ദുശ്ശാഠ്യം വ്യാഖ്യാനിക്കപ്പെടുമ്പോൾ

ദുശ്ശാഠ്യം എന്നത് കൃത്യമായി എന്താണ്, ഒരു ദുശ്ശാഠ്യാവസ്ഥയിൽ മാതാപിതാക്കൾക്കോ പരിപാലകര്‍ക്കോ എത്രത്തോളം നന്നായി പ്രതികരിക്കുവാൻ കഴിയും?
Published on

"എനിക്കു ആ ചോക്ലേറ്റ് വേണം, അത് ഇപ്പം തന്നെ കിട്ടുകയും വേണം. ഇപ്പോ നിങ്ങളത് എനിക്ക് തരുന്നില്ലെങ്കില്‍, ഞാൻ അലറിക്കരയും, നിലത്തു വീണുരുളും, നിങ്ങളെ നാണം കെടുത്താൻ എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യും."

ചെറിയ കുട്ടികളുള്ള എല്ലാ മാതാപിതാക്കളുടേയും ഏറ്റവും ഭയാനകമായ ദുഃസ്വപ്ന  കാഴ്ച്ചകളാണ് കുട്ടികളുടെ  ദുശ്ശാഠ്യം - പ്രത്യേകിച്ചും അത് കോപം മൂലമുള്ള പൊട്ടിത്തെറികളിലേക്കും പൊതുസ്ഥലങ്ങളിൽ എല്ലാവരും കാൺകെ നടത്തുന്ന അത്യുച്ചത്തിലുള്ള നിലവിളിയിലേക്കും നീങ്ങുമ്പോൾ. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണ് ദുശ്ശാഠ്യങ്ങൾ, ഒരു കുട്ടി അമിതമായ ദുശ്ശാഠ്യങ്ങൾക്ക് വശംവദനാകുന്നുവെങ്കിൽ, അത് ഒരു മാനസിക ആരോഗ്യ പ്രശ്‌നം ആകുന്നതിന് സാദ്ധ്യതയില്ലേ?

ഇതേ കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിനായി, ദുശ്ശാഠ്യത്തിന്‍റെ  മാനസികാവസ്ഥകളെ കുറിച്ചു വിശദമായി പഠനം നടത്തിയിട്ടുള്ള, മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രിക് ന്യൂറോസൈക്കോളജിസ്റ്റ് ആയ ഡോ. മൈക്കിൾ പോട്ടെഗലുമായി ഞങ്ങൾ ഫോണിലൂടെ സംഭാഷണം നടത്തിയിരുന്നു. തുടർന്നു വായിക്കുക......

ഡോ. പോട്ടെഗൽ, താങ്കൾ താങ്കളുടെ ഔദ്യോഗിക പ്രവർത്തനങ്ങളുടെ കഴിഞ്ഞ കുറെ വർഷങ്ങൾ കുട്ടികളെ നിരീക്ഷിച്ചും, മാതാപിതാക്കളോട് സംസാരിച്ചും കുട്ടികളുടെ വൈകാരിക ദുശ്ശാഠ്യങ്ങളുടെ ക്രമരൂപങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി ചെലവഴിച്ചുവല്ലോ. ഒരു തുടക്കത്തിനായി, ദുശ്ശാഠ്യം എന്നത് കൃത്യമായും എന്താണ് എന്ന് താങ്കള്‍ക്ക് ഞങ്ങളോടൊന്നുവിശദീകരിക്കുവാന്‍ കഴിയുമോ?

ഉറക്കെയുള്ള കരച്ചിൽ, ഉച്ചസ്ഥായിയിൽ ഉള്ള നിലവിളി, ആക്രോശം, സാധനങ്ങൾ വലിച്ചെറിയൽ തുടങ്ങി കോപത്തോടെയുള്ള പൊട്ടിത്തെറിക്കലുകളുടെ അല്ലെങ്കിൽ യുക്തിരഹിതമായിട്ടുളള പെരുമാറ്റങ്ങളുടെ ഒരു ചെറിയ വേളയാണ് സാധാരണയായി ദുശ്ശാഠ്യം. സാധാരണഗതിയില്‍ ദുശ്ശാഠ്യത്തിന്‍റെ   ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് 12 മാസം പ്രായമുള്ളപ്പോഴാണ്. 18 മാസം പ്രായമാകുമ്പോഴേയ്ക്കും ദുശ്ശാഠ്യങ്ങള്‍ക്കു പൂർണ്ണത കൈ വന്നിരിക്കും. ചരിത്രപരമായി മുലകുടി നിർത്തൽ ആരംഭിക്കുന്നത് ഏതാണ്ട് രണ്ടു വയസ്സിന് അടുത്തായിരിക്കും, അമ്മ പാൽ കൊടുക്കാത്തപ്പോള്‍  അമ്മയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി ഉരുത്തിരിഞ്ഞു വന്ന ഒന്നായിരിക്കണം കുഞ്ഞിന്‍റെ ദുശ്ശാഠ്യം. 

