കൗമാരത്തിൽ പ്രത്യേക (ജീവിതമൂല്യങ്ങൾക്കുള്ള) കഴിവുകൾക്കുള്ള പ്രാധാന്യം

കൗമാരത്തിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാനും സാമൂഹികമായ ഒരുപാട് കഴിവുകളും അവബോധവും ആവശ്യമുണ്ട്. 
Published on
ഡോ. ഗരിമ ശ്രീവാസ്തവ
ബാല്യകാലം പിന്നിട്ട് കൗമാരത്തിലേക്കുള്ള കുട്ടികളുടെ വളർച്ചാഘട്ടം വളരെ നിർണ്ണായകമാണ്. വളർച്ചയുടെ ഘട്ടത്തിലെ നിർണ്ണായകമായ പല വികാസങ്ങളും ഉണ്ടാകുന്നത് കൗമാരത്തിലാണ്. മാനസികമായ വളർച്ചയും വേഗത്തിലുള്ള ശാരീരിക പരിണാമങ്ങളും വികാസങ്ങളും സംഭവിക്കുന്നതും സ്വഭാവരൂപീകരണം ഉണ്ടാകുന്നതും ഈ പ്രായത്തിലാണ്. തങ്ങളുടെ ബന്ധങ്ങളുടെ ലോകം മാതാപിതാക്കളിൽനിന്നും കുടുംബത്തിൽ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കാൻ കുട്ടികൾ ശ്രമിക്കുന്ന പ്രായം കൂടിയാണ് കൗമാരം. കുട്ടികൾ തങ്ങളുടെ ചങ്ങാതിമാരുടെ സ്വധീനവലയത്തിൽപ്പെടാൻ തുടങ്ങുന്നതും പുറംലോകവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതും ഈ പ്രായത്തിലാണ്. 
കൃത്യമായ അവബോധം ഉണ്ടാകുന്നതും പക്വത നേടാൻ തുടങ്ങുന്നതും കൗമാരത്തിലാണ്; അവരുടെ മാനസികനില കുറച്ചുകൂടി അപഗ്രഥനസ്വഭാവം കൈവരിക്കുന്നു. അവരുടെ ആലോചനകൾ അമൂർത്തസ്വഭാവം കൈവരിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും ശ്രമിക്കുന്നതും ഈ പ്രായത്തിലാണ്. ഇത് അങ്ങേയറ്റം സർഗാത്മകമായ കാലമാണ്. ആദർശവാദം രൂപപ്പെടുന്നു, ഉല്ലാസവും സാഹസികതയും കൂടിച്ചേരുന്നു. പുതിയ കാര്യങ്ങൾ അറിയാനും അന്വേഷിക്കാനും തുടങ്ങുന്നു, സാഹസികകൃത്യങ്ങളിൽ ഏർപ്പെടാനും തുടങ്ങുന്നു. പക്ഷെ, ചങ്ങാതിമാരുടെ സ്വാധീന വലയത്തിൽ കുടുങ്ങുന്ന കുട്ടികൾ തെറ്റായ തീരുമാനങ്ങൾ എടുക്കാനും ആരോടും പറയാതെ പരിണിതഫലമുണ്ടാക്കുന്ന പല തീരുമാനങ്ങളുമെടുക്കാനും തുടങ്ങുന്നു. പ്രത്യേകിച്ചും ലൈംഗികതയുമായി ബന്ധപ്പെട്ടും ശാരീരികവുമായുള്ള തീരുമാനങ്ങളാണ് ഈ പ്രായത്തിലുള്ള കുട്ടികൾ എടുക്കാൻ സാധ്യത. കഴിവും സാമർത്ഥ്യവും വർദ്ധിക്കുന്ന ഈ പ്രായം ജീവിതത്തിലെ തന്നെ നിർണ്ണായക സമയമാണ്. പ്രലോഭനങ്ങൾക്ക് പെട്ടെന്ന് വശംവദരാകാൻ സാധ്യതയുള്ള പ്രായമായതിനാൽ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. 
