ഓട്ടിസം: കെട്ടുകഥകളും വസ്തുതകളും
കെട്ടുകഥ: ഓട്ടിസം ഒരു മാനസിക രോഗമാണ്.
വസ്തുത: ഓട്ടിസം സ്പെക്ട്രം ഡിസോഡർ (എഎസ്ഡി, ASD) അഥവാ ഓട്ടിസം എന്നത് നാഡീവ്യൂഹസംബന്ധമായി ഉത്ഭവിക്കുന്നതും, സാമൂഹികവും ആശയവിനിമയപരവും പെരുമാറ്റസംബന്ധവും ആയ വെല്ലുവിളികൾ ഉയർത്തുന്നതുമായ ഒരു കൂട്ടം വളർച്ചാ തകരാറുകളെ ഒരു കുടക്കീഴിൽ അണിനിരത്തിയിട്ടുള്ള ഒരു പദപ്രയോഗമാണ്. ഓട്ടിസം ഒരു മാനസിക രോഗമല്ല.
കെട്ടുകഥ: ഓട്ടിസം ബാധിക്കുന്നത് ആൺകുട്ടികളെ മാത്രമാണ്.
വസ്തുത: ഓട്ടിസം ആൺകുട്ടികളിലും പെൺകുട്ടികളിലും കാണപ്പെടുന്നുണ്ട്, എങ്കിലും ആൺകുട്ടികളിലാണ് ഓട്ടിസം അധികമായി രോഗനിർണ്ണയം ചെയ്യപ്പെടുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കെട്ടുകഥ: ഓട്ടിസത്തിനു ചികിത്സ ഇല്ല.
വസ്തുത: ഓട്ടിസം ചികിത്സിച്ചു ഭേദപ്പെടുത്താൻ കഴിയില്ല എന്നുള്ളപ്പോൾ തന്നെ, കുട്ടികള്‍ക്ക് ഓട്ടിസം തൃപ്തികരമായി നേരിടുന്നതിന് സഹായകമാകുന്ന തരം അനേകം ചികിത്സാ തിരഞ്ഞെടുപ്പുകൾ നിലവിലുണ്ട്. ഏറ്റവും പ്രയോജനപ്രദമായ ചികിത്സ പെരുമാറ്റപരവും സാമൂഹികപരവും മനഃശാസ്ത്രപരവുമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള തീവ്രമായ വ്യക്ത്യാധിഷ്ഠിതമായ ഇടപെടൽ ആണ്. ഉചിതമായ ഇടപെടൽ ലഭിക്കുന്ന മിയ്ക്ക കുട്ടികളും സാമാന്യം ഭേദപ്പെട്ട പ്രായപൂർത്തിവർ എന്ന നിലയിലേയ്ക്ക് വളരുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യും. ഓട്ടിസം ബാധിച്ചവരിൽ അവരവർക്കു തന്നെ ഗുണകരമായ വിധത്തില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന തരം ഒരു ശ്രേണി കഴിവുകൾ ഉണ്ടായിരിക്കും എന്നത് ശ്രദ്ധിക്കേണ്ടുന്നത് വളരെ പ്രധനമാണ്.
കെട്ടുകഥ: ഓട്ടിസം ബാധിച്ച കുട്ടികൾ ഒരിക്കലും സംസാരിക്കാൻ പഠിക്കുകയില്ല.
വസ്തുത: ഓട്ടിസം ബാധിച്ച കുട്ടികൾക്കു സംസാരിക്കുന്നതിനു കഴിയും, പക്ഷേ ഭാഷാ പുരോഗതിയിലുള്ള കാലവിളംബം മൂലമുള്ള പ്രശ്നങ്ങൾ അവർക്കു ഉണ്ടായെന്നു വരാം. കാലേകൂട്ടിയുള്ള പ്രയോജനപ്രദമായ ഇടപെടൽ കൊണ്ട്, അവരുടെ വാചികമായ കഴിവുകൾ വികസിപ്പിക്കുന്നതിന് അവർക്കു സാദ്ധ്യമാകും.
കെട്ടുകഥ: ഓട്ടിസ ലക്ഷണങ്ങൾ എല്ലാ കുട്ടികളിലും ഒരേ പോലെ ആയിരിക്കും.
വസ്തുത: ഓട്ടിസം എന്നത് സ്‌പെക്ട്രം തകരാർ എന്ന് അറിയപ്പെടുന്നതിന്‍റെ കാരണം തന്നെ അതിന്‍റെ ലക്ഷണങ്ങളും സ്വഭാവങ്ങളും വ്യത്യസ്തരായ ആളുകളെ വ്യത്യസ്തങ്ങളായ രീതികളിൽ ബാധിക്കുന്ന, വിവിധതരം മിശ്രിതങ്ങളില്‍ ആണ് അതു പ്രകടമാകുന്നത് എന്നതു കൊണ്ടാണ്. ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അനുപമം ആണ്.
കെട്ടുകഥ: ഓട്ടിസത്തിനു കാരണമായി ഭവിക്കുന്നത് മാതാപിതാക്കളുടെ മോശപ്പെട്ട വളർത്തൽ രീതികൾ ആണ്.
വസ്തുത: മാതാപിതാക്കളുടെ നിരുത്സാഹപരവും വിരക്തിപൂര്‍വ്വവും ആയ വളർത്തൽ രീതികൾ മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത് എന്ന്1950 കളുടെ മദ്ധ്യത്തിൽ ഒരു തെറ്റിദ്ധാരണ നിലനിന്നിരുന്നു. ഓട്ടിസത്തിന്‍റെ കൃത്യമായ കാരണങ്ങൾ ഇന്നേവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ല എങ്കിലും, കുട്ടികളെ വളർത്തുന്ന രീതിയിൽ ഉള്ള ദോഷങ്ങൾ അല്ല ഓട്ടിസത്തിനു കാരണമാകുന്നത് എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.