അതിലോല വ്യക്തിത്വമുള്ള ആ പെൺകുട്ടിയെ സഹായിക്കുവാൻ നിങ്ങൾക്ക് കഴിയുമോ?
ജെന്നി തന്‍റെ ഇരുപതുകളുടെ മദ്ധ്യത്തിൽ ഉള്ള, മോഡലിംഗ് തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു യുവതിയാണ്. ആശുപത്രിയുടെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ ഇടനാഴിയിലൂടെ ഒരു ഊഷ്മളമായ പുഞ്ചിരിയോടെ, ആശുപത്രി ജീവനക്കാർക്ക് ഉല്ലാസകരമായ താളത്തിൽ "സുപ്രഭാതം" ആശംസിച്ചുകൊണ്ട്, ചുറ്റുപാടു മുഴുവൻ പ്രസരിപ്പ് വിതറി അവൾ ആളുകളുടെ ശ്രദ്ധയാകർഷിച്ച് നടക്കും.
പുറമേയ്ക്കുള്ള ആ ഉത്സാഹവും ചങ്ങാത്തവും അവളുടെ ഉള്ളിലെ ആശയക്കുഴപ്പമുള്ള, മുറിവേറ്റ കൊച്ചു പെൺകുട്ടിയെ സംരക്ഷിക്കുന്നതിനുള്ള ഒരു കവചമത്രേ. അവളുടെ ബാല്യകാലം അങ്ങേയറ്റം ക്ലേശകരമായിരുന്നു, കുടുംബാംഗങ്ങൾ അടക്കമുള്ള ആളുകൾ പറയാന്‍ ആവാത്തത്ര ഉഗ്രഭീതികൾ അവളുടെ മേൽ കൂമ്പാരം കൂട്ടുകയും ചെയ്തിരുന്നു. വ്യക്തമായ ബുദ്ധിശക്തി ഉണ്ടായിരുന്നിട്ടും സ്‌കൂൾ അവൾക്ക് ഒരു ദുഃസ്വപ്‌നമായിരുന്നു. തനിക്ക് ഡിസ്‌ലെക്‌സിയ (വായിക്കാനും എഴുതാനുമുള്ള പ്രയാസം) ഉണ്ട്, അതല്ലാതെ തനിക്ക് മന്ദബുദ്ധിയൊന്നുമില്ല എന്ന് 15-ാമത്തെ വയസ്സിൽ അവൾ സ്വയം തിരിച്ചറിഞ്ഞു, മറ്റുള്ളവരാരും തന്നെ കുറിച്ച് ഗൗനിക്കുന്നില്ല എന്ന തോന്നൽ മൂലം പഠന വൈകല്യങ്ങൾക്കുള്ള രോഗനിര്‍ണ്ണയ പരീക്ഷകൾക്കു അവൾ സ്വയം വിധേയയായി.
അവളുടെ കൗമാരത്തിന്‍റെ തുടക്കകാലം മുതലേ തന്നെ അവൾക്ക് ആൺസുഹൃത്തുക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു, വളരെയധികം പ്രതീക്ഷയും പ്രത്യാശയും ശുഭാപ്തിവിശ്വാസവും അർപ്പിച്ച് ആരംഭിച്ച ഓരോ ബന്ധവും പക്ഷേ തകരുകയായിരുന്നു, അവഹേളിക്കുന്ന ഓരോ ചങ്ങാതിക്കും പകരം, മറ്റൊരു തുല്യ അവഹേളകനായ ചങ്ങാതി സ്ഥാനം പിടിച്ചു. തന്നെ 'യഥാർത്ഥത്തിൽ സ്‌നേഹിക്കുന്ന ഒരു സവിശേഷ വ്യക്തി ' വേണം എന്ന് അവൾ ആഗ്രഹിച്ചു, തന്നെ മുഴുവനായി തന്നെ അവൾ ഓരോ ബന്ധത്തിലും അർപ്പിച്ചു, അവളുടെ രീതി അതായിരുന്നു.
