിംഹാൻസ് (NIMHANS) നടത്തിയ പഠനത്തിൽ, മുഠാളത്തരത്തിനു വിധേയരാകേണ്ടി വന്നിട്ടുള്ള ആളുകൾക്ക് അതിനു വിധേയരാകേണ്ടി വന്നിട്ടില്ലാത്തവരേക്കാൾ മനഃശാസ്ത്രപരമായ പ്രശ്‌നങ്ങൾ കൂടുതലാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. മുഠാളത്തരത്തിനു വിധേയരാകേണ്ടി വന്നവർ വൈകാരികമായ/നിരുത്സാഹപരമായ പ്രശ്‌നങ്ങൾ, ഉത്കണ്ഠ, ശരീരസംബന്ധിയായ പ്രശ്‌നങ്ങൾ, ഒഴിഞ്ഞു മാറുന്ന വ്യക്തിത്വം, ഒപ്പൊസിഷണൽ ഡിവീന്റ് ഡിസോഡർ (Oppositional Deviant Disorder, ODD), എഡിഎച്ച്ഡി (ADHD), പെരുമാറ്റ പ്രശ്‌നങ്ങൾ/സാമൂഹ്യവിരുദ്ധ വ്യക്തിത്വ പ്രശ്‌നങ്ങൾ തുടങ്ങി ഒരു നിര മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വരുന്നു.

മുഠാളത്തരത്തിന്‍റെ പരിണതഫലങ്ങൾ എല്ലാ കുട്ടികളിലും ഒരു പോലെ ആയിരിക്കില്ല എന്നും പഠനങ്ങൾ അനുമാനിക്കുന്നുണ്ട്. ചിലർ അത് മറികടക്കുകയോ അല്ലെങ്കിൽ നേരിടാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ, മറ്റു കുട്ടികൾ ആകട്ടെ, അത് ആജീവനാന്തം കൊണ്ടുനടക്കുന്നു, അത് അവരുടെ വ്യക്തിത്വ ലക്ഷണങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കുട്ടി മുഠാളത്തരത്തിനു/ആക്രമണത്തിനു വിധേയമാക്കപ്പെടുന്നുണ്ടോ?

ആക്രമണത്തിനു വിധേയരാകുന്നവർ തങ്ങളുടെ അവസ്ഥയെ കുറിച്ച് വളരെ പ്രകടനപരത പ്രദർശിപ്പിക്കും എന്നും ഇത്തരം പെരുമാറ്റ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനും അതിന്‍റെ ക്രമമായ രൂപം കണ്ടുപിടിക്കുന്നതിനും മാതാപിതാക്കൾക്കു കഴിയുമെങ്കിൽ, അത് വളരെ സഹായകമാകും എന്നും വിദഗ്ദ്ധർ പറയുന്നു. നിങ്ങളുടെ കുട്ടി:

 • വളരെ പ്രകോപനപരം ആകുകയോ , സ്‌കൂൾ ഒഴിവാക്കുവാൻ നിരന്തരം ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ടോ?
 • എളുപ്പത്തിൽ കരയാൻ തുടങ്ങുകയോ, പതിവിലും കൂടുതൽ പിരിമുറുക്കം കാണിക്കുകയോ വേവലാതിപ്പെടുകയോ ചെയ്യുന്നുണ്ടോ?
 • തങ്ങളുടെ പഠന നിലവാരത്തിൽ എടുത്തു പറയത്തക്ക പതനം കാണിക്കുന്നുണ്ടോ?
 • പെട്ടെന്നുള്ള അകാരണമായ കോപാവേശം പ്രദർശിപ്പിക്കുന്നുണ്ടോ?
 • പെട്ടന്ന് ധിക്കാരപരമായ പെരുമാറ്റം പ്രദർശിപ്പിക്കുവാൻ തുടങ്ങുന്നുണ്ടോ?
 • യുക്തിരഹിതമായ ആവശ്യങ്ങൾ അവകാശപൂർവ്വം ഉന്നയിക്കുന്നുണ്ടോ?
 • അവരുടെ മൊബൈൽ ഫോൺ അടിക്കുമ്പോഴോ ടെക്‌സ്റ്റ് സന്ദേശങ്ങൾ ലഭിക്കുമ്പോഴോ ഭയക്കുന്നതായി തോന്നിയിട്ടുണ്ടോ? (സൈബർ ആക്രമണ അനുഭവങ്ങളുടെ കാര്യത്തിൽ)
 • രഹസ്യമായി ഓൺലൈനിൽ ബ്രൗസ് ചെയ്യുന്നുണ്ടോ? (സൈബർ ആക്രമണ അനുഭവങ്ങളുടെ കാര്യത്തിൽ)

ഇവയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ നിങ്ങൾ നിങ്ങളുടെ കുട്ടിയിൽ ശ്രദ്ധിക്കുന്നുവെങ്കിൽ മുഠാളത്തരം അഥവാ ആക്രമണം എന്ന വിഷയം ഉന്നയിക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും.

ഒരു അസ്വസ്ഥകരമായ കുടുംബ പശ്ചാത്തലത്തിൽ, തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്നു കുട്ടിക്ക് തോന്നുവാൻ ഇടയുണ്ട്, അത് അവർ ഒറ്റപ്പെട്ടു പോയി എന്ന തോന്നൽ ഉളവാക്കുകയും  അവരെ വല്ലാതെ നിരാശിതരാക്കുകയും ചെയ്യും. പലപ്പോഴും മാതാപിതാക്കളോട് സംസാരിക്കണമെന്ന് ആഗ്രഹം തോന്നുമെങ്കിലും, അവരിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരും എന്നു അവർ ഭയക്കുന്നു. ഒരു മാതാവ് അല്ലെങ്കിൽ പിതാവ് എന്ന നിലയിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കുട്ടി തന്‍റെ മനസ്സു തുറന്നു സംസാരിക്കുന്നതിന് അനുവദിക്കുക എന്നതും അതിനു ചെവി കൊടുക്കുക എന്നതും ആണ്. ആക്രമണത്തിനു വിധേയമാകേണ്ടി വന്നതിൽ അവരെ ഒരിക്കലും കുറ്റപ്പെടുത്തരുത്, കാരണം അത് അവരുടെ കുറ്റം കൊണ്ടു സംഭവിക്കുന്നതല്ല. അങ്ങനെയുള്ള അവസ്ഥ കൈകാര്യം ചെയ്യുന്നതിന് ഉള്ള വഴികൾ ഇവയാണ്:

 • കുട്ടി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ, കൃത്യമായ ചോദ്യങ്ങൾ ചോദിക്കുക
 • ആ അവസ്ഥ മൂലം കുട്ടി അനുഭവിക്കുന്നത് എന്താണ് എന്ന് അംഗീകരിച്ചു കൊടുക്കുക
 • എങ്ങനെയാണ് അതു കൈകാര്യം ചെയ്യുവാൻ കുട്ടി ആഗ്രഹിക്കുന്നത് എന്ന് കുട്ടിയോട് തന്നെ ചോദിക്കുവാൻ ശ്രമിക്കുക
 • അത് 'അവഗണിക്കുക' അല്ലെങ്കിൽ  'തിരിച്ച് എതിർത്തു നിൽക്കുക' എന്ന് കുട്ടിയോട് യാതൊരു കാരണവശാലും പറയരുത്
 • കുട്ടി ആത്മാഭിമാനവും, ആത്മവിശ്വാസവും ഉറച്ച നിലപാടും സ്വീകരിക്കുന്നതിന് കുട്ടിയ്‌ക്കൊപ്പം പരിശ്രമിക്കുക. 
 • സ്‌കൂൾ അധികൃതരുമായി സംസാരിക്കുക, നിങ്ങളുടെ സുരക്ഷാ ഉത്കണ്ഠയെ കുറിച്ച് അവരെ അറിയിക്കുക.
 • ഒരു സ്വയം പ്രതിരോധ കോഴ്‌സിന് കുട്ടിയെ ചേർക്കുന്നതിനെ കുറിച്ച് പരിഗണിക്കുക

നിങ്ങളുടെ കുട്ടിയാണ് മുഠാളത്തരം കാണിക്കുന്നത് എങ്കിലോ?

