മാനസികരോഗങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണം

പരമ്പരാഗത സങ്കല്പത്തിന് വിരുദ്ധമായി മാനസികരോഗികൾ അക്രമികളാകുകയല്ല, അക്രമത്തിന് ഇരകളാകുകയാണ്. ഇതാണ് യാഥാർത്ഥ്യം.
ഒരു അക്രമസംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ, പ്രത്യേകിച്ച്  മാനസികരോഗി കൂടി ഉൾപ്പെട്ടിട്ടുള്ള അക്രമസംഭവം റിപ്പോർട്ട് ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒരു വെടിവെപ്പ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾ മാനസികരോഗാശുപത്രിയിൽ ചികിത്സ യിലിരുന്ന ആളാണ്. ഈ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ചില മാധ്യമപ്രവർത്തകർ അയാളുടെ മാനസികനിലയെക്കുറിച്ചുള്ള അനുമാനങ്ങളും ഊഹങ്ങളും ചാനലിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ചിലരാകട്ടെ തങ്ങൾ സാക്ഷികളാകാത്ത ആ സംഭവത്തിന്റെ റിപ്പോർട്ടിങ്ങിൽ ഇല്ലാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളും വിളിച്ച് പറഞ്ഞ് സ്‌തോഭജനകമായി അവതരിപ്പിച്ചു. മാനസികനില തകരാറിലായവരെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണ പരത്തുന്നതും സ്‌തോഭജനകവുമായ റിപ്പോർട്ടിങ്ങ് സമൂഹത്തിൽ അവരെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒന്നുകൂടി മോശമാക്കും, എന്നു മാത്രമല്ല മാനസികരോഗികളോടുള്ള സമൂഹത്തിന്റെ വേർതിരിവ് ഒരിക്കലും മാറാനും പോകുന്നില്ല. നിംഹാൻസിലെ ഡോ. വി സെന്തിൽ കുമാർ റെഡ്ഡിയുമായി വൈറ്റ് സ്വാൻ ഫൗണ്ടേഷൻ നടത്തിയ സംഭാഷണത്തിൽ മാനസികരോഗികൾ ഉൾപ്പെടുന്നതും മാനസികവിഭ്രാന്തിയുള്ളവരെ സംബന്ധിച്ചുമുള്ള മാധ്യമ റിപ്പോർട്ടിങ്ങിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുന്നു. 
മാനസികവിഭ്രാന്തി ഉള്ളവർ കൂടി പങ്കാളികളായ ഒരു സംഭവത്തെ മാധ്യമങ്ങൾ എങ്ങനെയാണ് ബോധപൂർവ്വം റിപ്പോർട്ട് ചെയ്യേണ്ടത്?  
മാനസികനില തകരാറിൽ ആയവർ ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മിക്കവാറും മാധ്യമങ്ങളും തെറ്റായ (പൂർണ്ണമല്ലാത്ത) വിവരങ്ങളാണ് നൽകുന്നത്, അല്ലെങ്കിൽ അർദ്ധസത്യം പ്രചരിപ്പിക്കുന്നു. അതുമല്ലെങ്കിൽ തെറ്റായ വിവരങ്ങൾക്ക് ഊന്നൽ നൽകി സ്‌തോഭജനകമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നു. അത് മാനസികനില തകരാറിൽ ആയ വ്യക്തിയുടെ ആത്മഹത്യ ആണെങ്കിലും ഇതാണ് അവസ്ഥ. നടന്ന സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുക എന്നത് പ്രാഥമികമായ കാര്യമാണ്.സംഭവം വീണ്ടും വീണ്ടും ആവർത്തിച്ച് കാണിക്കേണ്ട ആവശ്യമില്ല.
ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എങ്ങനെയാണ് മാധ്യമങ്ങൾക്ക് മാനസികരോഗികളെ അപമാനിക്കാത്ത വിധം ചെയ്യാനാവുക. എങ്ങനെയാണ് സൂക്ഷ്മത പുലർത്തേണ്ടത്? 
