നിയമ കാര്യങ്ങൾ

ഒരു വ്യക്തി എങ്ങനെ, എന്തിന് ഒരു വൈകല്യ സാക്ഷ്യപത്രം (ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്) വാങ്ങണം?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഒരു വൈകല്യ സാക്ഷ്യപത്രം (ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്) ?

A

ഇന്ത്യന്‍ പാര്‍ലമെന്‍റ് 1995 ല്‍ വൈകല്യമുള്ള വ്യക്തികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. 'വൈകല്യമുള്ള വ്യക്തികള്‍ക്ക് (തുല്യ അവസരങ്ങളും സംരക്ഷണവും അവകാശങ്ങളും പൂര്‍ണ പങ്കാളിത്തവും ഉറപ്പാക്കുന്ന) ആക്റ്റ്, 1995 എന്ന പേരില്‍ ഈ നിയമം അറിയപ്പെടുന്നു. ഇതില്‍ വിവിധതരം വൈകല്യങ്ങളെ നിയമപ്രകാരം അംഗീകരിക്കുകയും  ഈ വൈകല്യങ്ങളുള്ള വ്യക്തികള്‍ക്ക് ചില പ്രത്യേക അവകാശങ്ങളും അര്‍ഹതകളും അനുവദിച്ചിരിക്കുകയും ചെയ്യുന്നു. അവ താഴെ പറയുന്നു : 

  • വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം.
  • സര്‍ക്കാര്‍ ജോലികളില്‍ സംവരണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം.
  • ഭൂമി അനുവദിക്കുന്ന സ്കീമുകളില്‍ മുന്‍ഗണന.
  • സാമൂഹ്യ സുരക്ഷാ സ്കീമുകള്‍.
  •  അവകാശങ്ങള്‍ നിഷേധിക്കുന്നതിന്  എതിരെ ചീഫ് ഡിസെബിലിറ്റി കമ്മീഷറുടെ അടുത്ത് പരിഹാരം തേടാവുന്നതാണ്.

ഈ നിമയത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വൈകല്യങ്ങളില്‍ "മാനസിക രോഗം" എന്ന പേരില്‍ മനഃശാസ്ത്രപരമായ തകരാറുകളും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ഈ നിയമവും ഇതുപ്രകാരമുള്ള സ്കീമുകളും ബാധകമാകുന്നത് ഒരു പ്രത്യേക വൈകല്യം 40 ശതമാനത്തിലധികം കാണപ്പെടുന്ന വ്യക്തികള്‍ക്ക് അതിന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന വൈകല്യ സാക്ഷ്യപത്രത്തിന്‍റെ (ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ) അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.

 

Q

എനിക്ക് ഒരു വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള യോഗ്യതയുണ്ടോ?

A

മാനസികമായ തകരാറുകള്‍ വളരെ സങ്കീര്‍ണമായവയാണ് എന്നതിനാല്‍ ഇത് സാക്ഷ്യപ്പെടുത്തുന്ന രീതിയിലും ഒരു അനിശ്ചിതത്വം ഉണ്ട്. ശാരീരികമായ ഒരു തകരാറുമൂലം ഉണ്ടായിരിക്കുന്ന ഒരു വൈകല്യത്തിന്‍റെ ശതമാനക്കണക്ക് കൂട്ടിയെടുക്കുക എളുപ്പമായേക്കാം, എന്നാല്‍ മാനസികമായ തകരാറുകള്‍ അത്തരത്തില്‍ എളുപ്പത്തില്‍ കണക്കുകൂട്ടിയെടുക്കാവുന്നവയല്ല. ഇതിനായി നിലവിലുള്ള മാര്‍ഗരേഖകള്‍ ഇന്ത്യന്‍ ഡിസെബിലിറ്റി ഇവാല്യുവേഷന്‍ ആന്‍റ് അസെസ്മെന്‍റ് സ്കെയില്‍ (ഐഡിഇഎഎസ്) ഉപയോഗിക്കുന്നു.

ഒരു വ്യക്തിയില്‍ മാനസികമായ തകരാറിന്‍റെ വ്യാപ്തി എത്രയെന്നത് ഇതിനായി ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്ന വിദഗ്ധ സമിതിയാണ് സാക്ഷ്യപ്പെടുത്തുന്നത്. എല്ലാ മനോരോഗ ചികിത്സാ സ്ഥാപനങ്ങളിലും ഈ പാനലിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടാകും, ഈ സമിതിയെ സാക്ഷ്യപ്പെടുത്തലിനായി ലഭ്യമാകുന്നത് എപ്പോഴെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്, അല്ലെങ്കില്‍ വൈകല്യമുള്ളവര്‍ക്കായുള്ള നിങ്ങളുടെ സംസ്ഥാന കമ്മീഷണറുടെ അടുത്തു നിന്നും വിവരം നേടാവുന്നതാണ്. സാധാരണയായി ഈ പാനലില്‍ താഴെ പറയുന്നവര്‍ ഉള്‍പ്പെട്ടിരിക്കും : 