ഒന്നുകിൽ അങ്ങേയറ്റം (വെളുപ്പ്) അല്ലെങ്കിൽ ഇങ്ങേയറ്റം (കറുപ്പ്) എന്ന മട്ടിൽ തീവ്രമായിട്ട് ആളുകളെ കണക്കാക്കി വന്നിരുന്ന ഒരു രീതി അവള്‍ അവലംബിച്ചു വന്നിരുന്നു, 'ദോഷമറ്റ വിധം പരിപൂർണ്ണം' എന്ന് അവൾ സ്വയം പ്രതിഷ്ഠിച്ചിരുന്ന ആൺകുട്ടികളുമായി അവൾ ചുറ്റിയടിച്ചു നടന്നു, ആശ്രയിക്കാൻ പറ്റാത്തവർ എന്ന് ദുഷ്‌പേരുള്ള, വശ്യശക്തിയുള്ള ആൺകുട്ടികളെ തനിക്കൊപ്പം പുറത്തു പോകുവാനായി അവൾ പലപ്പോഴും തെരഞ്ഞെടുത്തു. തന്‍റെ ആണ്‍ചങ്ങാതി തന്‍റേതു മാത്രമായിരിക്കണം എന്ന ഒട്ടിപ്പിടിക്കുന്ന മട്ടിലുള്ള നിർബന്ധബുദ്ധി അവള്‍ പ്രദര്‍ശിച്ചപ്പോൾ, വെളുപ്പ് നിശ്ചയമായും മോഹവിമുക്തി നൽകിയ കറുപ്പ് ആയി പരിണമിച്ചു. അപ്പോഴേയ്ക്കും ആൺചങ്ങാതി അവളെ ഒഴിവാക്കി തുടങ്ങിയിരിക്കും, അവളുടെ ഫോൺവിളികൾക്കും ടെക്‌സ്റ്റ് സന്ദേശങ്ങൾക്കും പ്രതികരിക്കാതെയുമാകും. ഇത് അവളെ കണ്ണുനീരിൽ കുതിര്‍ത്ത രോഷപ്രകടനങ്ങളിലേക്കു നയിച്ചു, തന്‍റെ സെൽ ഫോണ്‍, കാപ്പിക്കപ്പുകൾ, പുസ്തകങ്ങൾ അങ്ങനെ തനിക്ക് കൈ എത്തിപ്പിടിക്കാൻ കഴിയുന്ന എന്തു തരം സാധനങ്ങളും നിലത്തെറിഞ്ഞു തവിടു പൊടിയാക്കി. പിന്നെ അവൻ മറ്റാരെയെങ്കിലും കണ്ടു തുടങ്ങിയോ എന്നു തിരക്കിക്കൊണ്ട് അവൾ അവന് എണ്ണമറ്റ വാക്യ സന്ദേശങ്ങൾ അയയ്ക്കും. ഓരോ ബന്ധത്തിലും ഇത് പല വട്ടം ആവർത്തിക്കപ്പെട്ടു. രണ്ടു ദിവസങ്ങൾ കഴിയുമ്പോൾ അവർ ഭിന്നത പറഞ്ഞൊതുക്കി അതു പരിഹരിക്കുകയും ചെയ്യും.
ഉപേക്ഷിക്കപ്പെട്ട് ഒറ്റയക്ക് ആയിപ്പോകുന്നത് ആയിരുന്നു അവളുടെ ഏറ്റവും വലിയ ഭയം, അതിനാൽ അവൾ ഒരു ബന്ധവും അവസാനിപ്പിക്കുന്നതിനെ കുറിച്ച് പരിഗണിക്കുകയേയില്ല. തൽഫലമായി ഓരോ ബന്ധവും ഒരു സവിശേഷ, വൃത്തികെട്ട അറ്റകൈ പ്രയോഗത്തിനു ശേഷം അവളെ പൂർണ്ണമായും മനഃക്ലേശത്തിലും വൈകാരിക വ്രണപ്പെടുത്തലിലും ആഴ്ത്തിക്കൊണ്ട്, ആൺകുട്ടി അവളെ മറികടന്നു പോകുന്നതിൽ അവസാനിച്ചു.