നടന്ന സംഭവത്തിന്റെ ചില വിശദാംശങ്ങൾ ഒഴിവാക്കിയാകും മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൃത്യമായ വിവരങ്ങൾ അപ്പോൾ ലഭ്യമായിട്ടുണ്ടാവില്ല, അല്ലെങ്കിൽ കിട്ടിയ വിവരങ്ങൾ കൃത്യമായിരിക്കില്ല. എന്നാലും റിപ്പോർട്ടിങ്ങ് നടക്കുന്നു. അതിൽ മാനസികനില തകരാറിലായ ഒരാൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റിപ്പോർട്ടിങ്ങിന്റെ സ്വഭാവം മാറും എന്നു മാത്രം. കുറച്ചുകൂടി വസ്തുനിഷ്ഠമായ റിപ്പോർട്ടിങ്ങാണ് ഉണ്ടാവേണ്ടത്, ആർക്കെങ്കിലും പരിക്ക് പറ്റുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും. മാനസികനില തകരാറിലായ ഒരാളുടെ സാന്നിധ്യമല്ല പ്രശ്‌നങ്ങൾക്ക് കാരണമെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന തരത്തിലാവണം റിപ്പോർട്ടിങ്ങ്. ഇത് ജനങ്ങളെ ബോധവത്കരിക്കാൻ കിട്ടുന്ന അവസരമായി വേണം കാണാൻ. മാനസികനില തകരാറിൽ ആയവർ ഉണ്ടാക്കുന്ന അക്രമങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകൾ വ്യക്തമാക്കുന്ന ലേഖനങ്ങളോ പ്രസിദ്ധീകരണങ്ങളോ മറ്റോഇവിടെ ഉപയോഗിക്കാവുന്നതാണ്. 
മാനസികരോഗികളുടെ അക്രമങ്ങളെക്കുറിച്ചുള്ള വാസ്തവവിരുദ്ധ റിപ്പോർട്ടിങ്ങ് ഉണ്ടാക്കുന്ന അനന്തരഫലങ്ങൾ എന്തൊക്കെയാണ്?
വാസ്തവവിരുദ്ധ റിപ്പോർട്ടിങ്ങ് മാനസികനില തകരാറിൽ ആയവരെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുകാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതിന് കാരണമാകും. കൂടാതെ മാനസികനില തകരാറിൽ ആയവർക്ക് ഗുരുതരമായ അക്രമങ്ങൾ ചെയ്യാൻ സാധിക്കുമെന്ന മനോനില രൂപപ്പെടുന്നതിനും ഇത് കാരണമാകും. അവരുടെ മാനസികനില തകരാറിലായതാണ് അക്രമങ്ങൾക്ക് കാരണമെന്ന ചിന്തയും രൂപപ്പെടും. ഇത്തരം റിപ്പോർട്ടുകളും മറ്റുമാണ് പലപ്പോഴും മാനസികനില തകരാറിലായവരെ മാറ്റിനിർത്താൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഇതിൽ യഥാർത്ഥത്തിൽ ഇരകളാക്കപ്പെടുന്നത് എന്തോ കാരണത്താൽ മാനസികനില തകരാറിലായ മനുഷ്യരാണ്. 
മാനസിക നില തകരാറിൽ ആയവർക്ക് സാധാരണ മനുഷ്യരെക്കാൾ അക്രമവാസന കൂടുതലാണെന്ന വിശ്വാസം പൊതുസമൂഹത്തിനുണ്ട്. ഇതിൽ വാസ്തവമുണ്ടോ? 
സത്യം ഇതിൽനിന്ന് ഒരുപാട് ദൂരെയാണ്, ഞാൻ ഇത് പറയുന്നത് കൃത്യമായി നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെ പിൻബലത്തോടെയാണ്. ഇത് ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളാണ്. മൊത്തം ജനസംഖ്യയുടെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് അക്രമവാസന കാണിക്കുന്ന തരത്തിലുള്ള മാനസികരോഗം ഉള്ളത്. മാനസികരോഗികളിൽതന്നെ ഇത് 5 ശതമാനം മുതൽ 15 ശതമാനം വരെ മാത്രമാണ്. അതായത് നൂറ് മാനസികരോഗികളെ എടുത്താൽ അവരിൽ അഞ്ചോ, പരമാവധി 15 പേരോ മാത്രമാണ് അക്രമവാസന കാണിക്കാൻ സാധ്യതയുള്ളത്. ഈ കുറ്റകൃത്യങ്ങളുടെ ഇരകൾ മിക്കവാറും കുടുബാംഗങ്ങൾ തന്നെയാവും, അജ്ഞാതരായ മനുഷ്യർ ഇരകളാകാനുള്ള സാധ്യത കുറവാണ്. ഇവരുടെ മാനസികരോഗവുമായി ഈ അക്രമങ്ങൾക്ക് ബന്ധമുണ്ടാകാനുള്ള സാധ്യതയും കുറവാണ്. രണ്ടുപേർക്കിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളാകാം ഇതിന് കാരണം. ആളുകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരുപാട് പഠനങ്ങൾ നേരത്തെ പുറത്തു വന്നിട്ടുണ്ട്. മാനസിക രോഗികൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതിന് ചെറിയ ഉദാഹരണങ്ങൾ മാത്രമാണുള്ളത്. ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വെറും നാല് ശതമാനം മാത്രമാണ് മാനസികരോഗികളാൽ സംഭവിക്കുന്നത്. ഇത് തുടർ പഠനങ്ങൾ മൂലം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 96 ശതമാനം കുറ്റകൃത്യങ്ങളും ഒരു തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലാത്തവരാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഭൂരിപക്ഷം പേർക്കും യാതൊരു തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ല എന്നതും വസ്തുതയാണ്. മാനസികരോഗം അക്രമങ്ങളിലേക്ക് നയിക്കാനുള്ള ചോദന ആകുന്നില്ല. മാനസികരോഗമുള്ളവരെല്ലാം അക്രമികളാകുമെന്ന പൊതുബോധം തെറ്റാണ്, പ്രത്യേകിച്ച് മറ്റുള്ളവരെ അപേക്ഷിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന ധാരണ. 