ദുശ്ശാഠ്യത്തിന് രണ്ടു ഘടകഭാഗങ്ങളുണ്ട്:

  • കോപം: ഇതില്‍ നിലവിളിയും ആക്രോശവും ഉൾപ്പെട്ടിരിക്കുന്നു. ഇത് പെരുമാറ്റപരമായി പ്രത്യക്ഷപ്പെടുന്നത് ഇടിക്കൽ, സാധനങ്ങൾ എറിഞ്ഞു കളയൽ, പുറം വളഞ്ഞു കുത്തിയുള്ള നിൽപ്പ് മുതലായവ ആയിട്ടായിരിക്കും.
  • സങ്കടം: ചിണുങ്ങലും കരച്ചിലും, നിലത്തേക്കു വീഴൽ, സ്വാന്തനം തേടൽ തുടങ്ങിയവ.

ഈ രണ്ടു ഘടകങ്ങൾക്കും വേണ്ടി തലച്ചോറിന്‍റെ   വിവിധ ഭാഗങ്ങൾ പ്രയോഗക്ഷമമാകുന്നു. കോപത്തിന്‍റെ   കാര്യത്തിൽ, ഇടതു നെറ്റിയുടെ വശത്തുള്ള ഭാഗം ഉത്തേജിക്കപ്പെടുന്നു, സങ്കടത്തിന്‍റെ   കാര്യം വരുമ്പോഴാകട്ടെ, വലതുവശത്ത് മുമ്പിലുള്ള ഭാഗം പ്രയോഗക്ഷമമാകുന്നു. ഈ രണ്ടു ഘട്ടങ്ങളും സമയപ്രകാരം ഒന്ന് ഒന്നിന്‍റെ   മേൽ അതിക്രമിച്ചു കിടക്കുന്നു, അവ രണ്ടും ഏതാണ്ട് ഒന്നിച്ചു തന്നെ സംഭവിക്കുകയും ചെയ്യുന്നു എന്നതാണ് ഞങ്ങളുടെ പഠനത്തിൽ നിന്നുള്ള ഒരു പ്രധാന കണ്ടെത്തൽ.

ഒരു കുട്ടി പൊതുസ്ഥലത്തു വച്ച് പരസ്യമായി ദുശ്ശാഠ്യം പ്രദർശിപ്പിക്കുമ്പോൾ, കുട്ടിയുടെ പെരുമാറ്റം സംബന്ധിച്ച് മിയ്ക്കപ്പോഴും മാതാപിതാക്കൾ വിധിക്കപ്പെടുന്നു.  മാതാപിതാക്കൾ കുട്ടികളെ വളർത്തുന്ന രീതിയിലുള്ള എന്തെങ്കിലും അപാകതകൾ ദുശ്ശാഠ്യങ്ങൾക്കു കാരണമായേക്കാം എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ?

ഇല്ല, മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നവരോ, അവരോട് അവഹേളനപരമായി പെരുമാറുന്നവരോ ആകുകയും തൽഫലമായി ഇത് കുട്ടികളിൽ നിഷേധാത്മക പ്രഭാവം ചെലുത്തുകയും ചെയ്യുന്ന അവസ്ഥ ഉണ്ടെങ്കില്‍ മാത്രം. മാതാപിതാക്കൾ ഇരുവരും അവഹേളിക്കുന്നവർ അല്ലാത്ത സാധാരണ വീടുകളിൽ പോലും നിങ്ങൾക്ക്  ദുശ്ശാഠ്യം പിടിക്കുന്ന കുട്ടികളെ കാണുവാൻ കഴിയും.

അത് ഞങ്ങളുടെ അടുത്ത ചോദ്യത്തിലേക്കു നയിക്കുന്നു. എന്തുകൊണ്ടാണ് കുട്ടികൾ ദുശ്ശാഠ്യം പിടിക്കുന്നത്?

