ഗര്‍ഭാവസ്ഥയിലെ  വിഷാദരോഗം

ഗര്‍ഭാവസ്ഥയിലെ വിഷാദരോഗം

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടമാണ് ഗര്‍ഭാവസ്ഥ. ആ സമയത്ത് അവളുടെ ശാരീരികവും മാനസികവുമായ സ്ഥിതി വളരെ ലോലമായിരിക്കും. അതിനാല്‍ ഈ ഘട്ടത്തില്‍ ഓരോ ഗര്‍ഭിണിയ്ക്കും ചുറ്റുമുള്ളവരില്‍ നിന്ന് ശ്രദ്ധയും സഹാനുഭൂതിയും ആവശ്യമാണ്. 
മിക്കവാറും സ്ത്രീകള്‍ക്ക് ഗര്‍ഭകാലം ആനന്ദകരമായ അവസ്ഥയാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് വളരെ ക്ളേശകരമായ കാലഘട്ടമാകാറുണ്ട്. വിവിധ ശാരീരിക ഘടകങ്ങളും മാനസിക-സാമൂഹിക ഘടകങ്ങളും വിഷാദം, ഉത്ക്കണ്ഠ, ഒ സി ഡി (Obsessive Compulsive Disorder ചെയ്തകാര്യം തന്നെ ചെയ്തോ എന്ന് വീണ്ടും വീണ്ടും സംശയം തോന്നുന്ന അവസ്ഥ), പ്രസവാനന്തര മാനസികപ്രശ്നങ്ങള്‍ തുടങ്ങിയവയും പല സ്ത്രീകളുടെയും ഗര്‍ഭകാലം ദുരിതപൂര്‍ണ്ണമാക്കുന്നു.
ഗര്‍ഭം 

ഒമ്പതുമാസം നീണ്ടു നില്‍ക്കുന്ന ഗര്‍ഭാവസ്ഥയെ പ്രസവപൂര്‍വഘട്ടം അഥവാ antenatal period എന്നാണ് പറയുക. ഈ സമയത്ത് സ്ത്രീകള്‍ക്ക് ശാരീരിക കാരണങ്ങളാലും മാനസിക-സാമൂഹികകാരണങ്ങളാലും വിഷാദവും ഉത്ക്കണ്ഠയും വരാനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍ ഈ മാനസികത്തകരാറുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും. കാരണം പലപ്പോഴും ഈ തകരാറുകളുടെ ലക്ഷണങ്ങളായ പെട്ടെന്നു ദേഷ്യം വരല്‍, ക്ഷീണം, ഉറക്കപ്രശ്നങ്ങള്‍, രുചിപ്രശ്നങ്ങള്‍ തുടങ്ങിയവ ഗര്‍ഭാവസ്ഥയോടു ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങള്‍ക്കു സമാനമാണ്. 
പ്രസവപൂര്‍വഘട്ടത്തില്‍ വിഷാദത്തിനു കാരണമായേക്കാവുന്ന ചില ഘടകങ്ങള്‍:
  • ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍
  • ആസൂത്രിതമല്ലാത്തതോ ആഗ്രഹിക്കാത്തതോ ആയ ഗര്‍ഭം
  • ഗാര്‍ഹിക പീഡനം (ശാരീരികം, ലൈംഗികം, വൈകാരികം)
  • വിഷാദം, ബൈ പോളാര്‍ ഡിസോര്‍ഡര്‍, പ്രസവനാനന്തര മാനസികപ്രശ്നങ്ങള്‍, മറ്റ് ഗൗരവതരമായ മാനസിക രോഗങ്ങള്‍ എന്നിവയുടെ കുടുംബപരമോ വ്യക്തിപരമോ ആയ ചരിത്രം.
  • നേരത്തെയുള്ള ഒ സി ഡി, പി ടി എസ് ഡി (പോസ്റ്റ് ട്രോമാറ്റിക സ്റ്റ്രെസ് ഡിസോര്‍ഡര്‍) തുടങ്ങിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് ഗുരുതരമാകാന്‍ സാദ്ധ്യതയുണ്ട്. 
  • മാനസികത്തകരാറുകള്‍ക്ക് നേരത്തെ കഴിച്ചിരുന്ന മരുന്നുകള്‍ ഗര്‍ഭകാലത്ത് കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുന്നത് 
  • മുമ്പുള്ള ഗര്‍ഭകാലത്ത് അനുഭവിച്ച സങ്കീര്‍ണ്ണതകളോ, പ്രിയപ്പെട്ട ആരെങ്കിലും മരണപ്പെട്ടതു മൂലമുള്ള ദുഃഖമോ.
  • സാമ്പത്തികഭാരം
  • മദ്യത്തോടോ, മയക്കുമരുന്നുകളോടോ, തനിക്ക് ഡോക്റ്റര്‍ കുറിച്ചു തന്ന മരുന്നുകളോടു തന്നെയോ ഉള്ള അടിമത്വം. 
  • ഉള്‍നാട്ടില്‍ നിന്ന് കുടുംബത്തിന്‍റെയോ സമൂഹത്തിന്‍റെയോ സഹായം ലഭിക്കാത്ത നഗരത്തിലേക്കുള്ള താമസംമാറ്റല്‍.
  • ജോലിഭാരവും സമയക്കുറവും മൂലമുള്ള തീക്ഷ്ണമായ മാനസിക സംഘര്‍ഷം.
ഗര്‍ഭിണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ - 
സ്വാഭാവിക മാറ്റങ്ങള്‍ 
 
