കളങ്കം (അപമാനം) കുറയ്ക്കാൻ ഏറ്റവും ശക്തമായ മാർഗ്ഗം സാമൂഹിക സമ്പർക്കമാണ്‌ - ഒരു അഭിമുഖം

മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന കാരണം സമൂഹം മാനസികരോഗിയെ ഭ്രാന്തനെന്നു മുദ്രകുത്തി അപമാനിച്ചു  കളങ്കപ്പെടുത്തുന്നതാണ് എന്ന് പതിനാറു വർഷത്തോളം (1977-93) ലോകാരോഗ്യ  സംഘടനയിലെ മാനസികാരോഗ്യ  വിഭാഗത്തിലെ  ഡയറക്ടർ  ആയിരുന്ന    ഡോക്ടർ  നോർമാൻ സർറ്റൊരിയസ് ഉറപ്പിച്ചു പറയുന്നു.
വൈറ്റ് സ്വാൻ ഫൗണ്ടേഷനുമായിട്ടുള്ള ഈ അഭിമുഖത്തിൽ,  ലോക  സൈക്യാട്രിക് അസോസിയേഷന്റെ മുൻ ഡയറക്ടർ  കൂടിയായ ഡോക്ടർ സർറ്റൊരിയസ് ഈ  കളങ്കപ്പെടുത്തലിനെ ഉന്മൂലനം ചെയ്യാനുള്ള  ഏറ്റവും ഫലപ്രദമായ  മാർഗ്ഗത്തെ കുറിച്ചും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും അവബോധം ഉണ്ടാക്കുന്നതിനെകുറിച്ചുമാണ് സംസാരിക്കുന്നത്.

മാനസികാരോഗ്യത്തെ ശരിയായി മനസ്സിലാക്കുന്നതിൽ ഏറ്റവും വലിയ പ്രതിബന്ധം ആയി കരുതുന്നത് എന്തിനെയാണ്?

മനോരോഗികൾക്ക് ശരിയായ പരിരക്ഷ നല്കി  സമൂഹത്തിൽ ജീവിക്കാനുള്ള സുരക്ഷിതത്വം   ഉറപ്പു വരുത്തുന്നതിനുള്ള   ശ്രമങ്ങൾക്ക് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത്,  നാം അവരെ  ഭ്രാന്തൻ എന്ന് മുദ്രകുത്തി  കളങ്കിതനാക്കി   അപമാനിക്കുന്നു എന്നുള്ളതാണ്. 
അവരുടെ അസുഖത്തിന്റെ ലക്ഷണങ്ങൾ കാരണം ജനങ്ങൾ മനോരോഗിയെ ഒരു  മനുഷ്യജീവിയായി പോലും കരുതാതെ അപകടകാരികളായി കരുതി പേടിച്ച് അവരിൽ നിന്ന് ഒഴിഞ്ഞുമാറി പോകുന്നു. സമൂഹത്തിന്റെ ഈ മനോഭാവം കാരണം മനോരോഗികൾക്കായി നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും വളരെ ബുദ്ധിമുട്ടുണ്ടാകുന്നു. ഒരുവന് മനോരോഗികളെകുറിച്ചും അവർ നയിക്കുന്ന ജീവിതത്തെ കുറിച്ചും ഉള്ള ധാരണകൾ മാറ്റാൻ കഴിയാത്തിടത്തോളം കാലം ഇക്കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടാക്കാൻ കഴിയില്ല.
അതുകൊണ്ട് മാനസികാരോഗ്യ പരിചരണത്തിന്റെ പുരോഗതിയിൽ ഏറ്റവും വലിയ തടസ്സമായി ഞാൻ കാണുന്നത് ഈ  കളങ്കപ്പെടുത്തലിനെയാണ് (stigma).

ഇക്കാര്യത്തിൽ മാനസികാരോഗ്യ വിദഗ്ദ്ധർക്ക്  ചെയ്യാവുന്ന കർത്തവ്യങ്ങൾ എന്താണ് ?

