ബാല്യകാലം

നിങ്ങളുടെ കുട്ടിയുടെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം നിങ്ങളെ അമ്പരപ്പിക്കുന്നുവോ?

ഒരു കുട്ടിയുടെ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന സ്വഭാവത്തിനോട് മാതാവോ പിതാവോ പ്രതികരിക്കുന്ന വിധം കുട്ടിയുടെ വൈകാരിക സ്വാസ്ഥ്യത്തെ ബാധിച്ചേക്കാം.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ദ ലോൺലിയസ്റ്റ് റണ്ണർ (ഏറ്റവും ഏകാകിയായ ഓട്ടക്കാരന്‍) നെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ?  മൈക്കിൾ ലാംഗ്ടൺ എന്നു പേരുള്ള ഒരു കുട്ടിയുടെ ബാല്യകാലവും 14 വയസ്സു വരെയുള്ള തന്‍റെ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന  ശീലം നേരിടുന്നതിനുള്ള അവന്‍റെ കഠിന പോരാട്ടവും ആസ്പദമാക്കിയുള്ള ഒരു പാതി ആത്മകഥാപരമായ സിനിമയാണ് അത്. മൈക്കിളിന്‍റെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം നിർത്തിക്കുന്നതിനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമായി, അവന്‍റെ അമ്മ പെഗ്ഗി മൂത്രം പാടുവീഴ്ത്തിയ കിടക്കവിരികൾ പുറത്ത് ജനാലയ്ക്കടുത്ത് സ്പഷ്ടമായി കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു, അവന്‍റെ കൂട്ടുകാർ സ്‌കൂളിൽ നിന്നു മടങ്ങി വരുന്ന വേളയിൽ അത് കാണാനിടയാകുന്നതിനും അവർക്ക് ഒരു നല്ല ചിരിക്ക് ഇടയാക്കുന്നതിനും വേണ്ടി ആയിരുന്നു അമ്മ അങ്ങനെ ചെയ്തത്. ആഴത്തിൽ മനഃസംഘർഷം അനുഭവിച്ച മൈക്കിൾ, എല്ലാ ദിവസവും വൈകുന്നേരം കൂട്ടുകാർ സ്‌കൂൾ കെട്ടിടം വിടുന്നതിനു പോലും മുൻപേ വീട്ടിലേയ്ക്ക് മത്സരിച്ച് ഓടി എത്തി, ആ വിരികൾ തിരിച്ച് പിടിച്ചെടുത്തു മാറ്റിയിട്ടു. ആ അവസ്ഥ രക്ഷപ്പെടുത്തി എടുക്കുന്നതിനു വേണ്ടിയാണ് മൈക്കിൾ ഓട്ടം തുടങ്ങിയത്, പക്ഷേ ഈ പരിശീലനം പിൽക്കാലത്ത് അവന്‍റെ കായികാഭ്യാസ സാമർത്ഥ്യം മികവുറ്റത് ആക്കി ത്തീര്‍ക്കുന്നതിലേക്കു സംഭാവന നൽകി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലേയ്ക്ക് അവന് ഒരു സ്‌കോളർഷിപ്പും നേടിക്കൊടുത്തു. അവന്‍റെ തീവ്രമായ ഒളിംപിക് മോഹം ഒരിക്കലും പകൽ വെളിച്ചം കണ്ടില്ല, എങ്കിലും സിനിമയിൽ നക്ഷത്രത്തിളക്കമാർന്ന ഒരു തൊഴിൽ നേടും വരെ അവൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഇന്ന് അംഗീകരിക്കപ്പെട്ട ടിവി അഭിനേതാവ്, എഴുത്തുകാരൻ, സംവിധായകൻ, നിര്‍മ്മാതാവ് എന്നീ നിലകളിൽ ലോകം ലാംഗ്ടണെ അറിയുന്നുണ്ട്.  ലോകത്തിന് അറിയാൻ പാടില്ലാതിരുന്ന കാര്യം ദീനമായ ആത്മാഭിമാനത്തോടെ അവൻ ഏറ്റവും അധികം കാലം കഴിഞ്ഞുകൂടി എന്നതും അവന്‍റെ അമ്മ വിരിപ്പുകൾ പ്രദർശിപ്പിച്ചിരുന്നതിന്‍റെ വേദനിപ്പിക്കുന്ന ഓർമ്മയിൽ നിന്ന് മുക്തി നേടാൻ അവൻ വളരെ ഏറെ വർഷങ്ങൾ എടുത്തു എന്നതും ആണ്.