അസ്വാഭാവിക മാറ്റങ്ങള്‍ 
താഴെ പറയുന്ന ലക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. ഇവയില്‍ മിക്കവയുടെയും കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. 
  • ആദ്യ മൂന്നുമാസങ്ങളിലെ ഓക്കാനം/ഛര്‍ദി തുടങ്ങിയവ. 
  • മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍, വികാരവിക്ഷോഭങ്ങള്‍, പെട്ടെന്നുള്ള കരച്ചില്‍ തുടങ്ങിയവ.
  • പെട്ടെന്നു ദേഷ്യം വരല്‍
  • കുറഞ്ഞുവരുന്ന ആത്മവിശ്വാസം
  • ശരീരഭംഗിയെ കുറിച്ചുള്ള ഉത്ക്കണ്ഠകള്‍
  • അസ്വസ്ഥമായ ഉറക്കം, പ്രത്യേകിച്ച് അവസാനത്തെ  മൂന്നുമാസങ്ങളില്‍. 
  • ആദ്യ മൂന്നുമാസവും അവസാന മൂന്നുമാസവും കണ്ടുവരുന്ന ക്ഷീണം
  • പ്രസവത്തെക്കുറിച്ചും കുഞ്ഞിന്‍റെ ആരോഗ്യത്തെക്കുറിച്ചുമുള്ള ആകുലത
 
 
 
 
 
 
 
 
 
 
 
 
താഴെ പറയുന്ന രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ മനസ്സിലാക്കാം ആ സ്ത്രീയെ പ്രസവത്തിനു മുമ്പുള്ള വിഷാദരോഗം ബാധിച്ചിരിക്കുന്നു എന്ന്:
  • ഗര്‍ഭകാലത്ത് ശരീരഭാരം കുറയുകയോ ഭാരം കൂട്ടാന്‍ സാധിക്കാതെ വരികയോ ചെയ്യുക 
  • പ്രഭാത അസ്വസ്ഥതകള്‍ക്ക് ശേഷവും സ്ഥിരമായി കാണുന്ന വിശപ്പില്ലായ്മ
  • അസ്വാഭാവികമായ ഉറക്കരീതി
  • മാനസിക സമ്മര്‍ദ്ദവും ശാന്തമായി വിശ്രമിക്കാന്‍ കഴിയാത്ത അവസ്ഥയും 
  • ക്ഷീണം, ശക്തി നഷ്ടപ്പെടല്‍
  • താന്‍ ഒന്നിനും കൊള്ളരുതാത്തവളാണെന്ന ചിന്ത, കുറ്റബോധം
  • ആഹ്ളാദിക്കാനുള്ള അവസരങ്ങളോടുള്ള വിരക്തി ( ഒന്നിലും താല്‍പര്യവും, സന്തോഷവുമില്ല എന്ന അവസ്ഥ)
  • ശ്രദ്ധയിലുള്ള പ്രകടമായ കുറവ്. 
  • മരണത്തെക്കുറിച്ചും ആത്മഹത്യയെ കുറിച്ചുമുള്ള തുടര്‍ച്ചയായ ചിന്തകള്‍
ഗര്‍ഭകാലത്ത് ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളിലോ, നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരിലോ കാണുകയാണെങ്കില്‍, മടിക്കാതെ വിദഗ്ദ്ധസഹായം തേടുക.
 

പ്രത്യേകം ഓര്‍മ്മിക്കുക: പ്രസവപൂര്‍വ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അവ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താല്‍ പ്രസവത്തിനു വളരെ മുമ്പുതന്നെ ഗര്‍ഭിണിയെ സുഖപ്പെടുത്താനാകും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org