വലിയ ഒരു അളവുവരെ   കളങ്കപ്പെടുത്തുന്ന ഈ   മനോഭാവം സാർവ്വവ്യാപിയാണ്.   അത് എല്ലായിടത്തും എല്ലാവരിലും  ഉണ്ട്. ഡോക്ടർമാരിലും, പോലിസുകാരിലും, സാധാരണ  ജനങ്ങളിലും ഈ മനോഭാവം ഉണ്ട്. മാനസിക രോഗിക്ക് ഒരു വിലയുമില്ല. അവരുടെ അസുഖം ഒരിക്കലും ഭേദപ്പെടുകയില്ല,  അവർ അപകടകാരികളാണെന്നും   നോക്കാനോ തൊടാനോപോലും പാടില്ല എന്നുംമറ്റുമുള്ള ധാരണകൾ ആണ് എല്ലാപേർക്കും  ഉള്ളത്.  ഈ മനോഭാവം  അവരെയെല്ലാം കൂടുതൽ ചിന്താക്കുഴപ്പത്തിൽ ആക്കുന്നു. 

ഇന്ന് ബുദ്ധിമാന്ദ്യമോ  മനോവിഷാദമോ ഉള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കാൾ പത്തിരട്ടിയോളം കുറ്റങ്ങൾ  ആണ് മനോരോഗം  ഇല്ലാത്തവർ  ചെയ്യുന്നത്. എന്നാൽ പൊതുവായ ധാരണ അങ്ങനെ അല്ല. അതിനു കാരണം നമ്മൾ കേൾക്കുന്നതും കാണുന്നതും എല്ലാം ഈ അപമാനത്താൽ അടയാളപെടുത്തിയിട്ടുള്ളവ ആണ്.  ഇതിനു ഒരു മാറ്റം വരുന്നതുവരെ ഇക്കാര്യത്തിൽ ഒരു  പുരോഗതിയും ഉണ്ടാക്കാൻ കഴിയില്ല.

 ഈ കളങ്കം (Stigma)   ഇല്ലാതാക്കാൻ ഉള്ള ഏറ്റവും നല്ല പ്രവൃത്തികൾ എന്താണ്?

ഈ കളങ്കപ്പെടുത്തലിനെ കുറച്ചുകൊണ്ട് വരാനുള്ള ഏറ്റവും നല്ല മാർഗ്ഗം സാമൂഹിക സമ്പർക്കം ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരു മാനസികരോഗിയോടൊപ്പമിരുന്നു കുറച്ചുനേരം അയാളുമായി സംസാരിക്കുമ്പോൾ മറ്റുള്ളവരേക്കാൾ അയാൾ ഒരുതരത്തിലും വ്യത്യസ്ഥനല്ല എന്ന് നിങ്ങൾക്ക് കണ്ടെത്താനാകും. എന്നാൽ തീർച്ചയായും ഒരാൾക്ക്‌ കഠിനമായ അസുഖം ബാധിക്കുമ്പോൾ ഉള്ള അവസ്ഥയും രോഗമില്ലാത്ത അവസ്ഥയും തമ്മിൽ വ്യത്യാസമുണ്ടായിരിക്കും. പക്ഷെ  എല്ലാ അസുഖങ്ങളുടെ കാര്യത്തിലും ഇത് ഒരു സത്യമാണ്. ശ്വാസകോശസംബന്ധമായോ ഹൃദയ സംബന്ധമായോ ഗുരുതരമായ അസുഖം ഉള്ള രോഗികളുടെ കാര്യത്തിലും അവർക്ക് അസുഖം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉള്ള അവസ്ഥകൾ ഒരുപോലെ ആയിരിക്കുകയില്ല.   എന്നാൽ ഈ വ്യത്യാസം നിങ്ങൾക്ക് പലപ്പോഴും പറഞ്ഞു മനസ്സിലാക്കിക്കാൻ കഴിയില്ല. രോഗത്തെക്കുറിച്ചുള്ള അറിവുകൾ ഒരു പരിധി വരെ ഈ ധാരണകളെ സ്വാധീനിക്കാമെങ്കിലും ഇത്തരം കാര്യങ്ങളെ  മൊത്തമായി മാറ്റാൻ കഴിയില്ല.  ജനങ്ങൾക്ക്‌ അറിവ് പകർന്നു നൽകിയാലും അവർ അവരുടെ യുക്തിക്കനുസരിച്ച് കുറെ കാര്യങ്ങൾ മാത്രം മനസ്സിലാക്കും. അവരുടെ അഭിപ്രായങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യങ്ങൾ മാത്രമേ  അവർ ഓർക്കുകയുള്ളു. അതുകൊണ്ട് ഇത്തരം അഭിപ്രായങ്ങളും മനോഭാവവും മാറ്റിക്കുക എന്നതാണ് ഒരുപക്ഷെ ആദ്യമായി നാം ചെയ്യേണ്ട ശ്രമകരമായ ജോലി. 

