Others

ഗര്‍ഭകാലം സുഖകരമാക്കുക

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ദൈനംദിനജീവിതം സുഖകരമാക്കുന്നതിന് മാനസികമായ സന്തോഷം എല്ലാ വ്യക്തികള്‍ക്കും അത്യാവശ്യമാണ്. ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മറ്റൊരു ജീവന്‍ കൂടി അവര്‍ ഉള്ളില്‍ പേറുന്നുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് മാനസികാരോഗ്യം വളരെ അത്യാവശ്യമാണ്. നമ്മളില്‍ മിക്കവരുടെയും ധാരണ ഗര്‍ഭധാരണം ആഹ്ലാദദായകമായ ഒരനുഭവം മാത്രമാണെന്നാണ്. എന്നാല്‍ ഗര്‍ഭധാരണം ഒരുപാട് ഹോര്‍മോണ്‍(hormone) വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതില്‍ സ്വഭാവികമായി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടാകും. ഇക്കാര്യം പലപ്പോഴും നമ്മള്‍ മനസ്സിലാക്കുന്നില്ല. ഇതിനെല്ലം പുറമെ ഗര്‍ഭിണികള്‍ പലതരത്തിലുള്ള ശാരീരികവും, മാനസികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. 
ആദ്യത്തെ ഗര്‍ഭം ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ചില കാര്യങ്ങളിലെങ്കിലും ബുദ്ധിമുട്ടായി അനുഭവപ്പെടാം. കുഞ്ഞിന്‍റെ ആരോഗ്യത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകളും, ആശങ്കകളും ഒരു പ്രത്യേകപ്രായത്തിനു മുകളിലുള്ള സ്ത്രീകളെ ചിലപ്പോള്‍ അലട്ടിയേക്കാം. ഇത് നിരവധി ഭീതികള്‍ക്ക് കാരണമായേക്കാം. 
ഗര്‍ഭധാരണത്തിന് മുമ്പ്:
സ്വന്തം ആരോഗ്യനിലയെപ്പറ്റി കൃത്യമായ ധാരണലഭിക്കുന്നതിന് സ്വന്തം ഡോക്ടറെ അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുക. ബുദ്ധിമുട്ടുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തുറന്നുപറയുകയും, സംശയങ്ങള്‍ക്കെല്ലാം ഉത്തരം തേടുകയും വേണം. ഗര്‍ഭകാലം സുഖകരമാക്കുന്നതിന് ഇത്തരത്തിലുള്ള മുന്നറിവുകള്‍ ഏറെ സഹായകമാണ്. 
.
ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?
ശരീരത്തിനും, മനസ്സിനും ഒട്ടേറെ വെല്ലുവിളികളും, മാറ്റങ്ങളും മാത്രമല്ല ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമായ ഗര്‍ഭകാലവുമായി ഗര്‍ഭിണികള്‍ പൊരുത്തപ്പെടണം. ശാരീരികവും, മാനസികവുമായ ആരോഗ്യം സൂക്ഷിക്കുകയെന്നത് ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആരോഗ്യകരമായ രീതിയില്‍ ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ചില മാര്‍ഗങ്ങള്‍ ഇവയാണ്. 
 • ഗര്‍ഭധാരണത്തിലും, പ്രസവത്തിലും അനുഭവമുള്ള അമ്മ, സഹോദരി, സുഹൃത്തുക്കള്‍ എന്നിവരുമായി വിഷയം സംസാരിക്കുക. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുക. 
 • മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുമ്പോള്‍ അക്കാര്യം തുറന്നു സംസാരിക്കുവാന്‍ പറ്റിയ ഒരു സുഹൃത്ത്, കുടുബാംഗം, കൗണ്‍സിലര്‍ എന്നിവരെ കണ്ടെത്തുക. ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായി ഉത്ക്കണ്ഠകളും, സ്വഭാവത്തില്‍ വ്യതിയാനങ്ങളും ചിലപ്പോള്‍ പ്രകടമായേക്കും. സഹായം ആവശ്യമാണെന്നു തോന്നുന്ന ഘട്ടത്തില്‍ അതായത് സാധാരണസ്ഥിതി എന്താണെന്നു മനസ്സിലാക്കുന്നതിന് തങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി സംസാരിക്കുക.
