മാനസിക രോഗവും വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങള്‍

Q

എനിക്കൊരു മാനസിക രോഗം ഉണ്ടെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ അത്ര ആരോഗ്യകരമല്ലാത്ത മാനസികാവസ്ഥയിലുള്ള വ്യക്തിയാണ് എന്ന് നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണെങ്കില്‍ എനിക്ക് നിയമസാധുതയുള്ള ഒരു വിവാഹത്തിന് യോഗ്യതയുണ്ടോ?

A

ഇന്ത്യയില്‍ ഓരോ മതത്തിനും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അതിന്‍റേതായ വ്യക്തി നിയമങ്ങളുണ്ട്. ചില മതങ്ങളില്‍, വധൂവരന്മാരില്‍ ആരെങ്കിലും ഒരാള്‍ ആരോഗ്യകരമല്ലാത്ത മനസുള്ള വ്യക്തിയാണെങ്കില്‍ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടുന്നതായിരിക്കില്ല (അല്ലെങ്കില്‍ റദ്ദാക്കപ്പെട്ടേക്കാം). ഇത്തരം കേസുകളില്‍ ഫലത്തില്‍ വിവാഹം നടന്നിട്ടില്ല എന്ന അവസ്ഥയാണ് നിലനില്‍ക്കുക. മറ്റു ചില മതങ്ങളില്‍ ഇത് വിവാഹ മോചനത്തിന് മതിയായ ന്യായമായി കരുതപ്പെടുന്നു. ഇന്ത്യയില്‍ ഓരോ മതത്തിന്‍റേയും വ്യത്യസ്തമായ വ്യക്തി നിയമങ്ങള്‍  മാനസിക രോഗവും വിവാഹവും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് താഴെ പറയുന്നു :

ഹിന്ദു
 
ഹിന്ദു വിവാഹ നിയമത്തിന്‍റെ സെക്ഷന്‍ 5 ല്‍  ഒരു ഹിന്ദു വിവാഹം നിയമസാധുതയുള്ളതാകാന്‍ പാലിക്കപ്പടേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്നു. ഇതിന്‍റെ ഉപവകുപ്പ് (ശശ)ല്‍ മാനസിക രോഗത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്ന് താഴെ പറയുന്നു: 
വിവാഹത്തിന്‍റെ സമയത്ത് ഇരുകക്ഷികളും  :
  • മാനസികമായ ആരോഗ്യമില്ലായ്മ മൂലം വിവാഹത്തിന് നിയമസാധുതയുള്ള സമ്മതം നല്‍കാന്‍  ശേഷിയില്ലാത്ത അവസ്ഥയിലായിരിക്കരുത്.
  • വിവാഹത്തിനും സന്താനോത്പാദനത്തിനും പറ്റാത്ത തരത്തിലുള്ളതോ അങ്ങനെ ആക്കിത്തീര്‍ക്കുന്നതോ ആയ മാനസിക തകരാര്‍ ഉണ്ടായിരിക്കരുത്.
  • ആവര്‍ത്തിച്ച് വരുന്ന ഉന്മാദം/ഭ്രാന്ത് ഉണ്ടായിരിക്കരുത്.
ഹിന്ദു വിവാഹ നിയമത്തിന്‍റെ സെക്ഷന്‍ 12 പ്രകാരം, മേല്‍പ്പറഞ്ഞ വ്യവസ്ഥകളിലേതെങ്കിലും പാലിക്കപ്പെടുന്നില്ല എങ്കില്‍ ആ വിവാഹം ഒഴിവാക്കാവുന്നതും ഇതിന്‍റെ ദുരന്തഫലം അനുഭവിക്കുന്ന പങ്കാളി കോടതിയെ സമീപിച്ചാല്‍ വിവാഹം റദ്ദുചെയ്യപ്പെടാവുന്നതുമാണ്.  
 
മുസ്ലീം 
 
മുസ്ലീം നിയമ പ്രകാരം അനാരോഗ്യകരമായ മനോനിലയുള്ളവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അവരുടെ നിയമപ്രകാരമുള്ള രക്ഷകര്‍ത്താക്കളിലൂടെ വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടാവുന്നതാണ്. ഇത്തരം വിവാഹങ്ങള്‍ നിയമത്തിന്‍റെ കണ്ണില്‍ നിയമസാധുതയുള്ളവയായി പരിഗണിക്കപ്പെടുന്നു. 
 
