ബാല്യകാലം

ഞാൻ ഇന്ന് സ്‌കൂളിൽ പോകുന്നില്ല!

സാധാരണ കുട്ടികൾ പറയുന്ന കാര്യമാണ്. കുട്ടികളിൽ ഉണ്ടാകുന്ന വേര്‍പിരിയല്‍ ആകാംക്ഷയെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്. 

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നിങ്ങൾ എപ്പോഴാണ് അവസാനമായി കുട്ടിയുമായി “ഒളിച്ചേ കണ്ടേ” കളിച്ചത്? ഒരു നിമിഷം നിങ്ങളുടെ മുഖം ഒളിപ്പിച്ചശേഷം പെട്ടെന്ന് അത് വെളിവാക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ആകാംക്ഷയും ആഹ്ലാദവും കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇതിനെക്കുറിച്ച് സ്വിസ് മനശാസ്ത്രജ്ഞൻ ഴാക് പിയജറ്റ് രൂപപ്പെടുത്തിയ വസ്തുനിലനില്‍ക്കുന്നു എന്ന ജ്ഞാനപദ്ധതിയിലാണ് ആദ്യമായി ചർച്ച ചെയ്തത്. പിയജറ്റ് മുന്നോട്ടുവെച്ച ആശയപ്രകാരം ആദ്യത്തെ എട്ട് മാസം കുട്ടിക്ക് തന്റെ മുമ്പിൽ കാണുന്നതല്ലാതെ വേറെയൊന്നും അറിയില്ല, അല്ലെങ്കിൽ വേറെ ഒന്നിനെക്കുറിച്ചും ബോധവാനല്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ കണ്ണിന് മുമ്പിലില്ലാത്തത് മനസിലുമില്ല എന്നതാണ് സ്വഭാവികമായ കാര്യം. എട്ട് മാസം മുതൽ 12 മാസം വരെയുള്ള കാലഘട്ടത്തിലാണ് തന്റെ മുമ്പിൽ കാണുന്നില്ലെങ്കിലും ഒരു വസ്തു നിലനിൽക്കുന്നുണ്ടെന്ന് കുട്ടി മനസിലാക്കുന്നത്. കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങുക എന്ന ഘട്ടമാണ് ഇത്. ഇത് കുട്ടിക്ക് നൽകുന്നത് വലിയ തിരിച്ചറിവാണ്. അവന്റെ വളർച്ചാഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍, അത് മിക്കവാറും മാതാപിതാക്കളോ അവനെ നോക്കുന്നവരോ ആകാം, കൺമുമ്പിൽനിന്ന് മറഞ്ഞാലും ഉള്ളത് തന്നെയാണെന്ന് അവൻ തിരിച്ചറിയുന്നു. അതിനനുസരിച്ച് അവൻ പ്രതികരിച്ച് തുടങ്ങുന്നു. അവരെ കണ്ടില്ലെങ്കില്‍ കരച്ചിലും വാശിയും ശാഠ്യവും പ്രകടിപ്പിക്കുന്നു.  
ഒരു കുഞ്ഞിന് ഏകദേശം എട്ടു മാസം പ്രായമുള്ളപ്പോഴാണ് സെപ്പറേഷൻ ആങ്‌സൈറ്റി ആദ്യമായി കാണപ്പെടാന്‍ തുടങ്ങുന്നത്. മാതാപിതാക്കളുമായുള്ള ദൃഢമായ ബന്ധം തുടങ്ങുന്ന കാലഘട്ടമാണിത്. ആദ്യമായി സ്‌കൂളിൽ പോകുന്ന സമയങ്ങളിലാണ് സെപ്പറേഷൻ ആങ്‌സൈറ്റി പ്രധാനമായും പ്രകടമാകുക. വേർപിരിയുന്നത് മൂലമുള്ള ആകാംക്ഷ ഓരോ കുട്ടിയിലും ഓരോ തരത്തിലാണ് പ്രകടമാകുക. 
  • സ്‌കൂളിൽ പോകാൻ താത്പര്യമില്ലായ്മ
  • അച്ഛന്റെയോ അമ്മയുടെയോ സാമീപ്യം എപ്പോഴും ആഗ്രഹിക്കുക, അവരുടേയോ കുട്ടിയെ നോക്കുന്നവരുടേയോ പിറകേ നടക്കുക. 