സ്വന്തം ആത്മാവബോധം, വൈകാരികത കൈകാര്യം ചെയ്യുക, ബന്ധങ്ങൾ കെട്ടിപ്പടുക്കുക, സാമൂഹിക ബന്ധം, ചങ്ങാതിമാരുടെ സമ്മർദ്ദം കൈകാര്യം ചെയ്യുക, അല്ലെങ്കിൽ അവരെ എതിർക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളിൽ കൗമാരക്കാർ തങ്ങളുടെതായ രീതിയിൽ പ്രതികരിച്ച് തുടങ്ങുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ ഉള്ളവർക്ക് ചിലരിലെങ്കിലും പലതരം പ്രശ്‌നങ്ങൾ ഉടലെടുക്കാം. തെറ്റുകൾ ചെയ്യാനും കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ തീരുമാനമെടുക്കാനും സാധ്യത ഉള്ളതിനാൽ ഈ പ്രായത്തിലുള്ളവരെ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. കൂട്ടുകാർക്ക് വഴങ്ങാനുള്ള പ്രവണത കൂടുതലായതിനാൽ തന്നെ പെട്ടെന്നാവും ഈ പ്രായത്തിലുള്ളവർ തെറ്റുകൾ ചെയ്യുക. ചിലർ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കൈകാര്യം ചെയ്യാനുള്ള വിവേചനബുദ്ധി കാണിക്കുമ്പോൾ മറ്റ് ചിലർ അത് കൈകാര്യം ചെയ്യാനാവാതെ  ബുദ്ധിമുട്ടുന്നു. ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ കൗമാരക്കാർക്ക് സാധിക്കുന്നതിന് അവരുടെ വ്യക്തിത്വം, ചുറ്റുപാടുകളിൽനിന്നുള്ള മാനസിക പിന്തുണ (മാതാപിതാക്കളുടെയും അധ്യാപകരുടെയും ചങ്ങാതിമാരുടെയും), ജീവിതത്തിൽ നേടിയെടുത്ത അറിവുകൾ എന്നീ ഘടകങ്ങൾ സഹായിക്കും. 
ജീവിതത്തിൽ നേടിയെടുത്ത പല അറിവുകളും കൗമാരക്കാരെ കൂടുതൽ ഉത്തരവാദിത്വമുള്ളവരും നിയന്ത്രണമുള്ളവരും മുൻകൈ എടുക്കാൻ പ്രാപ്തിയുള്ളവരുമാക്കുന്നു. ദിനംപ്രതിയുണ്ടാകുന്ന സംഘർഷങ്ങൾ, സങ്കീർണ്ണമായ ബന്ധങ്ങൾ, കൂട്ടുകാരുടെ (സമപ്രായക്കാരുടെ) സമ്മർദ്ദം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വൈകാരികമായി ഇടപെട്ടും അവയെ കൈകാര്യം ചെയ്തുമാണ് കൗമാരക്കാർ വളർന്ന് വരുന്നത്. ഇവർ സാമൂഹിക വിരുദ്ധരും അങ്ങേയറ്റം അപകടം പിടിച്ച സ്വഭാവവിശേഷമുള്ളവരുമാകാൻ സാധ്യത കുറവാണ്. 
ദൈംനംദിന ജീവിതത്തിലെ വെല്ലുവിളികളും ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റാനും നല്ല രീതിയിൽ പെരുമാറാനും മികച്ച കഴിവുകൾ രൂപീകരിക്കാനും സഹായിക്കുന്ന ഒന്നാണ് ജീവിതത്തിലെ കഴിവുകൾ എന്ന് ലോകാരോഗ്യസംഘടന വിശദീകരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും പെരുമാറാനുമുള്ള ഒരാളുടെ കഴിവിനെയാണ് പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഷമം പിടിച്ച സന്ദർഭങ്ങളിലും നല്ല രീതിയിൽ പെരുമാറാനും പ്രതീക്ഷ കൈവിടാതെ പരിഹാരം കണ്ടെത്താനുമുള്ള കഴിവിനെയാണ് നല്ല പെരുമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. 
കൃത്യമായ തീരുമാനം എടുക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സർഗാത്മകമായും യുക്തിപൂർവ്വവും ചിന്തിക്കുന്നതിനും, ശരിയായ രീതിയിൽ പ്രതികരിക്കുന്നതിനും, ആരോഗ്യപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മറ്റുള്ളവരോട് സഹതാപം കാണിക്കുന്നതിനും മികച്ച രീതിയിൽ ജീവിക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ് ജീവിതത്തിലെ കഴിവുകൾ. ഇത് മാനസികവും സാമൂഹികവുമായ കാര്യക്ഷമതയും വ്യക്തികൾക്കിടയിലുള്ള നല്ല ബന്ധങ്ങളും കഴിവുകളും ചേർന്നാണ് ഉണ്ടാകുന്നത്. 