താഴെ പറയുന്ന മൂന്നു കാര്യങ്ങളിൽ ഒന്നിനു വേണ്ടിയാണ് കുട്ടികൾ സാധാരണയായി ദുശ്ശാഠ്യം പിടിക്കാറുള്ളത്:

  • ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി
  • എന്തെങ്കിലും സ്പഷ്ടമായ ഒരു സാധനം ലഭിക്കുന്നതിനു വേണ്ടി (ഉദാഹരണത്തിന് ഇഷ്ടപ്പെട്ട ആഹാരം, അല്ലെങ്കിൽ കളിപ്പാട്ടം)
  • മാതാപിതാക്കളുടെ അവകാശപൂർവ്വമുള്ള ആവശ്യകതകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി

മുകളിൽ വിവരിച്ചിട്ടുള്ള എല്ലാ അവസ്ഥകളിലും, കുട്ടി എന്തിനാണ് ദുശ്ശാഠ്യം പിടിക്കുന്നത് എന്നത് മാതാവിനോ പിതാവിനോ അല്ലെങ്കിൽ പരിചരിക്കുന്ന വ്യക്തിക്കോ സാധാരണയായി അറിയാമായിരിക്കും. എങ്കിലും, വ്യക്തമല്ലാത്ത കാരണങ്ങൾക്കു വേണ്ടിയും കുട്ടികൾ ദുശ്ശാഠ്യം പിടിച്ചെന്നു വരാം. ഉദാഹരണത്തിന്, കുട്ടിക്ക് ശാരീരിക തളർച്ച ഉണ്ടായിരിക്കുകയും (വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന തരം രോഗാവസ്ഥ, നെഞ്ചെരിച്ചിൽ തുടങ്ങിയവ പോലെ ഉള്ളപ്പോള്‍) എന്താണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കുവാൻ അവർക്കു കഴിയാതെ വരികയും ചെയ്യുകയാണെങ്കിൽ. എങ്കിലും ഇത്തരം അവസ്ഥകൾ അത്രത്തോളം സാധാരണമല്ല തന്നെ.

സാധാരണയായി ദുശ്ശാഠ്യങ്ങൾ എത്രത്തോളം സമയം നീണ്ടുനില്‍ക്കും?

ചെറിയ കുട്ടികൾ ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ദുശ്ശാഠ്യം പിടിക്കും, ഇങ്ങനെയുള്ള ഓരോ ദുശ്ശാഠ്യവും സാധാരണഗതിയിൽ പത്തു മിനറ്റിൽ കുറവ് ദൈർഘ്യം ഉള്ളവ ആയിരിക്കും. വല്ലപ്പോഴും 10 മിനിട്ടുകളില്‍ കൂടുതല്‍ സമയം നിലനില്‍ക്കുന്ന ദുശ്ശാഠ്യം ഉണ്ടായെന്നും വരാം. ഇത് സ്വാഭാവികമാണ്. 

കുട്ടികൾ വളർന്നു വരുമ്പോൾ, ദുശ്ശാഠ്യത്തിന്‍റെ   ഇടവേളകൾ കുറഞ്ഞു വരുന്നു, പക്ഷേ അവയുടെ ദൈർഘ്യം വർദ്ധിക്കുന്നു. കുട്ടി അഞ്ചു വയസ്സ് എത്തുമ്പോഴേയ്ക്കും മിയ്ക്കവാറും കുട്ടികളിൽ ദുശ്ശാഠ്യങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നു.

ചിലപ്പോൾ, ജനസംഖ്യയുടെ ഏതാണ്ട് 25 ശതമാനത്തോളം ആളുകളിൽ, ദുശ്ശാഠ്യങ്ങൾ ബാല്യത്തിന്‍റെ  പിൽക്കാല വർഷങ്ങളിൽ കൂടി തുടർന്നെന്നു വന്നേക്കാം. കുറ്റബോധം, വ്യസനം, തുടങ്ങിയ, ദുഃഖത്തിന്‍റെ  സൂഷ്മരൂപങ്ങളിൽ അവസാനിക്കുന്ന മുതിർന്നവരുടെ കോപപ്രകടനങ്ങൾ ബാല്യകാലത്തെ ദുശ്ശാഠ്യങ്ങളുടെ അടയാളം ആണ്.

ദുശ്ശാഠ്യങ്ങൾ ഉത്കണ്ഠയക്കു കാരണമാകുന്നുണ്ട് എന്നതും കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട് എന്നും താങ്കൾ കരുതുന്നത് എപ്പോഴാണ്? 