ഇത്തരം കളങ്കപ്പെടുത്തൽ കുറയ്ക്കാൻ വൈറ്റ് സ്വാൻ ഫൌണ്ടേഷൻ പോലുള്ള  സംഘടനകൾക്ക് എന്ത് ചെയ്യാൻ കഴിയും?

മാനസിക അസ്വാസ്ഥ്യം ഉള്ളവരെതന്നെ നിങ്ങളുടെ പ്രചാരകരുടെ  കൂട്ടത്തിൽ  ഉൾപ്പെടുത്താൻ  ശ്രമിക്കാവുന്നതാണ്. അത്തരം ഒരാൾ ഒരു സ്കൂളിലോ സ്ഥാപനത്തിലോ ചെന്ന് ഈ അസുഖത്തെ കുറിച്ച് വിശദമായി സംസാരിക്കുമ്പോൾ അത് ശ്രദ്ധിക്കുന്ന ആളുകൾ അയാളെ നോക്കി ഇങ്ങനെ പറയും, "തികച്ചും അസാദ്ധ്യം. ഇയാൾ എത്ര ഭംഗിയായി സംസാരിക്കുന്നു. ഇയാൾക്ക് മാനസികരോഗം ഉണ്ടായിരുന്നുവെന്നോ, മാനസിക രോഗി ആണെന്നോ എങ്ങനെ പറയും?" ഇക്കാര്യം ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒന്നാണ്. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ സംഘടനയുടെ പ്രായോഗികമായ ഒരു ഉറച്ച ചുവടുവയ്പായിരിക്കും.   
 
മറ്റൊരു കാര്യം ആരോഗ്യ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാർക്ക്   ഈ രോഗത്തെക്കുറിച്ച്  കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്താൽ അവരെങ്കിലും അത്രകണ്ട്  ഇത്തരം  രോഗികളെ  അപമാനിക്കുന്നത് കുറയ്ക്കാൻ കഴിയും. ആരോഗ്യ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർ മറ്റുള്ളവരിൽ നിന്നു വ്യത്യാസം ഉള്ളവർ   ആകണമെന്നില്ല. ഇക്കാര്യത്തിൽ അടുത്തകാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല മാർഗ്ഗം, പൊതുവായ ഒരു സന്ദേശം എല്ലാ ആൾക്കാർക്കും നൽകുന്നതിനേക്കാൾ വ്യക്തമായ സന്ദേശം  ആ മേഖലയുമായി ബന്ധമുള്ളവർക്ക്  നല്കുക എന്നതാണ്. ഉദാഹരണത്തിന്, മാനസിക രോഗത്തെകുറിച്ച് ഒരു പോലീസുകാരനോട്‌ പറയുന്നതും ഒരു പത്രപ്രവർത്തകനോടോ ഒരു ഡോക്ടറോടോ പറയുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. അതാണ്‌ രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. അനുഭവസ്ഥർ  അവരുടെ അനുഭവങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതാണ് ഒന്നാമത്തേത്. അങ്ങനെ ചെയ്യുമ്പോൾ അക്കാര്യം മറ്റുള്ളവർക്ക് കൂടുതൽ വിശ്വസനീയമായി തോന്നും. രണ്ടാമതായി ചെയ്യേണ്ടത്, മാനസിക ചികിത്സയുമായി  ബന്ധപ്പെട്ടു  പ്രവർത്തിക്കാൻ അവസരം കിട്ടാവുന്ന ചെറുസംഘങ്ങൾക്കും,  ദൈനംദിന  ജീവിതത്തിലും ജോലിയിലും മാനസിക രോഗികളുമായി ഇടപഴകാൻ സാദ്ധ്യത ഉള്ളവർക്കും കൂടുതൽ പ്രാഥമിക മാർഗ്ഗനിർദ്ദേശം നല്കാൻ കഴിയുന്ന  പരിപാടികൾ നടപ്പിലാക്കുക. 