എല്ലാ മാതാപിതാക്കളും മൈക്കിളിന്‍റെ അമ്മയെ പോലെ അങ്ങേയറ്റം തീവ്രമായ നടപടികൾ കൈക്കൊണ്ടു എന്നു വരില്ല, പക്ഷേ ഏറ്റവും പുതിയ ഗവേഷണഫലം കാണിക്കുന്നത് ഒരു കുട്ടിയുടെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലത്തോട് എങ്ങനെയാണ് മാതാവോ പിതാവോ അല്ലെങ്കിൽ പരിചരിക്കുന്ന വ്യക്തിയോ പ്രതികരിക്കുന്നത് എന്നത് കുട്ടിയുടെ വൈകാരിക സ്വാസ്ഥ്യത്തിൽ പ്രഭാവം സൃഷ്ടിക്കുന്നു എന്നാണ്.

നമുക്ക് ആദ്യം അടിസ്ഥാനപരമായ കാര്യങ്ങൾ ശരിയാക്കാം. കിടക്കയില്‍ മൂത്രമൊഴിക്കുന്ന അവസ്ഥയുടെ വൈദ്യശാസ്ത്ര സംജ്ഞയായ എന്യൂറീസസ് (Enuresis), പരാമർശിക്കുന്നത് ബോധപൂർവ്വമല്ലാതെ മൂത്രം പുറത്തു പോകുന്നു എന്നതാണ്. അറിയാതെ മൂത്രം പോകൽ പകലോ (diurnal, പകൽസമയത്തുള്ളത്) അല്ലെങ്കിൽ രാത്രിയിലോ (nocturnal, രാത്രിസമയത്തുള്ളത്) സംഭവിച്ചേക്കാം. കൂടുതൽ സാധാരണമായത് രാത്രികാലത്തു സംഭവിക്കുന്നതാണ്, അതു തന്നെ രണ്ടു തരം ഉണ്ട്: പ്രൈമറി അഥവാ പ്രാഥമികം, സെക്കണ്ടറി അഥവാ രണ്ടാം ഘട്ടത്തിൽ ഉള്ളത്. കിടക്കയിൽ മൂത്രമൊഴിക്കുന്ന പ്രാഥമികമായ അവസ്ഥയിൽ, അവൾ അല്ലെങ്കിൽ അവൻ ഒരു ശിശു ആയിരുന്ന കാലം മുതൽ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതാണ്, ഇതുവരേയ്ക്കും സ്വമേധയാ ഉള്ള നിയന്ത്രണം നേടിയിട്ടില്ല. നേരേ മറിച്ച് സെക്കണ്ടറി/രണ്ടാംഘട്ട അവസ്ഥയിൽ ആകട്ടെ, കുട്ടിയോ കൗമാരക്കാരനോ (അല്ലെങ്കിൽ സന്ദർഭാനുസൃതം പ്രായപൂർത്തി എത്തിയ വ്യക്തി) അനേകം മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം പോലും സ്വമേധയാ ഉള്ള നിയന്ത്രണം പ്രകടിപ്പിച്ചിരുന്നതിനു ശേഷം പിന്നീട് സംഭവിക്കുന്ന കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലമാണ്.

