കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യ തടയാനാകും

ജീവിത വിജയം നേടുന്നതിനുള്ള പരിശീലനങ്ങളിലൂടെ കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യ തടയാനാകും
ഡോ. വൃന്ദ എം എന്‍
 
കൗമാരക്കാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും നമ്മള്‍ പത്രങ്ങളില്‍ വായിക്കുകയും ടെലിവിഷനില്‍ കേള്‍ക്കുകയും ചെയ്യുന്നു. സൈക്യാട്രിസ്റ്റുകള്‍ എന്ന നിലയ്ക്ക് ഇതുപോലുള്ള പല കഥകള്‍ ഞങ്ങളും കേള്‍ക്കുന്നുണ്ട്, അതില്‍ ചിലത് താഴെ പറയുന്നു: 
 
പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മഹേഷ് (16 വയസ്) ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലായിരുന്നു. പക്ഷെ പിന്നീട് അവള്‍ അവനെ തഴയുകയും മറ്റൊരാളുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇതുണ്ടാക്കിയ വൈകാരികമായ സംഘര്‍ഷത്തിനൊടുവില്‍ തന്‍റെ മാതാപിതാക്കള്‍ക്ക് ഒരു കുറിപ്പെഴുതി വെച്ചിട്ട് മഹേഷ് ആത്മഹത്യ ചെയ്തു.
 
മറ്റൊന്ന് 15 വയസുള്ള ജാഹ്നവിയുടെ കഥയാണ്. അവളുടെ കൂട്ടുകാരി നിഷ അവളോട് പത്താംക്ലാസിലെ ഫൈനല്‍ പരീക്ഷയുടെ റിസള്‍ട്ട് നോക്കാന്‍ ആവശപ്പെട്ടു. ജാഹ്നവി മൊബൈല്‍ഫോണില്‍ പരീക്ഷാഫലം പരിശോധിച്ചു. പരീക്ഷാഫലം കണ്ട് അവള്‍ ആകെ അസ്വസ്ഥയായി, കാരണം ഒരു വിഷയത്തിന്- ഇംഗ്ലീഷിന്- അവള്‍ തോറ്റുപോയിരുന്നു. തന്‍റെ മാതാപിതാക്കളോട് ഒന്നും പറയാതെ, സ്ക്കൂളില്‍ പോയി റിസള്‍ട്ട് നോക്കി ഒന്ന് ഉറപ്പുവരുത്താന്‍ പോലും കാത്തുനില്‍ക്കാതെ അവള്‍ ആത്മഹത്യ ചെയ്തു.
 
18 വയസുണ്ടായിരുന്ന പ്രജ്ഞയുടെ കഥ കുടുംബ കലഹവുമായി ബന്ധപ്പെട്ടതാണ്. അവളുടെ മാതാപിതാക്കാള്‍ പലപ്പോഴും വഴക്കടിക്കുമായിരുന്നു, അവളുടെ അച്ഛന്‍ കുടിച്ചിട്ട് വരുകയും അമ്മയെ തല്ലുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളുടെ ഈ ദാമ്പത്യ കലഹം അവളുടെ വൈകാരികമായ സ്വസ്ഥതയെ ബാധിച്ചു. അവള്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് തന്‍റെ ശ്രദ്ധയെ വഴിതിരിച്ചുവിടാന്‍ സഹായകരമായ എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനോ പഠിത്തത്തില്‍ ശ്രദ്ധവെയ്ക്കാനോ കഴിയാതായി. ഒടുവില്‍, ആരെങ്കിലുമായി ഈ പ്രശ്നം പങ്കുവെയ്ക്കുകയോ ആരുടെയെങ്കിലും സഹായം തേടുകയോ ചെയ്യുന്നതിന് പകരം പ്രജ്ഞ ആത്മഹത്യ ചെയ്തു.
 
കൗമാരക്കാരും അവരുടെ വൈകാരികാവസ്ഥയും
 
പ്രായപൂര്‍ത്തിയെത്തിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ കൗമാരക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലരും തീവ്രമായ വികാരങ്ങളുള്ളവരും (ചിലപ്പോഴൊക്കെ യുക്തിക്ക് നിരക്കാത്തതായിരിക്കാമെങ്കിലും) ഒരോ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനും പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനും പ്രത്യേകമായ രീതികളുള്ളവരുമാണ്.  ഇക്കാരണം കൊണ്ടുതന്നെ ഒരു പരാജയത്തിന്‍റെ, നിരാശയുടെ, മാനസികപിരിമുറുക്കത്തിന്‍റെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുടെ രൂപത്തില്‍ ദൗര്‍ഭാഗ്യം അല്ലെങ്കില്‍ പ്രതികൂലമായ സാഹചര്യം വന്നു വീഴുമ്പോള്‍ അവര്‍ക്ക് ആ സാഹചര്യത്തെ നേരിടാനോ കൈകാര്യം ചെയ്യാനോ കഴിയാതെപോകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ആരുടെയെങ്കിലും സഹായം തേടുന്നതിന് പകരം അവര്‍ ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപെടുന്നതിനായി മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ തുടങ്ങിയ വിനാശകരമായ പ്രവര്‍ത്തികളില്‍ അഭയം കണ്ടെത്തുന്നു. 
 