ഇതുകൂടാതെ നിങ്ങൾ മാനസിക രോഗികളെ പരിചരിക്കുന്ന  കുടുംബങ്ങളെയും വ്യക്തികളെയും  ശ്രദ്ധിക്കുക.  കുടുംബത്തിലെ  ഒരാൾക്ക്‌ പെട്ടെന്ന് മാനസികാസ്വാസ്ഥ്യം  വരുമ്പോൾ  ആ കുടുംബം പലതും നഷ്ടപ്പെട്ട് ആകെ വല്ലാത്തൊരു വൈകാരികാവസ്ഥയിൽ ആയിരിക്കും. രോഗിയുടെ ആ അവസ്ഥയ്ക്ക് തങ്ങളും കാരണക്കാരാണോ എന്ന സംശയം അവരിൽ കുറ്റബോധമോ, അപമാനമോ ഭയപ്പാടോ സൃഷ്ടിക്കാം. അത്തരം തോന്നലുകൾ അവരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നു. ആയതിനാൽ ഇത്തരം കുടുംബങ്ങളുമായി, രോഗിയെ പരിചരിക്കുന്നവരുമായി ഒത്തുചേർന്നു  പ്രവർത്തിക്കുന്നത്  ഒരു നല്ല തുടക്കമാണ്. 

മനോരോഗ ചികിത്സ വളരെ പുരോഗതി നേടിയിട്ടുണ്ട്. എന്നാൽ ഇനിയും കൂടുതൽ വളർച്ച നേടാനുണ്ട്. ഈ തൊഴിൽ മേഖല ഇന്ന് എവിടെ നിൽക്കുന്നു?