  •  വേർപിരിയുന്ന സമയത്ത് (സ്‌കൂളിൽ ആക്കുന്ന സമയങ്ങളിൽ) ശാഠ്യം പിടിക്കുക പലതരത്തിലുള്ള അസുഖങ്ങൾ, തലവേദന, വയറുവേദന തുടങ്ങിയവ പ്രകടിപ്പിക്കുക. 
ഇത് സാധാരണ കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. വളർച്ചാഘട്ടത്തിൽ പ്രകടിപ്പിക്കുന്ന ഈ സ്വഭാവവിശേഷം പ്രശ്‌നകാരിയല്ലെന്ന് മാത്രമല്ല കുട്ടിയുടെ വളർച്ചയുടെ സൂചന കൂടിയാണ്. തന്നെ സ്‌നേഹിക്കുന്നവരുമായുള്ള ദൃഢമായ ബന്ധത്തിന്റെ സൂചനയാണ് സെപ്പറേഷൻ ആങ്‌സൈറ്റി അഥവാ വേർപിരിയൽ വിഷാദം. താൻ സ്‌നേഹിക്കുന്നവരെ പിരിഞ്ഞിരിക്കാൻ വയ്യെന്നാണ് ഇതിലൂടെ കുട്ടി പറയാൻ ശ്രമിക്കുന്നത്. കുട്ടിയുടെ വൈകാരികാവസ്ഥകൾ മാതാപിതാക്കളും മനസിലാക്കണം. അതിനെ കൈകാര്യം ചെയ്യാനും ശ്രമിക്കണം. തങ്ങളെ പിരിഞ്ഞിരിക്കുന്നതിലുള്ള കുട്ടിയുടെ വേദന മനസിലാക്കണം. കുട്ടിയുടെ വാശിയും ശാഠ്യംപിടിക്കലും നേരിടാന്‍ തയ്യാറാകണം. 
സെപ്പറേഷൻ ആങ്‌സൈറ്റി അനുഭവിക്കുന്ന കുട്ടിയെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങളാണ് താഴെ പറയുന്നത്. ഇനി പറയുന്ന ആറ് കാര്യങ്ങൾ ചെയ്താൽ കുട്ടിയുടെ വിഷമം ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും.
കുട്ടിയെ സ്‌കൂളിൽ വിട്ടശേഷം ഒരിക്കലും പതുങ്ങി സ്ഥലംവിടാന്‍ ശ്രമിക്കരുത്: തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി പോകുന്ന മകനെ അല്ലെങ്കിൽ മകളെ നോക്കി നിൽക്കണം. അത് കുട്ടിയുടെ അരക്ഷിതബോധം കുറയ്ക്കാൻ ഇടയാക്കും. കുട്ടിയെ ഗേയ്റ്റിൽ വിട്ടശേഷം വളരെ വേഗത്തിൽ മടങ്ങുന്ന അച്ഛനുമമ്മയും കുട്ടിയുടെ ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നല്‍  ഇരട്ടിയാക്കും എന്ന് തിരിച്ചറിയുക. ആദ്യസമയങ്ങളിൽ കുറെയധികം സമയം കുട്ടിയോടൊപ്പം ചെലവഴിച്ച ശേഷം മാത്രം സ്‌കൂളിൽനിന്ന് പോരുക. പതുക്കെപ്പതുക്കെ ചെലവഴിക്കുന്ന സമയം കുറയ്ക്കുക. തിരികെയെത്തുന്ന സമയത്തെക്കുറിച്ച് കുട്ടി ബോധവാനാകുന്നത് വരെ ഇത് തുടരണം. സ്‌കൂളിൽ വിട്ടശേഷം മാതാപിതാക്കൾ തിരികെയെത്തുന്ന സമയത്തെക്കുറിച്ച് പതുക്കെ കുട്ടി ബോധവാനാകും. ഗുഡ്‌ബൈ പറഞ്ഞ് പോയശേഷം ഒരുറക്കവും ലഘുഭക്ഷണവും ചായകുടിയും കഴിഞ്ഞ് അച്ഛൻ/അമ്മ കൊണ്ടുപോകാൻ വരുമെന്ന കണക്കുകൂട്ടൽ കുട്ടിയിലുണ്ടാകും. അതുവരെ ക്ഷമയുള്ളവരായിരിക്കണം. 
എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന കാര്യത്തിലും കുട്ടിക്ക് ഒരു ബോധ്യമുണ്ടാകണം: നിങ്ങൾ തിരിച്ച് പോരുന്നതിന് മുമ്പായി കുട്ടി എന്തെങ്കിലും കളിയിൽ ഏർപ്പെട്ടതായി ഉറപ്പുവരുത്താൻ ശ്രമിക്കണം. കളർ ചെയ്യാൻ തുടങ്ങുക, ചെറിയ കട്ടകള്‍ കൂട്ടിയിണക്കുക (ബില്‍ഡിംഗ് ബ്ലോക്സ്) തുടങ്ങി എന്തെങ്കിലും കാര്യത്തിൽ വ്യാപൃതനായി എന്ന് തോന്നിയാൽ മാത്രം മടങ്ങിപ്പോരാൻ ശ്രമിക്കുക. കുട്ടിയെ സമാധാനിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം എന്താണെന്നതിനെപ്പറ്റി ടീച്ചറോട് സംസാരിക്കുക. ചില കുട്ടികള്‍ കഥാപുസ്തകങ്ങളോ പാട്ടുകളോ കൊണ്ടു ശാന്തരാകുന്നു. 
വീട്ടിൽ പോകുമ്പോൾ സ്‌കൂളിലുണ്ടായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുക: പ്രീ സ്‌കൂളിൽ ചേർക്കുന്നതിന് മുമ്പായി കുട്ടിയെ അവിടെ കൊണ്ടുപോകാൻ ശ്രമിക്കണം. അവിടെ പോകാനും കുട്ടികളോടൊപ്പം കളിക്കാനുമുള്ള താത്പര്യം കുട്ടിക്കും തോന്നണം. സ്‌കൂളിൽ പോകാൻ തുടങ്ങിയാൽ ടീച്ചർമാരുടെ പേരുകൾ ചോദിക്കണം. മറ്റുള്ള കുട്ടികളുടെ പേരുകൾ ചോദിക്കണം. മറ്റുള്ളവരുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനുമുള്ള താത്പര്യം കുട്ടിയിൽ വളർത്തിയെടുക്കണം. കുട്ടിയുടെ അധ്യാപകരുമായി ബന്ധം സ്ഥാപിക്കണം. ഇത് അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് കുട്ടിയേയും സഹായിക്കും. സ്‌കൂളിൽ കൊണ്ടുപോകുന്നതിനുള്ള സാധനങ്ങൾ തയ്യാറാക്കാൻ കുട്ടിയെ അനുവദിക്കുക. ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനും ബാഗ് തയ്യാറാക്കുന്നതിനും വസ്ത്രങ്ങള്‍ എടുത്തുവയ്ക്കുന്നതിനും കുട്ടിയെ പ്രേരിപ്പിക്കുക. ഇത് സ്‌കൂളിൽ പോകുന്നതിനുള്ള താത്പര്യം വർദ്ധിപ്പിക്കും. 
അമിത ആകാംക്ഷഭരിതരാകാതിരിക്കുക: മാതാപിതാക്കളെ അനുകരിക്കാനുള്ള ശ്രമം കുട്ടികളിൽ എപ്പോഴുമുണ്ടാകും. അതുകൊണ്ടുതന്നെ കുട്ടിയുടെ മുമ്പിൽവെച്ച് അമിതമായി ഉത്കണ്ഠാകുലർ ആകാതിരിക്കുക. നിങ്ങൾ അമിത ഉത്കണ്ഠാകുലർ ആണെങ്കിൽ നിങ്ങളുടെ കുട്ടി നിങ്ങളെ അനുകരിച്ച് നിങ്ങളുടെ തന്നെ ഒരു പ്രതിബംബമാകാന്‍ സാധ്യതയുണ്ട്. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിലിനിടയിലും നിങ്ങള്‍ക്ക് ശാന്തരായിരിക്കാന്‍ സാധിച്ചാല്‍ അതു പകുതി പ്രശ്നം പരിഹരിച്ചതുപോലെയാണ്. (പകുതി യുദ്ധം ജയിച്ചു). 