(എ) ഒരു സ്ഥാപനത്തിന്‍റെ മേലധികാരി - ഇത് ഒരു സ്ഥാപനത്തിന്‍റെ അദ്ധ്യക്ഷനോ വകുപ്പദ്ധ്യക്ഷനോ മെഡിക്കല്‍ സൂപ്രെണ്ടോ അല്ലെങ്കില്‍ ഇവരില്‍ ആരെങ്കിലും ചുമതലപ്പെടുത്തിയിരിക്കുന്ന ആളോ ആകാം. 

(ബി) ഒരു മനോരോഗ ചികിത്സകന്‍

(സി) ഒരു ഡോക്ടര്‍.

നിങ്ങള്‍ ഒരു നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിങ്ങളുടെ ചികിത്സാ ചരിത്രവും മറ്റു വിശദാംശങ്ങളും പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. നിങ്ങള്‍ക്ക് കുറഞ്ഞത് 40 ശതമാനം വൈകല്യമെങ്കിലും ഉള്ളതായി ഈ സമിതിക്ക് ബോധ്യപ്പെടുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് ഒരു വൈകല്യ സാക്ഷ്യപത്രം ലഭ്യമായേക്കില്ല.

 
 
 

Q

ഞാന്‍ എങ്ങനെയായിരിക്കും വിലയിരുത്തപ്പെടുക?

A

മാനസികമായ തകരാറുകളുള്ള ഒരു വ്യക്തിയെ വിലയിരുത്തുന്നതിനായി ഐഡിഇഎഎസ് സ്കെയിലില്‍ നാല്  ഘടകങ്ങളാണ് ഉള്ളത്. ഈ സ്കെയിലും വൈകല്യം കണക്കാക്കുന്ന രീതിയും വളരെ വിശദമായിട്ടുള്ളതാണ്. ഇതിന്‍റെ മാനദണ്ഡങ്ങളുടെ ഒരു ലഘു വിവരണം താഴെ പറയുന്നു : 

1. പ്രസ്തുത വ്യക്തി അവരുടെ കാര്യങ്ങളില്‍ (സ്വയം പരിചരണത്തില്‍) എങ്ങനെ ശ്രദ്ധവെയ്ക്കുന്നു :  ഈ വ്യക്തി വൃത്തിയോടെയാണോ കാണപ്പെടുന്നത്- ഉദാഹരണത്തിന്, കുളിക്കാറുണ്ടോ, ശുചിത്വമുള്ള മലമൂത്ര വിസര്‍ജ്ജന ശീലം ഉണ്ടോ? ശരിയായ രീതിയില്‍ സ്വയം മുടിചീകിയൊതുക്കുകയും മുഖക്ഷൗരം നടത്തുകയും മറ്റും ചെയ്യുന്നുണ്ടോ ? ശരിയായ വിധത്തില്‍ വസ്ത്രം ധരിക്കുന്നുണ്ടോ? ഇവര്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ, സ്വന്തം ആരോഗ്യം നോക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടോ? 

2. ഈ വ്യക്തി തനിക്കും മറ്റുള്ളവര്‍ക്കും ഇടയിലുള്ള ബന്ധവും പ്രവര്‍ത്തികളും എങ്ങനെ പരിപാലിക്കുന്നു (സാമൂഹ്യമായ സമ്പര്‍ക്കം): ഈ വ്യക്തിക്ക് സമൂഹവുമായി സര്‍ക്കം പുലര്‍ത്താനും ഉചിതമായ തരത്തില്‍ സാമൂഹ്യ ബന്ധങ്ങള്‍ തുടങ്ങാനും നിലനിര്‍ത്താനും മറ്റും ശേഷിയുണ്ടോ? 

3. ഈ വ്യക്തിക്ക് ആശയവിനിമയം നടത്താനും സംസാരം മനസിലാക്കാനും കഴിവുണ്ടോ? (ആശയവിനിമയവും മനസിലാക്കലും) : ഈ വ്യക്തിക്ക് ആശയവിനിമയം നടത്താനും ആരെങ്കിലും ഈ വ്യക്തിയോട്  സംസാരിക്കുന്നതിനോട്  പ്രതികരിക്കാനും (വാചികമായും /വാചികമായല്ലാതെയും) ശേഷിയുണ്ടോ ? 

4. ഈ വ്യക്തിക്ക് ഒരു തൊഴില്‍ സാഹചര്യവുമായി ഇണങ്ങിപ്പോകാനുള്ള കഴിവുണ്ടോ? (തൊഴില്‍) : ഈ വ്യക്തിക്ക് ജോലി, വീട്ടുകാര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടോ? 