പാഴ്സി
 
പാഴ്സി നിയമപ്രകാരം, വിവാഹിതരാകുന്ന കക്ഷികളില്‍ ഒരാളുടെ മാനസികാരോഗ്യമില്ലായ്മ ഒരു വിവാഹത്തെ നിയമസാധുതയില്ലാത്തതാക്കുന്നില്ല, ഈ വിവാഹം നിയമപ്രകാരം അംഗീകരിക്കപ്പെടും. 
 
ക്രിസ്ത്യാനി
 
ക്രിസ്ത്യന്‍ വിവാഹ നിയമം മാനസിക രോഗത്തെക്കുറിച്ചോ മാനസികാരോഗ്യമില്ലായ്മയെക്കുറിച്ചോ ഒന്നും പറയുന്നില്ല.വിവാഹത്തിന്‍റെ സമയത്ത് വിവാഹിതരാകുന്നവരില്‍ ആരുടെയെങ്കിലും മാനസിക നിലയില്‍ തകരാറുണ്ട് എന്നത് ആ വിവാഹത്തെ റദ്ദുചെയ്യാവുന്നതാക്കുന്നില്ല.
 
പ്രത്യേക വിവാഹ നിയമത്തിന് (സ്പെഷ്യല്‍ മാരേജ് ആക്റ്റിന്) കീഴില്‍ വരുന്ന മതേതര വിവാഹങ്ങള്‍ക്കുള്ള നിയമം : 
 
ഈ നിയമ പ്രകാരം, മാനസികമായ ആരോഗ്യമില്ലായ്മ വിവാഹത്തെ നിയമസാധുതയില്ലാത്തതാക്കുന്ന ഒരവസ്ഥയാണ്. വിവാഹിതരാകുന്ന കക്ഷികളില്‍ ആരെങ്കിലും താഴെ പറയുന്ന അവസ്ഥയിലാണെങ്കില്‍ ആ വിവാഹം റദ്ദുചെയ്യാവുന്നതാണെന്ന് ഈ നിയമം പറയുന്നു : 
  • മാനസികമായ അനാരോഗ്യം മൂലം നിയമപ്രകാരമുള്ള സമ്മതം കൊടുക്കാന്‍ കഴിവില്ലാതിരിക്കുക.
  • നിയമപ്രകാരമുള്ള സമ്മതം കൊടുക്കാന്‍ ശേഷിയുണ്ടായിരിക്കുമെങ്കിലും  വിവാഹത്തിനോ സന്താനോത്പാദനത്തിനോ ശേഷിയില്ലാതാക്കുന്ന തരത്തിലുള്ള ഗുരുതരമായ മാനസിക തകരാര്‍ ഉണ്ടായിരിക്കുക.
  • കൂടെക്കൂടെ ഉന്മാദം/ബുദ്ധിഭ്രമം ഉണ്ടാകുക.
 
 

Q

എന്‍റെ ജീവിത പങ്കാളിക്ക് ഗുരുതരമായ ഒരു മാനസിക രോഗമുണ്ട്, ഈ അവസ്ഥയില്‍ ആ ബന്ധവുമായി മുന്നോട്ട് പോകാന്‍ എനിക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ എനിക്ക് വിവാഹമോചനം ലഭിക്കുമോ?

A

പല വിവാഹ ബന്ധങ്ങളുടെ കാര്യത്തിലും മേല്‍പ്പറഞ്ഞതുപോലുള്ള ഗുരുതരമായ മാനസിക രോഗം അല്ലെങ്കില്‍ മാനസികാരോഗ്യമില്ലായ്മ ആ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിക്കുന്നതിനുള്ള മതിയായ കാരണമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്ത് വിവാഹവുമായി ബന്ധപ്പെട്ടുള്ള വ്യക്തി നിയമങ്ങള്‍ വ്യത്യസ്തമാണ്, തന്നെയുമല്ല വിവാഹ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിക്ക് മാനസികാരോഗ്യക്കുറവോ മാനസിക രോഗമോ ഉണ്ടായിരുന്നിരിക്കില്ല എന്നൊരു സാധ്യതയും വരുന്നുണ്ട്. അത്തരം കേസുകളില്‍ നിങ്ങളുടെ വിവാഹത്തിന് ബാധകമായ വ്യക്തി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ് : 

ഹിന്ദുക്കള്‍

ഹിന്ദു വിവാഹ നിയമത്തിന്‍റെ സെക്ഷന്‍ 13 പ്രകാരം, നിങ്ങളുടെ ജീവിത പങ്കാളിക്ക് തുടര്‍ച്ചയായതോ ഇടയ്ക്കിടയ്ക്ക് വരുന്നതോ ആയ ഗുരുതരമായ മാനസിക തകരാര്‍ ഉണ്ടായിരിക്കുകയും അതുമൂലം നിങ്ങള്‍ക്ക് അവര്‍ക്കൊപ്പം ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നു എങ്കില്‍  വിവാഹമോചനത്തിനായി  നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. 