ഓരോ വേർപിരിയലിനും ശേഷം "വേദന മരവിപ്പിക്കുന്നതിന്" ആയി തന്‍റെ ചങ്ങാതിമാർ ലഭ്യമാക്കിയ തെരുവു മയക്കുമരുന്നുകളില്‍ ഓരോന്നും അവൾ പരീക്ഷിച്ചു നോക്കി. മരിക്കുവാനുള്ള ഉദ്ദേശത്തോടെ അവൾ അവളുടെ അമ്മയുടെ മരുന്നുകുറിപ്പിലുള്ള മരുന്നുകൾ കൂടുതൽ അളവിൽ കഴിച്ചു, അവളെ വയറു കഴുകുന്നതിനായി രണ്ടുവട്ടം തിരക്കു പിടിച്ച് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ട്.
ഒരു ദിവസം ഒരു ആത്മപരിശോധനാപരമായ മാനസികാവസ്ഥയിൽ ഇരിക്കവേ, കൂട്ടുകാർക്ക് ഒപ്പം മദ്യവും കഞ്ചാവും അടക്കം ഉള്ള വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രമേ തനിക്കു സന്തോഷിക്കുവാൻ കഴിയൂ എന്ന് അവൾ പറഞ്ഞു. ഒറ്റയ്ക്ക് ആകുക എന്നത് അവൾക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല. രാത്രിയിൽ തന്‍റെ മുറിയിൽ ഒറ്റയ്ക്കാകുന്ന അവസരങ്ങളിൽ താൻ എന്നൊരാൾ നിലനിൽക്കുന്നു പോലുമില്ല എന്ന് അവൾക്ക് തോന്നുമായിരുന്നു; മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മാത്രമേ താൻ എന്ന വ്യക്തിത്വത്തെ കുറിച്ച് അവൾക്ക് ഒരു അനുഭവബോദ്ധ്യം വന്നിരുന്നുള്ളു. അവൾക്ക് സ്വന്തമായി ഒരു സ്ഥിരമായ വ്യക്തിത്വം ഉണ്ടായിരുന്നില്ല, താൻ ആരാണ് എന്നതു സംബന്ധിച്ച് ഒരു അവബോധം പോലും ഉണ്ടായിരുന്നതുമില്ല.
അധികം സമയവും "എന്‍റെ ആത്മാവിലെ ശൂന്യത"' എന്ന് അവൾ വിശേഷിപ്പിച്ചിരുന്ന വികാരശൂന്യത അവൾക്ക് അനുഭവപ്പെട്ടിരുന്നു. എന്തെങ്കിലും ഒന്ന് തോന്നുന്നതിനായി - വേദന പോലും ശൂന്യതയേക്കാൾ സ്വീകാര്യം ആയിരുന്നു - ക്ഷൗരം ചെയ്യുന്ന ബ്ലേഡുകൊണ്ട് തന്‍റെ കൈത്തണ്ട മുഴുവൻ മുറിവുകൾ ഉണ്ടാക്കിയതിനെ കുറിച്ച് കവിൾത്തടങ്ങളിൽ കൂടി കണ്ണുനീർ ഒലിപ്പിച്ചുകൊണ്ട് അവൾ ഓർമ്മിച്ചെടുത്തു. എന്നിട്ടും ശൂന്യത തോന്നിയപ്പോൾ അവൾ തകർന്നു, രാത്രി മുഴുവൻ കരഞ്ഞു. ആ ഇരുണ്ട മണിക്കൂറുകളിൽ എപ്പോഴോ അവൾ വേദനയെ കുറിച്ചും തന്‍റെ ഉള്ളിന്‍റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ശോകത്തെ കുറിച്ചും ബോധവതിയായി. നേരം വെളുത്തപ്പോഴേയ്ക്കും, തനിക്ക് 'വിഷാദം ' ആണ് എന്ന് അവൾ ഏറെക്കുറെ അനുമാനിച്ചു കഴിഞ്ഞിരുന്നു, ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്നുകൾ നിർദ്ദേശിപ്പിച്ചു വാങ്ങുന്നതിന് തീരുമാനം എടുക്കുകയും ചെയ്തു.