മാനസിക വൈകല്യം വിലയിരുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍  അതിശ്രദ്ധയോടെയുള്ളതായിരിക്കും. ഇത് ശരിയായി ചെയ്യുന്നതിന് നിങ്ങളുടെ പൂര്‍ണമായ ചികിത്സാ ചരിത്രവും വിലയിരുത്തുന്ന സമിതിയുടെ വിശദമായ പ്രതികരണവും ആവശ്യമാണ്. ഈ നടപടിക്രമങ്ങള്‍  സുദീര്‍ഘമായിരിക്കും. വിലയിരുത്തല്‍ നടത്തുന്ന സമിതിക്കുമുമ്പാകെ നിങ്ങള്‍ പല തവണ ഹാജരാകേണ്ടി വന്നേക്കും, വൈകല്യ സാക്ഷ്യപത്രത്തിനായി വിലയിരുത്തപ്പെടാന്‍ പോകുമ്പോള്‍ ഇക്കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. 

 
 
 

Q

ഞാനൊരു വൈകല്യ സാക്ഷ്യപത്രം (ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്) നേടേണ്ടതുണ്ടോ?

A

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒരര്‍ത്ഥത്തിലും നിര്‍ബന്ധമായും വേണ്ട ഒന്നല്ല. നിങ്ങള്‍ക്കൊരു ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ -നിങ്ങളുടെ സംസ്ഥാനത്ത് വൈകല്യമുള്ള വ്യക്തികള്‍ക്ക് ലഭ്യമായിട്ടുള്ള സ്കീമുകളുടെ അടിസ്ഥാനത്തില്‍ - നിങ്ങള്‍ക്ക് താഴെ പറയുന്ന അര്‍ഹതകള്‍ ഉണ്ടായിരിക്കും.

1. യാത്രാ ആനുകൂല്യം

2. പിഡിഎസ് (റേഷന്‍) സ്കീമുകളില്‍ കൂടുതല്‍ വിഹിതം.

3. ഭൂമി വിതരണ/ഭവന നിര്‍മാണ സ്കീമുകളില്‍ മുന്‍ഗണ.

4. വൈകല്യമുള്ളവര്‍ക്കുള്ള ജീവനാംശം/പെന്‍ഷന്‍.

5. 1995 ലെ നിയമത്തിന്‍റെ കീഴില്‍ വരുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ വൈകല്യമുള്ളവര്‍ക്കായുള്ള കേന്ദ്ര, സംസ്ഥാന കമ്മീഷനുകള്‍ക്ക് മുമ്പാതെ പരാതി സമര്‍പ്പിക്കല്‍. 

ഇങ്ങനെയൊക്കെയാണെങ്കിലും, ഈ ആനുകൂല്യങ്ങളുടെ ലഭ്യത മിക്കവാറും നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് നിങ്ങള്‍ക്ക് ഒരു വൈകല്യ സാക്ഷ്യപത്രം ലഭിക്കാനുള്ള അര്‍ഹതയുണ്ടെങ്കിലും നിങ്ങളുടെ ആകെ വരുമാനം നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്കും അപ്പുറത്താണെങ്കില്‍ ഈ സ്കീമുകളില്‍ ഉള്‍പ്പെടുന്നതിനും  ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

മാനസികമായ വൈകല്യങ്ങള്‍ ഉള്ള വ്യക്തികള്‍ നിലവില്‍ സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തിന് അര്‍ഹരല്ല.

 
 
 

Q

ഏതെങ്കിലും ആശുപത്രിയില്‍ നിന്നോ ക്ലിനിക്കില്‍ നിന്നോ നിങ്ങളുടെ രോഗനിര്‍ണയം നടത്തുന്നതിനോ അസുഖത്തിനുള്ള ചികിത്സ ലഭിക്കുന്നതിനോ മരുന്ന് കിട്ടുന്നതിനോ ഒരു ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല.

A

മാനസികമായ തകരാറിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഒരു ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്നത് നിങ്ങള്‍ക്കോ നിങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കോ ഒരു തടസവും സൃഷ്ടിക്കുകയില്ല. ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നതുകൊണ്ട്  നിങ്ങളെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയില്ല.  ഇത് നിങ്ങള്‍ക്ക് പ്രത്യേക കാവല്‍/മേല്‍നോട്ടം ലഭിക്കുന്നതിനുള്ള കാരണമാകില്ല, ഇതുമൂലം നിങ്ങള്‍ പതിവായി പരിശോധനകള്‍ക്ക് ഹാജരാകേണ്ട ആവശ്യം വരുന്നില്ല, ഇത് നിങ്ങളെ മാനസികാരോഗ്യമില്ലാത്ത വ്യക്തിയായി പ്രഖ്യാപിക്കുന്നതിന് തുല്യമായിരിക്കില്ല. 