മുഠാളത്തരം ചെയ്യുന്ന ആൾ എന്നു പറയുമ്പോൾ നമ്മുടെ തലകളിൽ ഉള്ള ആശയം ഭീഷണിപ്പെടുത്തുന്ന ഒരു വലിയ  കുട്ടി, ഒരു ധൈര്യം കുറഞ്ഞ കുട്ടിയെ അലട്ടുന്നതാണ്. യഥാർത്ഥത്തിൽ പക്ഷേ, മുഠാളത്തരം കാണിക്കുന്നത് നിങ്ങളുടെ സ്വന്തം കുട്ടി അടക്കം ആരും ആകാം. മിയ്ക്കവാറും മാതാപിതാക്കൾ തങ്ങളുടെ കുട്ടിയുടെ മുഠാളത്തരത്തെ പറ്റി അറിയാനിട വരുന്നത് പുറമേ നിന്നുള്ള ഒരാളിൽ നിന്നോ സ്‌കൂൾ മാനേജ്‌മെന്‍റില്‍ നിന്നോ ആക്രമണത്തിനു വിധേയരാകേണ്ടി വന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്നോ പരാതി ലഭിക്കുമ്പോൾ മാത്രമാണ്.

മുഠാളത്തരം പ്രദർശിപ്പിക്കുന്ന കട്ടികൾ ചിലപ്പോൾ:

 • വളരെ വേഗം മറ്റുള്ളവരുടെ മേൽ പഴിചാരുന്നതിൽ മിടുക്കും തങ്ങളുടെ പ്രവർത്തികളുടെ ചുമതല അംഗീകരിക്കുന്നതിൽ വിമുഖത കാട്ടുന്നവരും ആകാം
 • തന്മയീഭാവശക്തി, അനുകമ്പ എന്നിവ കുറവുളളവർ ആകാം
 • സാമൂഹിക കഴിവുകളില്‍ വളർച്ചയെത്താത്തവർ ആയിരിക്കാം
 • മറ്റുള്ളവരെ നിയന്ത്രിക്കുന്ന ആൾ ആകാൻ ആഗ്രഹിക്കുന്നുണ്ടാകാം
 • നിരാശയോ ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കന്നുണ്ടാകാം
 • ആക്രമണപരത പ്രോത്സാപ്പിക്കുന്ന ഏതെങ്കിലും സുഹൃത് സംഘത്തിൽ കയറിക്കൂടാൻ ആഗ്രഹിക്കുന്നുണ്ടാകാം

തങ്ങളുടെ കുട്ടി ഒരു മുഠാളൻ ആണ് എന്ന് അംഗീകരിക്കുന്നതിന് ചില മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാം. അവർ കുട്ടിയെ വിധിച്ചേക്കാം, അവനെ ശിക്ഷിക്കുന്നതിൽ അത് അവസാനിക്കുകയും ചെയ്‌തേക്കാം. മുഠാളത്തരം മറ്റൊരു വ്യക്തിയെ വ്രണപ്പെടുത്തുന്നുണ്ട് എന്ന് പലപ്പോഴും അതു ചെയ്യുന്ന കുട്ടികൾക്ക് അറിയില്ല, തമാശയ്ക്കു വേണ്ടിയാണ് തങ്ങൾ അതു ചെയ്യുന്നത് എന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നുണ്ടാകാം. മുഠാളത്തരം ചെയ്യുന്ന ഒരു കുട്ടിയെ ശിക്ഷിക്കുന്നത് അന്തര്‍ജ്ഞാനപരമായി വിപരീതഫലം ഉണ്ടാക്കിയെന്നു വരാം.

ആക്രമണ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഒരു കുട്ടിയെ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് താഴെ പറയുന്ന തരത്തിൽ കഴിയും:

 • ശാന്തമായി ഇരിക്കുകയും വിധിക്കാതെ അവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്യുക
 • ഒരു മുഠാളൻ ആയി തീർന്നതിനു പിന്നിലുള്ള കാരണങ്ങൾ തിരിച്ചറിയുക 
 • അച്ചടക്കത്തിന്‍റെ ഭാഗം എന്നോണം ഉള്ള ശിക്ഷ (ശാരീരികവും വാചികവും) ഒഴിവാക്കുക
 • കുട്ടിയുടെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുകയും കുട്ടിക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുക
 • പെട്ടെന്നുണ്ടാകുന്ന ആക്രമണപരമായ  ഉൾപ്രേരണകൾ ഒരു സമൂഹ പ്രതിബദ്ധതയോടെ കൈകാര്യം ചെയ്യുവാൻ കുട്ടിയെ പഠിപ്പിക്കുക
 • സ്‌നേഹവും ശ്രദ്ധയും നേടുന്നതിനുള്ള ശുഭോദർക്കമായ വഴികൾ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കുക 