മുസ്ലീങ്ങള്‍
 
നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിന് രണ്ടുവര്‍ഷക്കാലമായി ഉന്മാദം/ഭ്രാന്ത് ഉണ്ടെങ്കില്‍ വിവാഹം ബന്ധം പിരിയുന്നതിനായുള്ള മുസ്ലീം വിവാഹ നിയമം അനുസരിച്ച് ബന്ധം പരിയുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പാഴ്സികള്‍

നിങ്ങളുടെ ജീവിത പങ്കാളി വിവാഹ സമയത്ത് മാനസികാരോഗ്യം ഇല്ലാത്ത വ്യക്തിയായിരിക്കുകയും വിവാഹ മോചനത്തിനായി നിങ്ങള്‍ കോടതിയെ സമീപിക്കുന്ന സമയത്തും ആ നില തുടരുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിവാഹ മോചനം അനുവദിക്കുന്നതാണ്. എന്നിരുന്നാലും, വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളില്‍ വിവാഹ മോചത്തിനുള്ള ഹര്‍ജി സമര്‍പ്പിക്കുകയും വിവാഹത്തിന്‍റെ സമയത്ത് ഇക്കാര്യം നിങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും വേണം. 
നിങ്ങളുടെ ജീവിത പങ്കാളിക്ക് രണ്ടുവര്‍ഷമായി മാനസികമായ അനാരോഗ്യം ഉണ്ടെങ്കിലും നിങ്ങള്‍ക്ക് വിവാഹ മോചനത്തിനായി അപേക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ   ഒപ്പം താമസിച്ച് ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകും എന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാകാത്ത വിധത്തിലുള്ള ഗുരുതരമായ ഒരു മാനസിക തകരാറ് നിങ്ങളുടെ ജീവിത പങ്കാളിക്ക് ഉണ്ടെങ്കിലും വിവാഹ മോചനത്തിന് ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്.
 
ക്രിസ്ത്യാനികള്‍
 
താഴെ പറയുന്ന അവസ്ഥ നിലനില്‍ക്കുന്നു എങ്കില്‍ ഇന്ത്യന്‍ വിവാഹ മോചന നിയമം പ്രകാരം നിങ്ങള്‍ക്ക് വിവാഹ മോചനത്തിനുള്ള അവസരം ഉണ്ട്: 
 
1. നിങ്ങളുടെ ജീവിത പങ്കാളിയുടെ അവസ്ഥ ചികിത്സിച്ച് ഭേദമാക്കാനാകാത്തതായിരിക്കുകയും അത് വ്യക്തമാക്കുന്നതിനുള്ള മെഡിക്കല്‍ രേഖകള്‍ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുകയും ചെയ്താല്‍.
 
2. ജീവിത പങ്കാളിയുടെ മാനസിക തകരാറ് വിവാഹ മോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് ചുരുങ്ങിയത് രണ്ടുവര്‍ഷക്കാലമായെങ്കിലും നിലവിലുള്ളതാണങ്കില്‍.
 
പ്രത്യേക വിവാഹ നിയമ (സ്പെഷ്യല്‍ മാരേജ് ആക്റ്റ്)പ്രകാരമുള്ള മതേതര വിവാഹങ്ങള്‍ക്ക്
 
ഒന്നിച്ചുള്ള ഒരു ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാകും എന്ന് പ്രതീക്ഷിക്കാനാകാത്ത വിധം നിങ്ങളുടെ ജീവിത പങ്കാളിക്ക് ഏറെ നാളായി ഒരു മാനസിക തകരാര്‍ ഉണ്ടെങ്കില്‍ അത് സ്പെഷ്യല്‍ മാരേജ് ആക്റ്റ് അനുസരിച്ച് വിവാഹം കഴിച്ചവര്‍ക്ക് വിവാഹ മോചനത്തിനുള്ള മതിയായ കാരണമാണ്.
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org