നിങ്ങളുടെ കുട്ടി കിടക്ക നനയ്ക്കുന്നു എങ്കിൽ, അവനോ അവളോ അത് മനഃപൂർവ്വം ചെയ്യുന്നതല്ല എന്ന് അറിയുക. അഞ്ചു വയസ്സു  വരെയുള്ള പ്രായത്തില്‍  കിടക്ക നനയ്ക്കൽ അസാധാരണമല്ല, മിയ്ക്കവാറും കുട്ടികൾ സ്വമേധയാ നിയന്ത്രണം നേടുകയും ചെയ്യും. എന്യൂറീസസ് എന്ന കിടക്കയിൽ മൂത്രമൊഴിക്കുന്ന അവസ്ഥയുടെ കാരണങ്ങൾ മൂത്രസഞ്ചിയുടെ (ബ്ലാഡറിന്‍റെ) പ്രവർത്തനത്തിലുള്ള കാലതാമസം ഉൾപ്പടെ ബഹുമുഖം ആണ്. ചില അവസരങ്ങളിൽ, സ്ഥിതി/സ്ഥാനഭേദം (ഉദാഹരണത്തിന് ഒരു പുതിയ സ്കൂള്‍, ഒരു കൂടപ്പിറപ്പിന്‍റെ ജനനം)  അതല്ലെങ്കില്‍ കുട്ടി സ്കൂളിലോ വീട്ടിലോ ഏതെങ്കിലും ബുദ്ധിമുട്ടുള്ള അവസ്ഥ (ഉദാഹരണത്തിന് അപമാനം, അവഗണന, മാതാപിതാക്കൾ വിവാഹബന്ധം പിരിയുക, സ്‌കൂളിൽ മുഠാളത്തരം നേരിടേണ്ടി വരിക, ടീച്ചർമാരുടെ വക പരിഹാസമോ ശിക്ഷയോ നേരിടേണ്ടി വരിക) ആണെങ്കില്‍ അത് കിടക്കയിൽ മൂത്രമൊഴിയ്ക്കലിന് ഉത്തേജനം നൽകിയെന്നു വരാം.

നിങ്ങളുടെ കുട്ടി കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് സഹായകരമാകും വിധം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് ചില ചൂണ്ടുപലകകൾ ഇവിടെ നൽകുന്നു:

 1. കുട്ടിയെ ഒരിക്കലും ശിക്ഷിക്കുയോ കുട്ടിക്ക് കുറ്റബോധം തോന്നുന്നതിന് ഇട വരുത്തുകയോ ചെയ്യരുത്. രാത്രികാല കിടക്ക നനയ്ക്കൽ സംഭവിക്കുന്നത് ബോധപൂർവ്വമല്ല, അതിനാൽ കുട്ടിയെ ശിക്ഷിക്കുന്നതുകൊണ്ട് ഗുണകരമായ ഒരു മാറ്റവും സംഭവിക്കുവാൻ പോകുന്നില്ല.
 2. നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. നിഷേധാത്മകമായ പ്രസ്താവങ്ങൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. കർക്കശമായ വിമർശനം കുട്ടിയുടെ ആത്മാഭിമാനത്തിൽ ഇപ്പോഴും പിന്നീടും ആഴത്തിലുള്ള പ്രഹരം ഏൽപ്പിക്കുന്നതിനു സാദ്ധ്യതയുണ്ട്. 
 3. അവരെ കൃത്യമായവസ്തുതകൾ ശരിപ്പിക്കുക. എങ്ങനെയാണ് കിടക്കയില്‍ മൂത്രമൊഴിയ്ക്കല്‍ സംഭവിക്കുന്നത് (താഴെ നൽകിയിരിക്കുന്ന ചിത്രം കാണുക) എന്നും അതേ പ്രായത്തിലുള്ള മറ്റു കുട്ടികൾക്കും ഇതേ പ്രശ്‌നം ഉണ്ടാകുന്നതിന് സാദ്ധ്യതയുള്ളത് എങ്ങനെ എന്നും കുട്ടിയോടു വിശദീകരിച്ചു കൊടുക്കുക.
 4. വൃത്തിയാക്കുന്നതിന് കുട്ടിയെ കൂടി ഉൾപ്പെടുത്തുക. അത് ഒരു ശിക്ഷയുടെ ഭാഗം എന്നോണം ഒരിക്കലും ചെയ്യരുത്. മറിച്ച്, നനഞ്ഞ കിടക്കയുടെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിന് കുട്ടിയും കൂടി സഹായിക്കുന്നു എന്ന വിധത്തിൽ വേണം അതു കാണേണ്ടത്.
 5. തന്‍റെ കിടക്ക നനയ്ക്കൽ സ്വഭാവത്തെ പറ്റി ഒരിക്കലും കുട്ടിയെ കളിയാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ കുട്ടിയുടെ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന സ്വഭാവം ഒരിക്കലും ഒരു സംഭാഷണ വിഷയമോ പരിഹാസത്തിനുള്ള കാരണമോ അല്ലേയല്ല. മറ്റുള്ളവർ കുട്ടിയെ പരിഹസിക്കുന്നത് ഒഴിവാക്കുന്നതിനായി, കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം മാറ്റി എടുക്കുന്നതിന് കുട്ടിയ്ക്കുള്ള കഴിവിനെ പറ്റി നിങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ട്. 
 6. നനവു തട്ടാത്ത അവസ്ഥ നിലനിർത്തുന്നതു സംബന്ധിച്ച് അവനോ അവളോ പഠിക്കുന്നതിനുള്ള കഴിവിനെ കുറിച്ച് നിങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, അത് നിങ്ങളുടെ കുട്ടിയെ അത്യധികമായി സഹായിക്കും. ഈ ദിശയിലുള്ള നിങ്ങളുടെ കുട്ടിയുടെ ചെറിയ വിജയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ നിങ്ങളുടെ കുട്ടി പിൽക്കാലത്ത് വലിയ വിജയങ്ങൾ നേടും!
 7. പ്രശ്‌നം പരിഹരിക്കുന്നതിന് കുട്ടിക്കൊപ്പം പരിശ്രമങ്ങളിൽ ഏർപ്പെടുക. രാത്രിഭക്ഷണം കഴിഞ്ഞതിനു ശേഷം കുടിക്കുന്ന വെള്ളത്തിന് നിയന്ത്രണം വയ്ക്കുക; ഉറക്കസമയത്തിനു മുൻപ് കുട്ടി തന്‍റെ മൂത്രസഞ്ചി ഒഴിച്ചു കളയുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക; രാത്രിയുടെ മദ്ധ്യത്തിൽ ഒരിക്കൽ മൂത്രമൊഴിക്കുന്നതിന് കുട്ടിയെ കൊണ്ടുപോകുക. 
 8. വലിയ ചിത്രം കാണുക. കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നത് വളർച്ച നേടുന്നതിന്‍റെ ഒരു ഭാഗമാണ്. ഒരു അപകടം നിങ്ങളുടെ ദിവസം നശിപ്പിച്ചു കളയുന്നതിനോ, നിങ്ങളുടെ കുട്ടിയോട് ദിവസത്തിന്‍റെ ബാക്കി ഭാഗം നിങ്ങൾ എങ്ങനെ സംവദിക്കുന്നു എന്നതിൽ സ്വരഭേദം സൃഷ്ടിക്കുന്നതിനോ അനുവദിക്കാതിരിക്കുക.

കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന അവസ്ഥയെ കുറിച്ച് കുട്ടികളോട് വിശദീകരിക്കുന്നത്

 1. വൃക്കകൾ മൂത്രം ഉണ്ടാക്കുന്നു, കുഴലുകൾ വഴി അത് മൂത്രസഞ്ചിയിലേയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു.
 2. മൂത്രസഞ്ചി മൂത്രം പിടിച്ചു വയ്ക്കുന്നു, അത് നിറഞ്ഞു കഴിഞ്ഞു എന്ന് തലച്ചോറിനെ അറിയിക്കുകയും ചെയ്യുന്നു.
 3. തലച്ചോര്‍ മൂത്രസഞ്ചിയോട് മൂത്രം കുറച്ചു സമയത്തേക്ക് പിടിച്ചു വയ്ക്കുന്നതിന് ആവശ്യപ്പെടുന്നു. അതല്ലെങ്കിൽ കുട്ടിയോട് ഉണരുവാനും ശുചിമുറി ഉപയോഗിക്കുവാനും പറയുന്നു.

ഉറക്കവേളയിൽ മൂത്രസഞ്ചിയും തലച്ചോറും പരസ്പരം സൂചകപരമായ അടയാളങ്ങൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും പഠിക്കുമ്പോൾ, കിടക്ക നനയ്ക്കാതെ ഉണക്കി തന്നെ നിലനിർത്തുന്നതിന് കുട്ടികൾ പഠിക്കുന്നു.

ബംഗളുരുവിലെ നിംഹാൻസ് (NIMHANS) ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. നിത്യ പൂർണ്ണിമ നൽകിയ വിവരങ്ങൾ കൂടി  ഉൾക്കൊള്ളിച്ചു കൊണ്ടാണ്.ഈ ലേഖനം സമാഹരിച്ചിട്ടുള്ളത് .

White Swan Foundation
malayalam.whiteswanfoundation.org