എങ്ങനെയാണ് മനസ്സുഖം ഉയര്‍ത്തുക?
 • ഡോക്ടര്‍ ആവശ്യപ്പെടാത്ത പക്ഷം ദൈനംദിനചര്യകള്‍ അതുപോലെ തുടരുക. വീട്ടുജോലികള്‍ ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല. 
 • ശരീരത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുക. ആവശ്യത്തിന് വിശ്രമിക്കുക
 • സ്ഥിരമായി വ്യായാമം ചെയ്യണം. ശാരീരികക്ഷമത ഉറപ്പാക്കുന്ന ലളിതമായ വ്യായാമങ്ങളായ യോഗ, നടപ്പ് എന്നിവയാണ് ഏറ്റവും ഉചിതമായ വ്യായാമങ്ങള്‍.
 • കുഞ്ഞിന്‍റെ ചലനങ്ങള്‍ വയറ്റിനകത്ത് അനുഭവപ്പെട്ടു തുടങ്ങിയാല്‍ കുഞ്ഞിനോട് സംസാരിക്കുവാനും, പാട്ടുപാടാനും തുടങ്ങാം. പ്രസവത്തിനു മുമ്പു തന്നെ കുഞ്ഞുമായി ഒരു ബന്ധം ഉറപ്പിക്കുന്നതിന് ഇത് സഹായിക്കും.
 • കൂട്ടുകാരും, വീട്ടുകാരുമായി സ്വന്തം വികാരങ്ങളും, വിചാരങ്ങളും പങ്കുവെക്കുക.
 • പുസ്തകവും, സംഗീതവും, സിനിമയുമായി സദാ ഉല്ലാസത്തില്‍ കഴിയുക.
 • പോഷകാഹാരം കഴിക്കുക, വിവിധനിറങ്ങളിലുള്ള ഭക്ഷണസാധനങ്ങള്‍ നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സന്തുലിതമായ ഭക്ഷണക്രമം പാലിക്കുക, ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങളോട് ഗര്‍ഭകാലത്തുള്ള ആസക്തിയും പൂര്‍ത്തീകരിക്കുക.
 • നിങ്ങള്‍ക്ക് സുഖം തരുന്ന നല്ല നിറങ്ങളുള്ളതും നന്നായി ഇണങ്ങളുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഇതു നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കും. 
 • കുഞ്ഞിന്‍റെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് നിങ്ങളുടെ പങ്കാളിയെ സഹകരിപ്പിക്കുക. പ്രസവാനന്തര വൈദ്യപരിശോധനയ്ക്കു പോകുമ്പോള്‍ പങ്കാളിയെ കൂടെ കൂട്ടുക. 
 • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. സ്വയം ശ്രദ്ധയോടുകൂടി പരിപാലിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങള്‍ ചുറ്റുമുള്ളവരോട് വ്യക്തമായി പറയുകയും ചെയ്യുക. 
 • ഗര്‍ഭധാരണത്തെപ്പറ്റി കൂടുതല്‍ വായിക്കുന്നത് നിങ്ങള്‍ക്ക് ഉത്ക്കണ്‌ഠയുണ്ടാക്കുന്നുണ്ട് എങ്കില്‍ അത് ഒഴിവാക്കുക. ഗര്‍ഭകാലത്തെ വ്യതിയാനങ്ങളെ പറ്റി നിങ്ങള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ചില വെബ് സൈറ്റുകള്‍ ഉണ്ട്. അവയില്‍ ശ്രദ്ധയൂന്നുക. 
 • നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളും ആകുലതകളും ഉണ്ടെങ്കില്‍ ഡോക്റ്ററോട് സംസാരിക്കാന്‍ മടിക്കരുത്. 
White Swan Foundation
malayalam.whiteswanfoundation.org