വിഷമം മാറ്റാൻ സാധനങ്ങൾ: എന്തെങ്കിലും കളിപ്പാട്ടങ്ങളും കുട്ടികൾക്ക് ഇഷ്ടമുള്ള വസ്തുക്കളും, കൂടെ കരുതുന്നത് കുട്ടിയെ വൈകാരികമായി സഹായിക്കുന്നു. വീട്ടിലെ സുരക്ഷിതത്വം തോന്നുന്നതിന് ഇത് ഉപകരിക്കും. പാവയോ മറ്റ് കളിപ്പാട്ടങ്ങളോ ആവാം. പതുക്കെപ്പതുക്കെ കുട്ടി പരാശ്രയത്വം ഒഴിവാക്കുകയും സ്വതന്ത്രമായി നിൽക്കാൻ പഠിക്കുകയും ചെയ്യും. സമപ്രായക്കാരുടെ സ്വാധീനം കുട്ടിയെ കളിപ്പാട്ടങ്ങളിലുള്ള അധിക ആശ്രയത്തില്‍ നിന്ന് സ്വതന്ത്രനാക്കുന്നു. 
വേർപിരിഞ്ഞിരിക്കുന്ന സമയം ആദ്യഘട്ടത്തിൽ വളരെ കുറവായിരിക്കണം: വളരെ പതുക്കെയാണ് അത് വർദ്ധിപ്പിക്കേണ്ടത്. കുട്ടിക്ക് മാതാപിതാക്കളെ പിരിഞ്ഞിരിക്കാനുള്ള സമയദൈർഘ്യം ആദ്യഘട്ടത്തിൽ കുറവായിരിക്കുന്നത് നല്ല ഫലമാണ് ഉണ്ടാക്കുക. പതുക്കെ അത് വർദ്ധിപ്പിച്ചാലും കുട്ടിക്ക് പ്രശ്‌നമില്ലാതാകും. ആരുമില്ല എന്ന തോന്നൽ ഉളവാക്കാത്ത രീതിയിൽവേണം ഇത് കൈകാര്യം ചെയ്യാൻ. കുട്ടി അത് കൈകാര്യം ചെയ്യുന്നു എന്ന് തോന്നിക്കഴിഞ്ഞാൽ സമയദൈർഘ്യം കൂട്ടാം. കുട്ടിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയോടൊപ്പമോ മുത്തശ്ശനോ മുത്തശ്ശിക്കോ ഒപ്പമോ സമയം ചെലവഴിക്കാന്‍ അനുവദിക്കുക. 
ശ്രദ്ധിക്കേണ്ടത് എപ്പോൾ? 
വേർപിരിയൽ ഉത്കണ്ഠ സാധാരണഗതിയിൽ മൂന്ന് വയസ് ആകുമ്പോഴേക്ക് മാറുന്നതാണ്. അതോടെ കുട്ടി പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ട് കഴിയും. നാലര വയസ് മുതൽ അഞ്ച് വരെയും കുട്ടിക്ക് വേർപിരിയിൽ ഉത്കണ്ഠ ഉണ്ടെന്ന് തോന്നിയാൽ, അത് ഒരു മാസം വരെ നീണ്ടുനിൽക്കുകയും ചെയ്താൽ സെപ്പറേഷൻ ആങ്‌സൈറ്റി ഡിസോഡർ (വേർപിരിയൽ ഉത്കണ്ഠാ രോഗം) ആണെന്ന് വ്യക്തം. 
'സ്‌കൂളിൽ പോകാൻ തീരെ താത്പര്യം കാണിക്കാതിരിക്കുന്നതും അമിതമായ പേടിയും സെപ്പറേഷൻ ആങ്‌സൈറ്റി രോഗത്തിന്റെ ലക്ഷണങ്ങളാണ്. കുട്ടിയുടെ ദിനചര്യകളെപ്പോലും ബാധിക്കുന്ന രീതിയിൽ ഇത് വളർന്ന് വരാം' നിംഹാൻസ് മനോരോഗവിദഗ്ദൻ ഡോ. ജോൺ വിജയ് സാഗർ പറയുന്നു. സെപ്പറേഷൻ ആങ്‌സൈറ്റി രോഗം മനസിലാക്കാനും വിലയിരുത്താനും പ്രത്യേകമായി രൂപകല്പന ചെയ്ത രീതികളാണ് മനോരോഗവിദഗ്ദ്ധർ സ്വീകരിക്കുന്നത്. അഭിമുഖത്തിലൂടെയും മറ്റ് പരിശോധനകളിലൂടെയുമാണ് ഇത് മനസ്സിലാക്കുന്നത്. മരുന്നുകളും മറ്റ് ചികിത്സാരീതികളും വഴിയാണ് സെപ്പറേഷൻ ആങ്‌സൈറ്റി രോഗാവസ്ഥ പരിഹരിക്കുന്നത്.' ചെറിയ കുട്ടികൾക്ക് നേരിട്ടുള്ള ചികിത്സാരീതിയല്ല പരീക്ഷിക്കുന്നത്. പ്ലേ തെറാപ്പിയും ആർട്ട് തെറാപ്പിയുമാണ് പരിഹരിക്കാനുള്ള ഒരു മാർഗ്ഗം. കോഗ്നിറ്റീവ്  ബിഹേവിയറൽ തെറാപ്പിയും റിലാക്‌സേഷൻ രീതികളും ഗ്രേഡഡ് സ്‌കൂൾ സമ്പ്രദായങ്ങളും മുതിർന്ന കുട്ടികളിൽ വളരെ ഫലപ്രദമായിരിക്കും. ഉത്കണ്ഠ രോഗം കൂടുതൽ ഗുരുതരമാണെങ്കിൽ മാത്രമാണ് മരുന്നുകള്‍ ഉപയോഗിക്കുകയെന്നും ഡോ. ജോൺ വിജയ് സാഗർ വ്യക്തമാക്കുന്നു. 