കൗമാരക്കാര്‍ തങ്ങളുടെ പ്രവര്‍ത്തിയുടെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ആത്മഹത്യയിലേക്ക് എടുത്തുചാടുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്ത് ആരുടെയങ്കിലും സഹായം തേടുക എന്നത് ദൗര്‍ബല്യത്തിന്‍റെ സൂചനയാണ് എന്നൊരു ധാരണയും അവര്‍ പൊതുവില്‍ വെച്ചു പുലര്‍ത്തുന്നു. എന്നാല്‍ അങ്ങനെയല്ല, പ്രശ്നങ്ങളെ മറികടക്കാന്‍ പ്രയാസം അനുഭവപ്പെടുന്ന സമയങ്ങളില്‍ കുടുംബാംഗങ്ങളില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ തക്കസമയത്ത് സഹായമോ ഉപദേശമോ തേടുന്നതും മതിയായ വൈകാരിക പിന്തുണ ലഭിക്കുന്നതും പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കും എന്ന കാര്യം കൗമാരക്കാര്‍ തിരിച്ചറിയണം. 
 
വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും
 
ലോകത്താകമാനം ഇന്ന് ആത്മഹത്യ കൗമാരക്കാരുടെ മരണത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നായിട്ടുണ്ട്. പഠനങ്ങളും തെളിവുകളും പറയുന്നത് കൗമാരക്കാരുടെ ആത്മഹത്യ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗുരുതരമായ തരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്.അതുപോലെ തന്നെ ഈ ആത്മഹത്യകള്‍ മിക്കവാറും തന്നെ വ്യക്തി, കുടുംബം, സ്കൂള്‍, മാനസികം എന്നിങ്ങനെ വിവിധ  ഘടകങ്ങള്‍ മൂലം സംഭവിക്കുന്നതാണെന്നും നിരീക്ഷിക്കപ്പെടുന്നു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 71,000 കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
നാണഷല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (ചഇഞആ) യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്ന 100 പേരില്‍ ഏതാണ്ട് 34 പേരും 15 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. 15 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യ 2001 ല്‍ 38,910 ആയിരുന്നത് 2012 ആയപ്പോഴേക്കും 46,635 ആയി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു, അതായത് 19.9 ശതമാനം വര്‍ദ്ധന.
 
ജീവിത വിജയത്തിനുള്ള പരിശീലനം
 
കൗമാരക്കാരുടെ ഭൂരിപക്ഷം ആത്മഹത്യകളും തടയാവുന്നവയാണ്. ജീവിത വിജയം നേടുന്നതിനുള്ള നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വലിയ തോതില്‍ അവരെ അവരുടെ വികാരങ്ങള്‍ നിയന്ത്രിക്കാനും മോഹഭംഗങ്ങളെയും ജീവിത സാഹചര്യങ്ങളെയും യുക്തിപൂര്‍വം കൈകാര്യം ചെയ്യാനും പ്രാപ്തരാക്കാനാകും. ജീവിത വിജയം നേടുന്നതിനുള്ള മികവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനത്തില്‍ സമയപരിപാലനം, ഫലപ്രദമായ ആശയവിനിമയം, വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, പ്രയാസങ്ങളെ വിജയകരമായി നേരിടല്‍, മാനസികപിരിമുറുക്കം നിയന്ത്രിക്കല്‍, പ്രശ്നങ്ങള്‍ പരിഹരിക്കല്‍, തീരുമാനമെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗമാരക്കാരെ സജ്ജരാക്കുകയാണ് ചെയ്യുന്നത്. ഈ പരിശീലനം തീര്‍ച്ചയായും ആത്മഹത്യയെ ചെറുക്കാനും മനോവീര്യം വീണ്ടെടുക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും സഹായകരമാകുകയും കൗമാരക്കാരുടെ മാനസികാരോഗ്യവും മാനസികസൗഖ്യവും മെച്ചപ്പെടുത്തുകയും ചെയ്യും. 
 
ഡോ. വൃന്ദ എം എന്‍, നിംഹാന്‍സിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org