അമിതമായ ദുശ്ശാഠ്യങ്ങൾ (ഒരു കുട്ടി ദിവസത്തിൽ ശരാശരി അഞ്ചു പ്രാവശ്യത്തിൽ അധികം ദുശ്ശാഠ്യം പ്രദർശിപ്പിക്കുകയും ഈ ദുശ്ശാഠ്യങ്ങൾ പത്തു മിനറ്റിൽ കൂടുതൽ നീണ്ടു നിൽക്കുകയും ചെയ്യുന്നു എങ്കിൽ) അന്തർലീനമായിട്ടുള്ള ഏതെങ്കിലും മനഃശാസ്ത്രപരമായ പ്രശ്‌നത്തിന്‍റെ   തെളിവ് ആകാം. അങ്ങനെയുള്ള അവസരങ്ങളിൽ, ശാരീരിക തളർച്ചയോ അസുഖമോ ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ് ആദ്യത്തെ നിയമം, അടുത്തതായി മനഃശാസ്ത്രപരമായ വിദഗ്ദ്ധോപദേശം തേടുക എന്നതും. അത് അഭിസംബോധന ചെയ്യപ്പെടാതെ കിടക്കുകയാണ് എങ്കിൽ ഈ പ്രശ്‌നങ്ങൾ പിന്നീട് ബാഹ്യപ്രശ്‌നങ്ങളായോ (ആക്രമണപരത തുടങ്ങിയവ) അല്ലെങ്കിൽ ആന്തരികപ്രശ്‌നങ്ങളായോ (വിഷാദം, ഉത്കണ്ഠ തുടങ്ങിയവ) സ്പഷ്ടമാക്കപ്പെട്ടു എന്നു വരാം.  താത്പര്യമുണർത്തുന്ന ഒരു കാര്യം, സാധാരണയായി ആൺകുട്ടികളിൽ  പൂർണ്ണമായും ബാഹ്യപ്രശ്‌നങ്ങളായോ അല്ലെങ്കിൽ പൂർണ്ണമായ ആന്തരിക പ്രശ്‌നങ്ങളായോ അതല്ലെങ്കിൽ ഇവ രണ്ടും കൂടിക്കലര്‍ന്ന മട്ടിലോ ഉള്ള തരം പെരുമാറ്റം ആയി പ്രദർശിപ്പിക്കപ്പെടുന്നു എന്നതാണ്. മറിച്ച്, പെൺകുട്ടികളിലാകട്ടെ, പൂർണ്ണമായും ബാഹ്യപ്രശ്‌നങ്ങള്‍ എന്ന നിലയ്ക്കുള്ള യാതൊരു ലക്ഷണങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടില്ല - അത് പൂർണ്ണമായും ആന്തരികപ്രശ്‌നങ്ങൾ  (ദുഃഖം, ഉത്കണ്ഠ, വിഷാദം) എന്ന നിലയ്‌ക്കോ അല്ലെങ്കിൽ രണ്ടു തരം പെരുമാറ്റങ്ങളുടേയും സംയുക്തം എന്ന നിലയക്കോ ആയിരിക്കും കാണപ്പെടുക.

ദുശ്ശാഠ്യങ്ങൾക്ക് ഒരു മാന്ത്രിക പരിഹാരം ഒന്നും തന്നെയില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം, എങ്കിലും ഒരു ദുശ്ശാഠ്യവസ്ഥയിൽ മാതാവിനോ പിതാവിനോ തന്‍റെ   മുടി വലിച്ചു പറിക്കണം എന്നു തോന്നുന്നത്ര ദുരവസ്ഥ ഇല്ലാതാക്കുന്നതിനു വേണ്ടുന്ന ഗുണകരമായ ഉപദേശം എന്താണ്?

അതായത്, അംഗീകൃതമായ ഉപദേശം, ഭ്രാന്തു പിടിക്കാതിരിക്കുക എന്നതാണ്. ദുശ്ശാഠ്യം പിടിക്കുന്ന അവസരത്തിൽ കുട്ടികൾ എപ്പോഴും ഒരു പ്രതികരണത്തിനായി ഉറ്റു നോക്കും. ഞാൻ ഒരു മൂന്നു വയസ്സുള്ള കുട്ടി ആണെങ്കിൽ, ജീവിതത്തിൽ  നിയന്ത്രിക്കുവാൻ അധികം കാര്യങ്ങളൊന്നും എനിക്കു ലഭിക്കില്ല. ഞാൻ എന്താണ് കഴിക്കേണ്ടത്, ഏതു സമയത്താണ് ഞാൻ കിടക്കാൻ പോകേണ്ടത് തുടങ്ങിയവയൊന്നും തീരുമാനിക്കാൻ എനിക്ക് അവസരം ലഭിക്കില്ല. പക്ഷേ ദൈവസഹായത്താൽ എനിക്ക് അമ്മയെ ഭ്രാന്തു പിടിപ്പിക്കുവാൻ സാധിക്കും. ഇതാണ് എന്‍റെ നിയന്ത്രണത്തിലുള്ള കാര്യം. പകരം ഒരു പ്രതികരണം ലഭിക്കുക എന്നതാണ് മിയ്ക്ക ചെറിയ കുട്ടികളും ശാന്തമാകുന്നതിനായി പ്രതീക്ഷിക്കുന്നത്. അതിനാൽ നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ, ശാന്തമായി തുടരാമെങ്കിൽ അത് വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യുമെങ്കിൽ, യുദ്ധത്തിന്‍റെ  പാതി ജയിച്ചു കഴിഞ്ഞു. 

കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ വൈകാരിക സാകല്യങ്ങൾ അനുകരിക്കുന്നു എന്ന് അറിയുന്നതും വളരെ പ്രധാനമാണ്. അതിനാൽ നിങ്ങൾ കോപവും ഉത്കണ്ഠയും പ്രദര്‍ശിപ്പിക്കുന്ന വ്യക്തി ആണെങ്കിൽ, കുട്ടി ഇത്തരം പെരുമാറ്റങ്ങള്‍ മാതൃകയാക്കുകയും ചെയ്യുന്നുവെങ്കിൽ, അതില്‍  അത്ഭുതപ്പെടേണ്ട കാര്യമില്ല. 

ഒരു കുട്ടി ശ്രദ്ധ ആകർഷിക്കുന്നതിനായോ അല്ലെങ്കിൽ സ്പഷ്ടമായും എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടിയോ ദുശ്ശാഠ്യം പിടിക്കുമ്പോൾ, ഏറ്റവും നല്ല ഉപായം അത് അവഗണിക്കുകയോ അതല്ല ആവശ്യമുള്ള പക്ഷം, കുട്ടിയുടെ ശ്രദ്ധ തിരിക്കുവാൻ ശ്രമിക്കുകയോ ചെയ്യുക. എങ്കിലും കുട്ടി ഒരു ആവശ്യത്തിൽ നിന്നോ ഒരു നിയമത്തിൽ നിന്നോ (തന്‍റെ പല്ലു തേക്കുന്നതിനു നിരസിക്കുക പോലെയുള്ള) രക്ഷപ്പെടാനായിട്ടാണ് ദുശ്ശാഠ്യം പ്രയോഗിക്കുന്നത് എങ്കിൽ, അപ്പോൾ തന്നെ നേരിട്ട് ഇടപെടുകയും കുട്ടിയെ അനുസരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങനെ പറയണം എന്നു നിങ്ങൾ ആഗ്രഹിക്കും, "നീ നിന്‍റെ   പല്ലു തേക്കുന്നില്ല എങ്കിൽ, ഞാൻ എന്‍റെ   കൈകൾ നിന്‍റെ കൈകൾക്കു മേൽ വയ്ക്കാം, അങ്ങനെ നിന്നെ അതു ചെയ്യുന്നതിന് സഹായിക്കാം." ഇത് കുട്ടിയുടെ സ്വയം ഭരണാധികാരം എടുത്തു കളയുന്നു, മിയക്ക കുട്ടികളും അത് ഇഷ്ടപ്പെടുന്നില്ല, നിങ്ങൾ അതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ, കുട്ടി വൈകാതെ തന്നെ ആ ആവശ്യം അനുസരിക്കും.

പക്ഷേ നിങ്ങൾ ധൃതിയിലാണ് എങ്കിൽ, കുട്ടി അനുസരിക്കുവാൻ വിസമ്മതിക്കുയും ചെയ്യുന്നു എങ്കിൽ, വിട്ടു കൊടുക്കുന്നത് യുക്തിപൂർണ്ണമായിരിക്കും. കാരണം നിങ്ങൾ ഒരു അധികാര പോരാട്ടത്തിൽ ഏർപ്പെടുകയും അവസാനം കുട്ടിയെ കുട്ടിയുടെ  ഇഷ്ടത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നത്, താൻ കൂടുതൽ പിടിച്ചു നിന്നാൽ, തന്‍റെ ഇഷ്ടത്തിന് അതു നടത്തിയെടുക്കുന്നതിനുള്ള അവസരം കൂടുതലാണ് എന്ന് കുട്ടിക്കു വിശ്വാസം തോന്നുന്നതിന് ഇടയാകും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org