അനുബന്ധം: 
കുട്ടികളിൽ ഉണ്ടാകുന്ന ഉത്കണ്ഠ രോഗത്തെ സംബന്ധിച്ചും അവരുടെ മാനസിക പ്രശ്‌നങ്ങളെ സംബന്ധിച്ചുമുള്ള പ്രശസ്തങ്ങളായ ചില ഗ്രന്ഥങ്ങളാണ് താഴെ കൊടുക്കുന്നത്. ഇത് കുട്ടികളെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുകയും മാതാപിതാക്കൾ അടുത്തില്ലെങ്കിലും  ഉത്കണ്ഠാകുലർ ആകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. പരിചയമില്ലാത്ത സ്ഥലത്തും പരിചയമില്ലാത്ത ആളുകളുമായും ഇടപഴകാനും സഹായിക്കും. 
ഓഡ്രേ പെന്‍ രചിച്ച കിസ്സിങ്ങ് ഹാൻഡ്- കാട്ടിലെ സ്‌കൂളിൽ പോകാൻ താത്പര്യമില്ലാത്ത പേടിത്തൊണ്ടനായ ഒരു മരപ്പട്ടിയുടെ പേടി മാറ്റാൻ അമ്മ പറയുന്ന മാന്ത്രിക രഹസ്യമാണ് ഈ ബാലസാഹിത്യകൃതിയുടെ ഉള്ളടക്കം. ബാലസാഹിത്യകൃതികളിലെ ബെസ്റ്റ് സെല്ലറാണ് ഈ കൃതി.
മൂങ്ങക്കുട്ടികൾ (മാർട്ടിൻ വാഡെൽ): മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ കൃതി രാത്രിയിൽ ഉണർന്നെഴുന്നേറ്റ മൂന്ന് മൂങ്ങ കുട്ടികളുടെ കഥ പറയുന്നു. അമ്മ പോയതറിഞ്ഞ ഇവരുടെ പ്രശ്‌നങ്ങളാണ് ഇതിൽ പറയുന്നത്.
ലാമ ലാമ മിസ്സസ് മമ്മ (അന്നാ ഡെഡ്നേ): സ്‌കൂളിലെ ആദ്യദിനത്തിന്റെ ഉല്‍സാഹം തീരെ ഇല്ലാതെയാണ് ലാമ പോകുന്നത്, അമ്മ ക്ലാസ്സിൽ കൊണ്ടുപോയി വിട്ടെങ്കിലും വളരെയധികം പുതുമുഖങ്ങള്‍ക്ക് നടുവില്‍ അവന്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ തോന്നി. 
മമ്മി, പോകല്ലേ (എലിസബത്ത് ക്രേരി, മരിനാ മെഗലെ): അമ്മ ദൂരെ ഒരു യാത്ര പോകുന്നതിൽ മാത്യു അങ്ങേയറ്റം ദുഃഖിതനാണ്, പേടിയുമുണ്ട്. കഥ പുരോഗമിക്കുമ്പോൾ വായനക്കാരെ മാത്യുവിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്ഷണിക്കുകയാണ്.
White Swan Foundation
malayalam.whiteswanfoundation.org