ചിന്തിക്കാനുള്ള കഴിവുകൾ സാമൂഹികമായ കഴിവുകൾ 
രണ്ട് തരത്തിലുള്ള കഴിവുകളാണ് ഉള്ളത്, ഒന്നാമത്തേത് കൃത്യമായി ചിന്തിച്ചും ആലോചിച്ചും തീരുമാനം എടുക്കാനുള്ള കഴിവാണ്- ഇത് ചിന്തിക്കാനുള്ള കഴിവ് എന്നറിയപ്പെടുന്നു. രണ്ടാമത്തേത്, സാമൂഹികമായി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും മറ്റുള്ളവരുമായി ഇടപെടാനും ബന്ധപ്പെട്ട് നിൽക്കാനുമുള്ള കഴിവാണ്- ഇത് സാമൂഹികമായ കഴിവുകളെന്ന് അറിയപ്പെടുന്നു. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരു വ്യക്തിയുടെ അവബോധമാണ് അയാളുടെ തിങ്കിങ്ങ് സ്‌കില്ലിൽ പെടുന്നത്. ഒരാള്‍ക്ക് ചുറ്റുമുള്ളവരുമായി ഇടപഴകിയും മറ്റും ഉണ്ടാകുന്ന ഒന്നാണ് സാമൂഹികമായ കഴിവ്, ഇത് വ്യക്തികൾക്കിടയിൽ രൂപംകൊള്ളുന്ന ഒന്നാണ്. ഒരു വ്യക്തിയുടെ വളർച്ചയ്ക്കും അയാളുടെ നല്ല പെരുമാറ്റത്തിന്റെ രൂപീകരണത്തിനും സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടാനും ഈ രണ്ട് കഴിവുകളും ആവശ്യമുണ്ട്. 
വൈകാരികമായ കഴിവുകൾ എന്ന സംജ്ഞകൊണ്ട് അർത്ഥമാക്കുന്നത് യുക്തിപൂർവ്വമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് എന്നത് മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് തന്റെ അഭിപ്രായങ്ങൾ കൃത്യമായി അംഗീകരിപ്പിക്കാനുള്ള ശേഷി എന്ന് കൂടിയാണ്. കൂട്ടുകാരും വീട്ടുകാരും ഉണ്ടാക്കുന്ന സമ്മർദ്ദങ്ങളെ നേരിടാനും എതിർക്കാനും സ്വന്തം വൈകാരികാവസ്ഥകളെയും ആന്തരികമായുള്ള സംഘർഷങ്ങളെയും കൈകാര്യം ചെയ്യാനുമുള്ള കഴിവ് കൗമാരത്തിൽ ഉണ്ടാകണം. ഇത് പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. യുവതിയുവാക്കളുടെ ആരോഗ്യപരമായ വളർച്ചയ്ക്ക് ആലോചിക്കാനും സാമൂഹികമായി ഇണങ്ങാനുമുള്ള കഴിവുകൾ അത്യാവശ്യമാണ്. 
ജീവിതത്തിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട പത്ത് കഴിവുകളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ: 
ആത്മാവബോധം: അവനവനെ തന്നെ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. തങ്ങളുടെ കഴിവ്, സ്വഭാവം, കഴിവുകേട്, ആഗ്രഹം, ഇഷ്ടക്കുറവുകൾ എന്നിവ മനസിലാക്കുക. സമ്മർദ്ദത്തിൽ പെടുമ്പോഴും മനഃക്ലേശം ഉണ്ടാകുമ്പോഴും അതിനെ തരണം ചെയ്യാൻ കൗമാരക്കാരെ ഈ ആത്മാവബോധം സഹായിക്കും. വ്യക്തികൾ തമ്മിലുള്ള ഇടപഴകലിൽ നിന്നാണ് ആത്മാവബോധം ഉണ്ടാകുന്നത്, ഇത് മറ്റുള്ളവരോടുള്ള സഹാനുഭൂതിയിൽ നിന്ന് കൂടിയാണ് ഉണ്ടാകുന്നത്. 