മാനസിക രോഗങ്ങളെ കുറിച്ചുള്ള  അറിവുകളും സാദ്ധ്യതകളും പൂർണ്ണമായും നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ഈ അസുഖത്തെക്കുറിച്ച്‌ കഴിഞ്ഞകാലങ്ങളിൽ നിലനിന്നിരുന്ന അപമാനവും (stigma) അതിന്റെ അനന്തര ഫലങ്ങളും ഇന്നുമുണ്ട്. അതിന് ഉദാഹരണമായി ഈ മേഖലയ്ക്കു അനുവദിച്ചു കിട്ടുന്ന സാമ്പത്തിക വിഹിതം തന്നെ എടുക്കാം. പല രാജ്യങ്ങളിലും സ്ഥാപനങ്ങളിലും മാനസികാരോഗ്യ  സംരക്ഷണത്തിനും മാനസികരോഗ നിവാരണത്തിനുമായി മാറ്റി വയ്ക്കുന്ന തുക വളരെ പരിമിതമാണ്.  മൊത്തം തുകയുടെ ഒന്നോ രണ്ടോ ശതമാനം മാത്രം. ഇന്ന് ലോകത്തുള്ള അഞ്ചിൽ രണ്ടു വൈകല്യങ്ങളുടെയും പ്രധാന കാരണം മാനസികമാണ്.  എന്നാൽ മനോരോഗവൈദ്യശാസ്ത്ര മേഖലയ്ക്ക്  അനുവദിച്ചിട്ടുള്ള തുകയും മനോരോഗങ്ങൾ വേണ്ട രീതിയിൽ ചികിത്സിക്കാൻ കഴിയാത്തതുകൊണ്ട് സംഭവിക്കുന്ന  പ്രശ്നങ്ങളുടെ കണക്കും തമ്മിൽ വളരെ അന്തരം ഉണ്ട്. ഈ മേഖലയിൽ നമുക്കുള്ള അറിവുകൊണ്ട്‌ ഉണ്ടാക്കാവുന്ന വളർച്ചയെ സാരമായി തടസ്സപ്പെടുത്തുന്നത്  സാമ്പത്തിക കാര്യത്തിലുള്ള ഈ  വിവേചനമാണ്. നമുക്ക് ഇന്നുള്ള പല അറിവുകളും ജനങ്ങൾക്കായി വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താനോ മാനസിക രോഗികൾക്കായി പ്രയോജനപ്പെടുത്താനോ കഴിയുന്നില്ല. പ്രത്യേകിച്ചും രോഗ നിവാരണ മേഖലയിൽ.  ഉദാഹരണത്തിന് ചില കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞുകൊടുക്കാൻ ശ്രമിച്ചാലും ജനങ്ങൾ അതിൽ താൽപ്പര്യം കാട്ടാതെ ഒഴിഞ്ഞുമാറുന്നു. മാനസിക രോഗ നിവാരണത്തിന്റെ   കാര്യത്തിൽ പലപ്പോഴും മനോരോഗ വിദഗ്ധനേക്കാൾ മറ്റു ചിലരാണ്  മുന്നിട്ടു നിൽക്കുന്നത് എന്ന കാര്യം നമ്മൾ ഓർക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്, ഹൃസ്വദൃഷ്ടിയുള്ള ധാരാളം കുട്ടികൾ ഇന്ന് സമൂഹത്തിൽ ഉണ്ട്. അവരുടെ ഈ കാഴ്ച വൈകല്യം യഥാസമയത്ത് ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ പഠനത്തിൽ പിന്നോക്കം പോവുകയും അതുകാരണം ബുദ്ധിമാന്ദ്യവും വൈകല്യവും ഉള്ളവരായി കരുതപ്പെടാനുള്ള  സാഹചര്യമുണ്ടാകുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തെ മൊത്തം ബാധിക്കുന്നു. യഥാസമയത്തു പഠിക്കാനുള്ള  അവസരം നൽകിയിരുന്നുവെങ്കിൽ കൂടുതൽ മിടുക്കനായി പഠിക്കേണ്ടിയിരുന്ന കുട്ടി അവസാനം ബുദ്ധിമാന്ദ്യം ഉള്ള ഒരുവനെപ്പോലെ ജീവിക്കേണ്ടി വരുന്നു. എന്നാൽ ചില രക്ഷകർത്താക്കൾ അവരുടെ കുട്ടികൾ കണ്ണട വയ്ക്കുന്നതിനെപ്പോലും എതിർക്കുന്നു. കണ്ണട തങ്ങളുടെ മകളുടെ സൗന്ദര്യവും മകന്റെ ശക്തിയും നഷ്ടപ്പെടുത്തുമെന്ന് അവർ ഭയക്കുന്നു. അതുകൊണ്ട് അവർ കുട്ടികൾക്ക് കണ്ണട നൽകുന്നില്ല. ഇത്തരം പ്രവൃത്തികൾ കാരണം കുട്ടികൾക്ക് ഈ ലോകത്തുനിന്നു ലഭിക്കാമായിരുന്ന അറിവും, വികസനവും വളർച്ചയും നഷ്ടപ്പെടുന്നു. ആ വലിയ പ്രശ്നം ഒരു ചെറിയ മാർഗ്ഗത്തിലൂടെ പരിഹരിക്കാമായിരുന്നു. അതായത് കണ്ണട ധരിക്കുന്നതിലൂടെ മനോരോഗ പഠനത്തിന്റെ അറിവിലൂടെയും ഇത്തരം അനേകം ചെറിയ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും. എനിക്ക് തോന്നുന്നത് ഇന്നത്തെ മനോരോഗ പഠനത്തിൽ നിന്നുള്ള അറിവും അതിന്റെ പ്രായോഗികതയും  തമ്മിൽ വളരെ വലിയ ചേർച്ചക്കേട്‌ ഉണ്ടെന്നാണ്. ഇന്ന് അറിവിന്റെ നല്ലൊരു ശതമാനവും പ്രായോഗികമാക്കാൻ കഴിയുന്നില്ല. 

