അഭിമുഖം: മാനസികരോഗം ഉള്ളവരോടുള്ള വിവേചനങ്ങൾ അവരെ ബലഹീനരാക്കുന്നു

മാനസികരോഗം ഉള്ളവർക്കെതിരെയുള്ള സമൂഹത്തിന്റെ മനോഭാവം മാറാൻ കാലങ്ങളെടുക്കും. എന്നാൽ ഇതിനകം നമ്മൾ മികച്ച പുരോഗതിനേടിയിട്ടുണ്ട്, മാത്രമല്ല, കാര്യങ്ങൾ വളരെ പ്രതീക്ഷാ ജനകവുമാണ്.
മാനസിക രോഗത്തെക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന സമൂഹമാണ് നമ്മുടേത്. മാനസികരോഗമുള്ളവരോടുള്ള പരിഗണനയുടെ കാര്യത്തിൽ നമ്മുടെ സമൂഹം അനുഭാവപൂർവ്വമല്ല പെരുമാറുന്നത്. മെൽബണിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലെ മുതിർന്ന മനോരോഗവിദഗ്ദ്ധയും യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ പ്രൊഫസറുമായ സിഡ്നി ബ്ലോച്ച് പറയുന്നത് മാനസികരോഗികളെ പരിഗണിക്കുന്ന കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ കാണിക്കണമെന്നാണ്. വൈറ്റ്സ്വാൻ ഫൗണ്ടേഷനിലെ പട്രീഷാ പ്രീതവുമായുള്ള സംഭാഷണമധ്യേയാണ് ഇവർ (ഡോ.ബ്ലോച്ച്) ഇക്കാര്യം പറയുന്നത്. പൊതുസമൂഹത്തിന്റെ ഈ മനോഭാവം മാനസിക രോഗമുള്ളവരെ കൂടുതൽ പ്രശ്‌നത്തിലാക്കുമെന്നും അവരുടെ മാനസികനില തകരാറിൽ ആകുന്നതിനു തന്നെ കാരണമാകുമെന്നുമാണ് അവർ വാദിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മനോഭാവം മാറണമെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹത്തിന്റെ ഈ മനോഭാവത്തെ മാറ്റിയെടുക്കേണ്ടത്. 
  
നാൽപത് വർഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഒരു മനോരോഗ ചികിത്സകൻ എന്ന നിലയിൽ എന്തൊക്കെ മാറ്റങ്ങളാണ് മനോരോഗ ചികിത്സാരംഗത്ത് താങ്കള്‍ക്ക് കാണാനാകുന്നത്? 
ഈ ചോദ്യത്തിന്റെ ഉത്തരം ഇതാണ്: ഒരല്‍പവും വളരെയേറെയും എന്നുവരികിലും അത് വിരോധാഭാസമായും തോന്നാം. ഞാൻ മനോരോഗ ചികിത്സ തുടങ്ങുന്ന കാലത്ത് വളരെ കുറച്ച് മരുന്നുകൾ (ചികിത്സകൾ) മാത്രമാണ് ഉണ്ടായിരുന്നത്. വിറയൽ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങളുള്ള ചികിത്സാരീതികളാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ അമ്പത് വർഷത്തെ കാര്യം  നോക്കിയാൽ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ ഭേദമാണ്. ഇപ്പോൾ ഈ മേഖലയിൽ ധാരാളം ചികിത്സാരീതികളുണ്ട്. മരുന്ന് കൊണ്ട് മാത്രമല്ല ഇപ്പോഴത്തെ ചികിത്സ, അതിൽ മാനസിക ആരോഗ്യ ചികിത്സയും സാമൂഹിക ചികിത്സാരീതികളും ഉൾപ്പെടെ പല നൂതന രീതികളും ഉൾപ്പെടുന്നു. കൂടാതെ മാനസികാരോഗ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ അറിവുകളും നിലവിലുണ്ട്. എന്താണ് മാനസികരോഗം, എങ്ങനെയാണ് അത് ചികിത്സിക്കേണ്ടത്, തലച്ചോറിൽ എന്ത് പ്രശ്നമാണുള്ളത് എന്നിങ്ങനെ വിവിധ കാര്യങ്ങളിൽ നല്ല ബോധ്യമുണ്ട്, എന്നാൽ ഇനിയും ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു. 
കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഓട്ടിസം പോലുള്ള അസുഖങ്ങളെക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടികൾ വളരുന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാകുന്നു. എന്താണ് കുട്ടികളിലെ യഥാർത്ഥ പ്രശ്‌നമെന്ന് നമുക്ക് മനസിലാകില്ല. ജനിതക പ്രശ്‌നമാണ് എന്ന തരത്തിലാവും ഇതിനെ എടുക്കുക. കുട്ടികളിലെ ഓട്ടിസം എന്താണെന്ന് വളരെ ചെറിയ അറിവ് മാത്രമാണ് നമുക്കുള്ളത്. അത് ഇനിയും വളരെയധികം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് മനസിലാക്കാനുള്ള കഴിവൊക്കെ ഇതിനകം നമ്മൾ നേടിയെടുത്തിട്ടുണ്ട്. തലച്ചോറ് പരിശോധിക്കാനും അതിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാനും എക്‌സ്‌റേ ഉൾപ്പെടെയുള്ള സൗകര്യങ്ങളും നിലവിലുണ്ട്. ജനിതകരോഗങ്ങളെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും കാര്യമായ ബോധ്യം ഇക്കാലത്തുണ്ട്. ചില ജനിതക കോശങ്ങൾ ഓട്ടിസം ഉണ്ടാക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും ധാരണയുണ്ട്. ഏതൊക്കെ ജീനുകളാണ് കുട്ടിക്ക് പ്രശ്‌നമാകുന്നത് എന്നുമറിയാം. 2000ൽ ഹ്യൂമൻജനോം കണ്ടുപിടിച്ചതോടെ തന്നെ ഈ വിഷയത്തിൽ കാര്യമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. 
ഒരു ലാബിൽ പോയാൽ തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും. രാസപദാർത്ഥങ്ങളുടെ പ്രവർത്തനങ്ങൾ, ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ബയോകെമിക്കൽ വസ്തുക്കളുടെയും പ്രവർത്തനം എന്നിങ്ങനെ തലച്ചോറിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും. കഠിനമായ മാനസികരോഗങ്ങളെക്കുറിച്ച് അറിയാനുള്ള മാർഗ്ഗങ്ങളുമുണ്ട്. ഇതിനെല്ലാമുള്ള നൂതന ചികിത്സാരീതികളും ഇപ്പോൾ ലഭ്യമാണ്. പല വിഷയങ്ങളിലും ഗവേഷണങ്ങൾ നടന്നുവരുകയാണ്, പല ചികിത്സാരീതികളും കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. അതിനെല്ലാം സമയമെടുക്കും. നമ്മൾ ക്ഷമയുള്ളവരായിരിക്കണം. കാര്യങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ഇതാണ് എല്ലാവർക്കുമുള്ള പ്രധാനപ്പെട്ട സന്ദേശം. 
ലോകത്തിലെ എല്ലാസമൂഹങ്ങളിലും മാനസികരോഗമുള്ളവർ സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്നു. വിവേചനം അനുഭവിക്കുന്നു. സമൂഹത്തിന്റെ ഈ തെറ്റായ വിശ്വാസങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യാനാവുക? 
ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളിയാണിത്. മാനസിക രോഗികൾ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് സമൂഹത്തിലുള്ള ഈ ഒറ്റപ്പെടൽ. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ കഴിയാത്തവരായിട്ടാണ് അവരെ കണക്കാക്കുന്നത്. ഇത് കുറെയൊക്കെ ശരിതന്നെയാണ്. പതിനെട്ടാമത്തെ വയസിൽ മാനസികാരോഗ്യ പ്രശ്‌നം തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സാമൂഹിക ഒറ്റപ്പെടലുണ്ടാക്കുന്ന പ്രശ്‌നം സങ്കീർണ്ണമാണ്. അയാളുടെ വിവാഹം, കരിയർ തുടങ്ങിയ കാര്യങ്ങളിൽ വലിയ വെല്ലുവിളിയുണ്ടാകുന്നു. ഇതെല്ലാം സത്യം തന്നെയാണ്. ഇങ്ങനെയുള്ളവരെ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അവരെ മനസിലാക്കാൻ പറ്റില്ലെന്നുമാണ് എല്ലാവരും കരുതുന്നത്. 