ആദ്യത്തെ മുഖാമുഖത്തിൽ തന്നെ അവളുടെ വിഷാദ മനോഭാവം വ്യക്തമായിരുന്നു. വിഷാദം പ്രതിരോധിക്കുന്നതിനുള്ള ഒരു കൂട്ടം മരുന്നുകൾ ആരംഭിച്ചു. അതിനിടയ്ക്ക്, 'വിഷാദാത്മക സംഭവശകലം' അവളുടെ പ്രശ്‌നം മുഴുവൻ ഉൾക്കൊണ്ടിരുന്നില്ല എന്നതും അതേപോലെ വ്യക്തമായിരുന്നു. മരുന്നുകൾ ഫലപ്രദമായി തുടങ്ങുന്നതു വരെ ആഴ്ച്ചയിൽ ഒരിക്കൽ വച്ച് ഞാൻ അവളെ കണ്ടിരുന്നു, അതിനുശേഷം സൈക്കോതെറപ്പിക്കായി ഞാൻ അവളെ ഒരു ക്ലിനിക്കില്‍ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അപ്പോഴും മരുന്നുകളുടെ ഫലങ്ങൾ നിർണ്ണയിക്കുന്നതിനായി മാസത്തിലൊരിക്കൽ അവളെ കാണുന്നത് ഞാൻ തുടർന്നു വരികയും ചെയ്തിരുന്നു.
ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും വളരെ ഉയരത്തിലാണ് ഈ തരം വ്യക്തിത്വങ്ങളുടെ വ്യാപ്തി. സാധാരണയായി അത് ആൺകുട്ടികളേക്കാൾ അധികം കണ്ടുവരുന്നത് പെൺകുട്ടികളിലാണ്. നാടക രാജ്ഞികൾ - ചിലപ്പോൾ അതിലും അപ്പുറം- എന്ന് മറ്റു പെൺകുട്ടികൾ ചുട്ടി കുത്തുന്ന പെൺകുട്ടികളിൽ പലർക്കും, ഇതേ പോലെയുള്ള അതിലോല വ്യക്തിത്വങ്ങൾ ഉള്ള ആളുകളിൽ നിശ്ചയമായും ഉണ്ടായിരിക്കുന്ന മാനസിക രോഗാവസ്ഥകളുടെ ചികിത്സയ്ക്ക് ഒപ്പം ആശയക്കുഴപ്പമുണ്ടാക്കുന്നതും ഭീതിദവുമായ തങ്ങളുടെ ഉൾജീവിതങ്ങൾ ഇഴ പിരിച്ചെടുക്കുന്നതിന് സഹായിക്കുന്നതിനായി മിയക്കവാറും അനുഭവജ്ഞാനുമുള്ള സൈക്കോളജിസ്റ്റുകൾ കൂടി വേണ്ടി വന്നേയ്ക്കും.
കൗമാരത്തിലെ മാറ്റങ്ങൾ ആരംഭഘട്ടത്തിലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് മുഖംമൂടി ഇട്ടെന്നു വരാം എന്ന യാഥാർത്ഥ്യം ഡോ.ശ്യാമള വാത്സ ഉയർത്തി പിടിക്കുന്നു. മാനസിക തകരാറുകളുടെ ആദ്യലക്ഷണങ്ങൾ, സാധാരണ കൗമാര പെരുമാറ്റം എന്ന പോലെ എങ്ങനെ കണക്കാക്കപ്പെടുന്നു എന്ന് ഈ ലേഖന പരമ്പര വെളിവാക്കി തരുന്നു. അനാവശ്യമായി ദുരിതം സഹിക്കേണ്ടി വന്ന ചെറുപ്പക്കാരായ ആളുകളുടെ കഥകൾ വെളിവാക്കുന്നതു പോലെ, ഒരു പെരുമാറ്റം പതിവു പരിധികൾ ലംഘിക്കുമ്പോൾ, കൂട്ടുകാരും കുടുംബവും അതു തിരിച്ചറിയുകയും കാര്യങ്ങൾ നിയന്ത്രണാതീതമായ തലത്തിലേക്ക് നീങ്ങുന്നതിനു മുമ്പ് സഹായം തേടേണ്ടതുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമത്രേ.
ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, ഇരുപതിൽ പരം വർഷങ്ങളായി മനോരോഗ ചികിത്സാ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന, ഒരു സൈക്യാട്രിസ്റ്റ് ആണ് ഡോ. ശ്യാമള വാത്സ. എന്തെങ്കിലും അഭിപ്രായങ്ങളോ സംശയങ്ങളോ പങ്കുവയ്ക്കണം എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽ columns@whiteswanfoundation.org എന്ന മെയിൽ അഡ്രസ്സിലേക്ക് എഴുതുമല്ലോ.