മനോരോഗ ചികിത്സയിൽ ഇന്ന് നമ്മൾ വളരെ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.   ഇന്നത്തെ മനോരോഗികളിൽ കുറെപ്പേർക്ക്  ജീവിതകാലം മുഴുവനും ചികിത്സ വേണ്ടി വരുമെങ്കിലും ഭൂരിപക്ഷം  പേർക്കും അവരുടെ അസുഖം യഥാസമയം യോഗ്യതയുള്ള  ഒരു ഡോക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു ചികിത്സിച്ചാൽ പൂർണ്ണമായും  ഭേദമായി അസുഖത്തിന്റേതായ   ഒരു ലക്ഷണവും അവശേഷിപ്പിക്കാതെ ബാക്കി ജീവിതം തുടരാനാകുന്നു.  ആയതിനാൽ ഇന്ന് നിലവിലുള്ള മനോരോഗചികിത്സാ മേഖലയെ 'നഷ്ടപ്പെട്ട അവസരങ്ങളുടെ കാലഘട്ടമെന്ന്'  ഞാൻ വിളിക്കും. 

പല മനോരോഗങ്ങളുടെയും യഥാർത്ഥ കാരണങ്ങൾ തെളിയിക്കാൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല?

അതെ, കുട്ടികളിലെ മാനസിക രോഗങ്ങളെ ഉദാഹരണമായി എടുക്കാം. കുട്ടികളിൽ മനോരോഗം  വരാനുള്ള ഘടകങ്ങൾ എടുത്താൽ ധാരാളം കാരണങ്ങൾ  കണ്ടെത്താം. ഉദാഹരണത്തിന് മാതാവുമായി ബന്ധപ്പെട്ട മാനസിക രോഗങ്ങൾ, പിതാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, വീട്ടിലെ സ്ഥലസൌകര്യകുറവ്, അംഗങ്ങൾ കൂടുതൽ, ശാരീരികമായ കാരണങ്ങളാൽ തുടരെ ഉണ്ടാകുന്ന  ആശുപത്രി ചികിത്സ എന്നിവ കൂടാതെ  മറ്റു   ഘടകങ്ങളും ധാരാളമായി ഉണ്ട്.  എന്നാൽ ഇതിൽ ഏതെങ്കിലും ഒരു കാരണം മാത്രം കൊണ്ട് കുട്ടിക്ക്  മാനസികരോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാകാറില്ല. എന്നാൽ അപകടകാരികളായ ഘടകങ്ങളുടെ എണ്ണം കൂടിയാൽ  കുട്ടിയ്ക്ക് അസുഖം വരാനുള്ള സാദ്ധ്യതയും കൂടുന്നു. ഇത്തരം പ്രശ്നങ്ങൾ ഗവേഷണങ്ങൾക്കുള്ളതാണ്. ഇത്തരം കുട്ടികൾക്കായി നമുക്ക് പലതും ചെയ്യാൻ കഴിയുമെന്ന പ്രത്യാശയും ഉണ്ട്. പിതാവിന്റെ  കുറ്റവാസനയ്ക്ക് മാറ്റം വരുത്താൻ കഴിയില്ലെങ്കിലും മറ്റുപല   കാര്യങ്ങളിലും മാറ്റം  വരുത്താൻ നമുക്ക്  കഴിയും. കുട്ടി ജീവിക്കുന്ന ചുറ്റുപാടുകളിൽ മാറ്റം വരുത്താൻ കഴിയും. അമ്മയ്ക്ക് കുട്ടിയെ കൂടുതൽ ശ്രദ്ധയോടെ   നോക്കുന്നതിനു ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കാനാകും. കുട്ടിയുടെ സ്കൂൾ സമയത്തെ പരിരക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാനാകും. മനോരോഗത്തിലേക്ക് തള്ളിവിടാവുന്ന അപകട ഘടകങ്ങൾ ധാരാളം ഉണ്ട്.  അതിൽ ഏതാണ് നാം മാറ്റിയെടുക്കുന്നത് എന്നത് ഒരു പ്രശ്നമല്ല.  കാരണം ഏതെങ്കിലും ഒരു ഘടകത്തെ  നമുക്ക് മാറ്റാനായാൽ അസുഖം വരാനുള്ള   സാധ്യത അത്രകണ്ട് കുറയുന്നു. ചില ഘടകങ്ങൾ മാറ്റാൻ പറ്റില്ല. പക്ഷെ അതൊരു പ്രശ്നമല്ല. എന്തെന്നാൽ മറ്റുള്ളവയെ മാറ്റിയെടുക്കാൻ നമുക്ക് ശ്രമിക്കാൻ കഴിയും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org