മാനസികരോഗികൾ കുറ്റകൃത്യം ചെയ്യില്ലെന്ന് താങ്കൾ പറഞ്ഞു, എന്നാൽ തകർന്ന മനോനില അതിന് പ്രേരിപ്പിക്കുമോ? എന്തുകൊണ്ടാണ് മനോരോഗികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്?  
മനോരോഗികൾ നടത്തുന്ന അക്രമങ്ങളെക്കുറിച്ചും ഒരേതരം രോഗമുള്ളവർ അക്രമങ്ങൾ നടത്തുന്നതിനെക്കുറിച്ചും നടത്താത്തതിനെക്കുറിച്ചുമുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ചിലർ അക്രമവാസന ഉള്ളവരാണ്, ചിലർക്ക് അക്രമവാസന ഇല്ല. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില മനോരോഗികൾ അക്രമവാസന കാണിക്കുന്നത് അവർക്ക് രോഗംകൊണ്ട് ഉണ്ടായ അക്രമവാസനയല്ല, അവർക്ക് അല്ലാതെ തന്നെ അക്രമവാസന ഉണ്ടെന്നതാണ് സത്യം. ചിലർക്ക് അക്രമവാസനയില്ല. അതുകൊണ്ട് തന്നെ മനോരോഗം ഉണ്ടെങ്കിലും അവർ അക്രമവാസന കാണിക്കുന്നില്ല. 
1) മദ്യത്തിന്റെ ദുരുപയോഗം, ലഹരി ഉപയോഗിക്കുക, ഉന്മാദവസ്ഥയിലെത്തുക: മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അല്ലെങ്കിൽ ചൂഷണത്തിനു വിധേയരായ നല്ലൊരു ശതമാനം ജനങ്ങളും അമിതമായ അക്രമവാസന കാണിക്കുന്നവരാണ്. 

2) ആവേശഭരിതരായവർ, അക്രമാസക്തതയുള്ളവർ, വിദ്യാഭ്യാസം കുറഞ്ഞവർ, ദാരിദ്ര്യം, മോശം സാമ്പത്തിക സ്ഥിതിയുള്ളവർ എന്നിവർ കൂടുതൽ അക്രമം കാണിക്കാനിടയുണ്ട്. 
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാനസിക രോഗം ഇല്ലയോ ഉണ്ടോ എന്നതൊന്നും പരിഗണനാവിഷയമല്ല. ഇവർ അക്രമവാസന കാണിക്കാനുള്ള സാധ്യതയുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരിക്കുകയും അവർ മനോരോഗിയും കൂടിയാണെങ്കിൽ ഇതേപ്രശ്‌നമുള്ള സാധാരണ ആളുകളെക്കാൾ കൂടുതൽ അക്രമവാസന കാണിക്കാനിടയുണ്ട്.
മനോരോഗത്തെക്കുറിച്ച് സംസാരിക്കുമ്പോഴും റിപ്പോർട്ട് ചെയ്യുമ്പോഴും മാധ്യമ പ്രവർത്തകർ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നാണ് പറയുന്നത്?