നിങ്ങള്‍ക്ക് ഒന്നിലധികം വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍- അതായത്, കേഴ്വി തകരാര്‍, കാഴ്ചത്തകരാര്‍, പേശീചന സംബന്ധമായ തകരാര്‍ തുടങ്ങിയ ഏതെങ്കിലും തകരാറിനൊപ്പം മാനസികമായ തകരാറു കൂടി ഉണ്ടെങ്കില്‍-  നിങ്ങള്‍ 'വിവിധ വൈകല്യങ്ങള്‍' (മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി) ഉള്ള വ്യക്തിയായി അംഗീകരിക്കപ്പെടുകയും അതുപ്രകാരം നാഷണല്‍ ട്രസ്റ്റ് ആക്റ്റ്, 1999 ന്‍റെ കീഴില്‍ വരുന്ന സ്കീമുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും യോഗ്യനായിരിക്കുകയും ചെയ്യും. 

 
 
 

Q

ഒരു വൈകല്യ സാക്ഷ്യപത്രത്തിന്‍റെ (ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ) നിയമസാധുത (വാലിഡിറ്റി) എന്താണ്?

A

ഏത് സംസ്ഥാനത്തു നിന്നാണോ നിങ്ങള്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് ആ സംസ്ഥാനത്തു മാത്രമേ നിങ്ങള്‍ക്ക് പ്രത്യേക അര്‍ഹതകള്‍ക്ക് അവകാശം ഉണ്ടായിരിക്കുകയുള്ളു, എന്നാലും വൈകല്യ നിര്‍ണയ സമിതി നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍ എല്ലായിടത്തും സാധുവുമായിരിക്കും. അതായത് (ഉദാഹരണത്തിന്) നിങ്ങള്‍ തമിഴ്നാട്ടിലുടെ ഒരു തീവണ്ടിയില്‍ യാത്രചെയ്യുകയാണെന്ന് കരുതുക, നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍ നിന്ന് കിട്ടിയതാണെന്നും കരുതുക, എന്നിരുന്നാലും നിങ്ങള്‍ക്ക് റെയില്‍വെയുടെ യാത്രാ ആനുകൂല്യത്തിനായോ വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന കംമ്പാര്‍ട്ടുമെന്‍റില്‍ യാത്രചെയ്യുന്നതിനോ  അത് ഉപയോഗിക്കാവുന്നതാണ്. 

നിങ്ങളുടെ അവസ്ഥ ആജീവനാന്തം തുടരുന്ന ഒന്നാണെന്ന് വൈകല്യ നിര്‍ണയ സമിതിക്ക് ബോധ്യം വന്നാല്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് സ്ഥിരമായുള്ളതായിരിക്കും. എന്നിരുന്നാലും മാനസികമായ തകരാറുകളുടെ കാര്യത്തില്‍ ഭാവിയില്‍ ഈ വ്യക്തിയുടെ അവസ്ഥയില്‍ മാറ്റം ഉണ്ടായേക്കാം എന്നാണ് മിക്കവാറും സമിതി കരുതുക. അതിനാല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് മുമ്പായി ഒരു പുനര്‍വിലയിരുത്തല്‍ ആവശ്യമായി വന്നേക്കും.

 
 
 

Q

ഞാന്‍ ഒരു ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും അത് ലഭിക്കാതിരിക്കുകയും ചെയ്താല്‍ എന്തു ചെയ്യണം?

A

യോഗ്യതയില്ല എന്നതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുകയും എന്നാല്‍ നിങ്ങള്‍ തെറ്റായി വിലയിരുത്തപ്പെട്ടു എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാകുകയും ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് അന്യായമായ കാലതമാസം ഉണ്ടായതായി നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങളുടെ അപേക്ഷ നിരസിച്ചതിന്‍റെ പകര്‍പ്പ് സഹിതം വൈകല്യമുള്ളവര്‍ക്കായുള്ള സംസ്ഥാന കമ്മീഷ്ണറുടെ (സ്റ്റേറ്റ് കമ്മീഷണര്‍ ഫോര്‍ ഡിസെബിലിറ്റീസ്) മുമ്പാതെ പരാതിപ്പെടാവുന്നതാണ്. 

 
അംബ സലേല്‍ക്കര്‍- ചെന്നൈ അടിസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുകയും ഡിസെബിലിറ്റി നിയമത്തിലും നയങ്ങളിലും പ്രത്യേക താല്‍പര്യം പുലര്‍ത്തുകയും ചെയ്യുന്ന അഭിഭാഷകയാണ്. 
 
 

White Swan Foundation
malayalam.whiteswanfoundation.org