ബാക്കി എല്ലാവരെയുംപോലെ പ്രവർത്തനക്ഷമത ഇവർക്ക് ഉണ്ടാകില്ലെന്നും നമ്മൾ കരുതുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മൾ അവരിൽ കഴിവില്ലാത്തവർ എന്ന ലേബൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്, അവരെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അവർക്ക് ജോലി ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് അവരെ മാറ്റിനിർത്തുന്നു. മറ്റുള്ളവരെപ്പോലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള പ്രാപ്തി അവർക്കില്ലെന്നും നമ്മൾ വിധിക്കുന്നു. അവരെ ഉത്തരവാദിത്തങ്ങളിൽനിന്ന് നമ്മൾ മാറ്റിനിർത്തുന്നു. ഇത് രോഗികളെ ബലഹീനരാക്കുകയാണ് ചെയ്യുന്നത്.
ഇതിനെയെല്ലാം ബോധവത്കരണം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മറികടക്കാൻ ശ്രമിക്കണം. നമ്മുടെ സമീപനം ശരിയായരീതിയിലുള്ളതല്ലെന്നും,  മാനസികരോഗമുള്ളവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. മാനസികരോഗ പ്രവണത കാണിക്കുന്നവരുടെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും നിരന്തരം പറയുന്ന ഒരു കാര്യം അവരോട് വേർതിരിവ് കാണിക്കരുതെന്നാണ്. അപമാനഭയം ഉണ്ടാക്കരുതെന്നും, അവരെ വേണ്ടവിധം സഹായിക്കാനും ആവശ്യപ്പെടാറുണ്ട്. ഞാനും മനുഷ്യനാണെന്ന് മറ്റുള്ളവരോട് പറയാൻ രോഗികളോടും ഞാൻ ആവശ്യപ്പെടാറുണ്ട്. അവർക്കും ആവശ്യങ്ങളും വികാരങ്ങളുമുണ്ട്. അവർക്ക് രോഗമുണ്ടായിരിക്കാം, എന്നാൽ അവരും മറ്റുള്ള എല്ലാവരെയും പോലെ മനുഷ്യരാണ്. 
ഇന്ത്യ പോലുള്ള രാജ്യങ്ങളെ പരിഗണിച്ച് നോക്കുമ്പോൾ ഓസ്‌ട്രേലിയ മികച്ച മാനസീകാരോഗ്യ ചികിത്സാസൗകര്യങ്ങളുള്ള, അതിന് കൂടുതൽ സാമൂഹ്യ സ്വീകാര്യതയുള്ള  ഒരു രാജ്യമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മാനസികാരോഗ്യ ചികിത്സാമേഖലയിൽ നടപ്പിലാക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? ഇന്ത്യയിൽ ഇപ്പോഴും മാനസീകാരോഗ്യ മേഖല ചില സാമൂഹിക പ്രശ്നങ്ങളെ നേരിടുകയാണല്ലോ ?
വലിയ ചോദ്യമാണിത്. നിങ്ങള്‍ പറയുന്നത് പൂര്‍ണമായും ശരിയാണോ എന്നെനിക്കു സംശയവുമുണ്ട്. നമ്മൾ മാനസികാരോഗ്യരംഗത്ത് ഏറെ പുരോഗതി നേടിയെടുത്ത സമൂഹമാണ്. മാനസിക ആരോഗ്യ ചികിത്സ, മാനസികരോഗം തുടങ്ങിയ വൈവിധ്യങ്ങൾക്ക് നൂതന ചികിത്സയും ലഭ്യമാണ്. എന്നാൽ ഇപ്പോഴും കാര്യവിവരമില്ലാത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് മനോരോഗികളെ വിഷമത്തിലാക്കുന്നത്. അഞ്ച് ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ്ക്ക് മെല്‍ബോണിൽ ചെലവാകുന്നത്. അത് സമൂഹമാണ് നല്‍കുന്നത്. മാനസികരോഗികളുടെ ചികിത്സയ്ക്ക് താരതമ്യേന ചിലവ് കുറവാണ്. എന്നാൽ അതിനുള്ള പണം അടയ്ക്കുന്ന കാര്യത്തിൽ ഒരു ധാരണയുമില്ല. അതിന് സമൂഹം തയ്യാറല്ല. മാനസികരോഗത്തെക്കാള്‍ വലുതാണ് ഹൃദയം മാറ്റിവെയ്ക്കൽ എന്ന് കരുതുന്ന സമൂഹമാണ് പ്രശ്‌നക്കാര്‍. 