മനോരോഗി എന്ന വാക്ക് ഉപയോഗിക്കുന്നതിലും നല്ലത് വൈദ്യശാസ്ത്രപരമായ വാക്ക് ചിത്തഭ്രമം എന്നോ മാനസികവിഭ്രാന്തി എന്നോ പ്രയോഗിക്കുന്നതാണ്. മനോരോഗി എന്ന വാക്ക് എല്ലാവരെയും ഒരുപോലെ കാണുന്നതിന് കാരണമാകുന്നു. മനോരോഗ വിദഗ്ദ്ധനെ കാണുന്നവരെല്ലാം മനോരോഗികളല്ലെന്ന് പറയുന്നത് പോലെ എല്ലാ മനോരോഗികളും ഭ്രാന്തന്മാരല്ല. അപൂർവ്വം ചില മനോരോഗികളാണ് അക്രമവാസന കാണിക്കാൻ സാധ്യതയുള്ളത്. ചിലതരം വിഷാദരോഗം, ഉത്കണ്ഠാകുലത എന്നിവ കാണിക്കുന്നവർ അക്രമവാസന കാണിക്കാനുള്ള സാധ്യതയില്ല. എന്തിനധികം പറയുന്നു, സ്‌കിസോഫ്രീനിയ പോലുള്ള അസുഖങ്ങൾ ഉള്ളവർ പോലും അക്രമവാസന കാണിക്കില്ല, എന്ന് മാത്രമല്ല അവർ പലപ്പോഴും ഇരളാക്കപ്പെടുകയാണ് പതിവ്. സ്‌കിസോഫ്രീനിയ രോഗമുള്ളവർ സാമൂഹികമായി അപമാനിക്കപ്പെടുകയാണ് പതിവ്. പൂർണ്ണമായുള്ള വിശദാംശങ്ങൾ പുറത്തുവിടാതെ മനോരോഗം ബാധിച്ചവരുടെ അക്രമവാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപകടമാണ്. മനോരോഗികൾ ഉൾപ്പെട്ട അക്രമസംഭവം സ്‌തോഭജനകമായി റിപ്പോർട്ട് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഇരവത്കരണമാണ് നടക്കുന്നത്. മനോരോഗം ബാധിച്ച ഒരു ചെറിയ സമൂഹത്തെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടിയാണ് മാധ്യമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്നത്. 
മനോരോഗം/ ചിത്തഭ്രമം ബാധിച്ചവർ ഉൾപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ. 
മനോരോഗം ബാധിച്ചവർ ഉൾപ്പെട്ട സംഭവങ്ങൾ, അക്രമമോ അല്ലാത്തതോ, റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ ചുവടെ. 
ചെയ്യാവുന്നത്
ഏതുതരം മനോരോഗമാണ് ഇതിൽ ഉൾപ്പെട്ടയാൾക്ക് ഉള്ളതെന്ന് കൃത്യമായി രേഖപ്പെടുത്തുക. രോഗത്തിന്റെ വൈദ്യശാസ്ത്രനാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിവേണം ഇത് സംബന്ധിച്ചുള്ള വാർത്ത കൊടുക്കാൻ. 
അകത്തെ പേജുകളിലായിരിക്കണം സ്റ്റോറി പ്രസിദ്ധീകരിക്കേണ്ടത്.
വസ്തുനിഷ്ഠമായും കൃത്യമായ വിവരങ്ങളെയും വേണം റിപ്പോര്‍ട്ടുചെയ്യാന്‍, വിശേഷണങ്ങൾ ഒഴിവാക്കുക.
വ്യക്തിയുടെ പേരിനൊപ്പം ആവശ്യമുള്ളപ്പോൾ മാത്രം രോഗത്തിന്റെ പേര് പറയുക. സ്‌കിസോഫ്രീനിയ ഉള്ള ഇന്ന വ്യക്തി എന്നോ ബൈപോളാർ ഡിസോർഡർ ഉള്ള ഇന്നയാള്‍ എന്നോ മാത്രം പറയാൻ ശ്രമിക്കുക. 
അസുഖത്തിന്റെ കൃത്യം വിവരങ്ങൾ, മെഡിക്കൽ ടേം ഉൾപ്പെടെ പറയാൻ ശ്രമിക്കുക. അസുഖത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ  തെറ്റിദ്ധാരണകളും അതോടൊപ്പം വസ്തുതകളും വ്യക്തമാക്കുക. 
ചെയ്യാൻ പാടില്ലാത്തത്
മനോരോഗി, മാനസികനില തകരാറിൽ ആയ, മനോവിഭ്രാന്തി ഉള്ള തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുക.
വാർത്തയ്ക്ക് അമിത പ്രാധാന്യം നൽകാതിരിക്കുക. ഒന്നാം പേജിൽ മാത്രം കൊടുക്കാൻ ശ്രമിക്കുക.
കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളുടെ അസുഖമാണ് അക്രമത്തിന് കാരണമെന്ന രീതിയിൽ പറയുക. 
ഊഹങ്ങളും സംഭവത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനവും. അല്ലെങ്കില്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കുക. 
മാനസിക രോഗി, ഉന്മാദി, സ്കിസോഫ്രീനിയ ഉള്ളയാള്‍, മദ്യപന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുക. ഇത് ഒരു വ്യക്തിയെ അവരുടെ താളംതെറ്റല്‍വച്ച് ചിത്രീകരിക്കാന്‍ ഇടയാക്കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org