സഹാനുഭൂതി: മറ്റുള്ളവരുടെ വിഷമങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും മനസിലാക്കാനും അവരെ പരിഗണിക്കാനും പറ്റുക എന്നത് ഒരാളുടെ വളർച്ചാഘട്ടത്തിൽ അവശ്യം ഉണ്ടാവേണ്ട സ്വഭാവ സവിശേഷതയാണ്. അത് ഏറ്റവും പ്രിയപ്പെട്ടവരുമായും സമൂഹത്തിലെ പലരുമായും ഇടപഴകിയാണ് ഉണ്ടാകുന്നത്. മറ്റൊരാളുടെ അടിസ്ഥാന വികാരവും ജീവിതവും എന്താണെന്ന് തിരിച്ചറിയുക എന്നതാണ് സഹാനുഭൂതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. സഹാനുഭൂതി ഇല്ലെങ്കിൽ ഒരിക്കലും രണ്ടുപേർക്കിടയിൽ ആരോഗ്യപരമായ സംഭാഷണവും ബന്ധവും സാധ്യമാകില്ല. സ്വയം തിരിച്ചറിയുന്ന ഒരാൾക്ക് മറ്റൊരാളുമായി എളുപ്പം സംസാരിക്കാനും മറ്റുള്ളവരുടെ പിന്തുണ ആർജിക്കാനും മറ്റുള്ളവരെ മനസിലാക്കാനും തിരിച്ചറിയാനും കഴിയും. സഹാനുഭൂതി തങ്ങളെക്കാൾ വ്യത്യസ്ഥരാണ് മറ്റൊരാളെന്ന് തിരിച്ചറിയാനും അവരെ ആ രീതിയിൽ ഉൾക്കൊള്ളാനും ഒരാളെ സഹായിക്കുന്നു. ഇത് ഒരാളുടെ സാമൂഹികമായ ഇടപഴകലുകളെ കൂടുതൽ മെച്ചപ്പെടുത്തും. അത് ക്ലാസ് റൂമുകളിലെ കൂട്ടുകാരോടു മാത്രമല്ല, അതിന് പുറത്തുള്ള ലോകവുമായും പിന്നീട് സാംസ്‌കാരികവും വംശീയവുമായ വ്യത്യാസങ്ങളുള്ളവരുമായും നന്നായി ഇടപഴകാൻ സഹായിക്കും.
കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനും പരിശോധിക്കാനും ഒരാളെ പ്രാപ്തനാക്കുന്ന രീതിയിൽ വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷി ഉണ്ടാക്കണം. മാധ്യമങ്ങൾ, കൂട്ടുകാരുടെ സമ്മർദ്ദങ്ങൾ, മൂല്യങ്ങൾ എന്നിവയുടെ സ്വാധീനവലയത്തിൽ പെടാതിരിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ഒരാളെ പ്രാപ്തനാക്കാൻ വിമർശനാത്മകമായി ചിന്തിക്കുന്നത് വളരെയധികം സഹായിക്കും.
സർഗാത്മകതയുടെ ഒരു നൂതന വഴിയാണ് കൗമാരത്തിൽ ഉണ്ടാകേണ്ടത്, നാല് കാര്യങ്ങളുടെ കൂടിചേരൽ വഴി ഈ സർഗാത്മകത ഉണ്ടാക്കാം. പുതിയ ആശയങ്ങൾ കണ്ടെത്തുക, വളരെ പെട്ടെന്ന് കാഴ്ചപ്പാടുകൾ മാറ്റാൻ സാധിക്കുക, പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ സാധിക്കുക, പുത്തൻ ആശയങ്ങളുടെ വിത്ത് പാകുക തുടങ്ങിയ കാര്യങ്ങളാണ് സർഗാത്മകയുടെ നാല് സ്വഭാവസവിശേഷതകൾ. 
തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് കൗമാരക്കാർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യതയാണ് നൽകുന്നത്. പലതരത്തിലുള്ള തീരുമാനങ്ങളില്‍നിന്ന് ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാനുള്ള ശേഷിയാണ് കൗമാരത്തിൽ ഉണ്ടാകേണ്ടത്. ഓരോ തീരുമാനവും എടുത്താലുള്ള അനന്തരഫലങ്ങളും കൂടി ഉൾപ്പെടുന്നതാണ് ഈ പഠനകാലം. 
പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവ് കൗമാരക്കാരെ കാര്യങ്ങൾ നേരെചൊവ്വെ കാണാൻ പ്രാപ്തരാക്കുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അതിനുള്ള പരിഹാര മാർഗ്ഗങ്ങളും ഉണ്ടാകുന്നുണ്ട്, അതിൽ ഏതാണ് പ്രശ്‌നം പരിഹരിക്കുന്നതെന്ന വിവേചനബുദ്ധിയാണ് ഉണ്ടാകേണ്ടത്. 
വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലൂടെയും ഇടപഴകലിലൂടെയും ഉണ്ടാകുന്ന അഭിപ്രായ രൂപീകരണം പ്രശ്‌നപരിഹാരത്തിനും ദൈംനംദിന ജീവിതത്തിലെ കാര്യങ്ങളിലും കാതലായ മാറ്റങ്ങളുണ്ടാക്കുന്നു. ഇത് മനുഷ്യരുമായി സൗഹൃദപരമായ ബന്ധം കാത്ത് സൂക്ഷിക്കുന്നതും (സാമൂഹികജീവിയെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം), കുടുംബത്തിൽ ഉള്ളവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നതും (സമൂഹത്തിന്റെ പിന്തുണ കിട്ടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം) പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പഴയവ നല്ല രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും  പ്രധാനപ്പെട്ട കാര്യമാണ്.

ഗുണപരമായ ആശയവിനിമയംകൊണ്ട് കൗമാരക്കാർക്ക് വാക്കുകൾകൊണ്ടും അല്ലാതെയും അവരെത്തന്നെ ആവിഷ്‌കരിക്കാൻ സാധിക്കുന്നു. ഓരോ അവസരങ്ങളിലും, സാഹചര്യങ്ങളിലും സംസ്‌കാരത്തിനുയോജിച്ചരീതിയിലും അവർക്ക് ഇത് സാധിക്കുന്നു. അഭിപ്രായം, ആഗ്രഹം, ആവശ്യങ്ങൾ, പേടി എന്നിവ പ്രകടിപ്പിക്കാനുള്ള ആശയവിനിമയ കഴിവ് ഉണ്ടായിരിക്കണം, കൂടാതെ ഉപദേശം തേടാനും സഹായം അഭ്യർത്ഥിക്കാനും സാധിക്കുന്ന തരത്തിലുള്ള ആശയവിനിമയ സാധ്യത വളർത്തിയെടുക്കണം. 
മാനസിക സമ്മർദ്ദം ഉണ്ടാകുന്ന വഴികളെക്കുറിച്ച് അറിയണം. അതും പ്രധാനപ്പെട്ട കാര്യമാണ്. മാനസിക സമ്മർദ്ദം എങ്ങനെയാണ് തങ്ങളെ ബാധിക്കുക എന്നതും തിരിച്ചറിയണം. മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാനും സാധിക്കണം. നല്ല കാര്യങ്ങൾ പഠിക്കാനും മോശം കാര്യങ്ങൾക്ക് പകരം വെയ്ക്കാനും സാധിക്കണം. എങ്ങനെ ശാന്തനാകണം എന്ന് പഠിക്കുക പ്രധാനപ്പെട്ട കാര്യമാണ് - സ്വന്തം ചുറ്റുപാടുകളും ജീവിതശൈലിയും മാറ്റേണ്ടതായും വന്നേക്കാം.
വൈകാരികവസ്ഥകളെ കൈകാര്യം ചെയ്യാൻ പഠിക്കുക എന്നതും പ്രധാനമാണ്. മറ്റുള്ളവരുടെ വൈകാരികാവസ്ഥകളെ മനസിലാക്കാനും സാധിക്കണം. വൈകാരികാവസ്ഥ എങ്ങനെയാണ് മനുഷ്യരുടെ സ്വഭാവങ്ങളെ സ്വാധീനിക്കുക എന്നതും തിരിച്ചറിയണം. വൈകാരികാവസ്ഥകളോട് കൃത്യമായി പ്രതികരിക്കാനും സാധിക്കണം. പെട്ടെന്നുള്ള വൈകാരികാവസ്ഥകളെ എങ്ങനെ തരണം ചെയ്യാൻ സാധിക്കും എന്ന് പഠിക്കുകയാണ് ഈ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പെരുമാറ്റ രീതികളെയും ആരോഗ്യത്തേയും മോശമായ രീതിയിൽ സ്വധീനിക്കാൻ സാധ്യതയുള്ള ദേഷ്യം, ദുഃഖം എന്നിവയെയാണ് പ്രധാനമായും കൈകാര്യം ചെയ്യേണ്ടത്. 
ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് പിഎച്ച്ഡി നേടിയിട്ടുള്ള ഡോ. ഗരിമ ശ്രീവാസ്തവ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.    

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org