നമുക്ക് ഒരു തൊഴിലെന്ന രീതിയിൽതന്നെ വികാസം പ്രാപിച്ച മനോരോഗചികിത്സ, മാനസീകാരോഗ്യ പഠനം, മാനസികരോഗ സാമൂഹിക പ്രവർത്തനം, മാനസീകാരോഗ്യ സഹായികൾ, ഒക്യുപേഷണൽ തെറാപിസ്റ്റ് എന്നിവയുണ്ട്. നമ്മുടെ ഈ സംഘടിത ശക്തി ഉപയോഗിച്ച് മനോരോഗ ചികിത്സയും ശുശ്രൂഷയും മികച്ച രീതിയിൽ നടത്താവുന്നതാണ്. ഇതൊരു വലിയ ജോലിയാണ്, കൂടുതൽ സമയവും കരുതലും ആവശ്യമുള്ള ഒന്നാണ്. 
ഞാൻ മനോരോഗ ചികിത്സകയായി ജോലി ചെയ്തിരുന്ന ചെറുപ്പകാലത്ത് നല്ല സൗകര്യങ്ങളും നൂതന ചികിത്സാമാർഗ്ഗങ്ങളും ഉള്ള ആശുപത്രികൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. കിടത്തിയുള്ള ചികിത്സയും ഓട്ട്‌പേഷ്യന്റെ യൂണിറ്റുമുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കാലക്രമേണ മികച്ച രീതിയിലുള്ള ചികിത്സാമാർഗ്ഗങ്ങൾ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. 
ഇന്ത്യ ഇക്കാര്യത്തിൽ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. നാളയോ മറ്റന്നാളോ അതിനടുത്ത ദിവസമോ എല്ലാം ശരിയായെന്നു വരില്ല. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വളരെ വേഗത്തിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്.എന്നാൽ നമുക്കു മുന്നിലുളള സാധ്യതകളെയും സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങളെയും കണക്കിലെടുത്ത് മാനസികരോഗത്തെ നേരിടുന്നതിൽ നമുക്ക് പതിയെ മുന്നേറാനാകും. നമുക്ക് കാര്യങ്ങൾ നല്ലരീതിയിലും മികച്ച രീതിയിലും ചെയ്യാനുള്ള മാർഗ്ഗങ്ങളുണ്ട്. എന്നാൽ ചില കാര്യങ്ങളിലുള്ള ഉട്ടോപ്യൻ ചിന്താഗതിയാണ് പ്രശ്‌നം. കാര്യങ്ങളൊന്നും സംഭവിക്കാതെ വരുമ്പോൾ നമ്മൾ പ്രശ്‌നത്തിലാകുന്നു. നിരുത്സാഹപ്പെടുന്നു. എന്നാൽ ചില മേഖലകളിൽ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അത് ആശാവഹമാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. എന്തെങ്കിലും തരത്തിൽ ഞങ്ങൾ നിങ്ങളെക്കാൾ വളരെ ഉയരെയാണ് എന്ന ചിന്തയൊന്നുമില്ല. ഞാൻ ചില ചിന്തകൾ പങ്കുവെയ്ക്കാനാണ് ശ്രമിച്ചത്. ഞാൻ ഇവിടെ വരുന്നു, നിങ്ങളും വരുന്നു. കാര്യങ്ങൾക്ക് എങ്ങനെയാണ് മികച്ച രീതിയിൽ മാറ്റം വരുത്താൻ സാധിക്കുക എന്ന വിഷയത്തിൽ നമുക്ക് സംസാരിക്കാം. അതിനുശേഷം അവയെ പ്രാവർത്തികമാക്കാം. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org