സൈബർ ആക്രമണം: സാങ്കൽപ്പിക ഇടത്തിലെ മുഠാളത്തരം

വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ജീവിതത്തിലേക്ക് സാങ്കേതികവിദ്യ കടന്നു വരുന്നതിനാൽ, അവരിൽ പലരും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ, ബ്ലോഗുകൾ, ഇൻസ്റ്റന്‍റ് മെസേജിംഗ് നടത്താവുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ സാങ്കൽപ്പിക ഇടത്തിൽ (സൈബർ സ്‌പേസ്) പലതരത്തിലുള്ള ആക്രമണങ്ങൾക്ക് വെളിപ്പെടുത്തപ്പെട്ടിട്ടുള്ളവരാണ്. 2015 ൽ ഇൻഡ്യയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ മെക്കഫീ (McAfee) ആന്‍റിവൈറസുമായി ചേർന്ന് ഇന്‍റല്‍ സെക്യൂരിറ്റി ഡിജിറ്റൽ സേഫ്റ്റി പ്രോഗ്രാം ഒരു വാർഷിക സർവ്വേ നടത്തിയിരുന്നു. ഇൻഡ്യൻ കുട്ടികളിൽ 46 ശതമാനം പേർ സോഷ്യൽ മീഡിയയിലൂടെ താഴെ പറയുന്ന രീതിയിൽ മുഠാളത്തരത്തിനു വിധേയരാക്കപ്പെട്ടിരുന്നു.

 • ഒരു ഗ്രൂപ്പ് ചാറ്റിലോ ചർച്ചാവേദിയിലോ ഇരകളെ പരിഹാസവിധേയരാക്കുക
 • തരംതാണ തരത്തിൽ ഉള്ള ചിത്രങ്ങള്‍, മോർഫ് ചെയ്ത ചിത്രങ്ങൾ/വിഡിയോകൾ തുടങ്ങിയവയിൽ ഇരയെ ടാഗ് ചെയ്യുക
 • ഇരയെ ഭീഷണിപ്പെടുത്തുക
 • ഇരയുടെ ബാഹ്യരൂപത്തെ പരിഹസിക്കുക

മിയക്ക അവസരങ്ങളിലും ഇരകൾക്ക് മുഠാളർ പരിചിതരാണ്, പക്ഷേ അതിക്രമിക്കുന്ന മുഠാളർ ചിലപ്പോൾ പൂർണ്ണമായും അപരിചിതര്‍ ആകാറുള്ള അവസരങ്ങളും ഉണ്ടാകാറുണ്ട് എന്ന് മനഃശാസ്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

കുടുംബത്തിനും സ്‌കൂൾ അധികൃതർക്കും കുട്ടിയെക്കൊണ്ട് റോൾ-പ്ലേ (ഒരു വ്യക്തിയോ കഥാപാത്രമോ ആയി അഭിനയിക്കുക) ചെയ്യിപ്പിക്കാവുന്നതാണ്, അപ്പോൾ ഇരയുടെ കാഴ്ച്ചപ്പാട് കുട്ടിയ്ക്കു മനസ്സിലാകുന്നതിന് അതു സഹായിക്കും. സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട മുതിർന്നവർ ആശയവിനമയം നടത്തുന്ന രീതി വളരെ വേഗം, ചുറുചുറുക്കോടെ കുട്ടികൾ  പഠിച്ചെടുക്കയും അവർ മുഠാളത്തരം സ്വായത്തമാക്കുകയും ചെയ്യുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളുടെ മുന്നിൽ ആരോഗ്യകരമായ ആശയവിനിമയ മാതൃക ആകേണ്ടത് ആവശ്യമാണ്, കോപം പോലുള്ള വികാരം അതിൽ ഉൾപ്പെട്ടിട്ടുള്ളപ്പോൾ പ്രത്യേകിച്ചും. 

അവലംബങ്ങൾ:


    


  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org