ഒരു മോശം ബന്ധത്തിലായിരിക്കുമ്പോഴോ അല്ലെങ്കിൽ ബന്ധം ഉപേക്ഷിക്കാൻ ആസൂത്രണം ചെയ്യുമ്പോഴോ നിങ്ങളുടെ ക്ലയന്‍റ് സുരക്ഷിതമായി തുടരുന്നതിന് ഒരു സുരക്ഷാ പദ്ധതി സഹായകമാകും. വ്യത്യസ്‌ത ആളുകൾക്ക് സുരക്ഷ വ്യത്യസ്‌തമായിട്ടാകും കാണപ്പെടുക, പക്ഷേ ഇത് ആത്യന്തികമായി അവരെ സഹായിക്കാൻ കഴിയുന്ന ഒരു വ്യക്തിഗത പദ്ധതി വികസിപ്പിക്കുന്നതിനെക്കുറിച്ചാണ്. ഒരു സ്ത്രീ ഒരു ബന്ധത്തിൽ തുടരുന്നതിന് സ്വയം പ്രതിജ്ഞ എടുത്തിരിക്കുകയോ അതല്ല, അതില്‍ നിന്നു പോകാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ, അക്രമ സാധ്യത വർദ്ധിക്കുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. സമാന്തരമായി, ദുരുപയോഗത്തിന് ഇരയായവർക്ക് പലപ്പോഴും ഉണ്ടാകുന്ന കുറ്റബോധവും ലജ്ജയും പരിഹരിക്കേണ്ടതും അത് അവരുടെ തെറ്റല്ലെന്ന് ക്ലയന്‍റിനോട് ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നതും ആവശ്യമാണ്.
ഒരു സുരക്ഷാ പദ്ധതി തയ്യാറാക്കുന്നതിനായി നിങ്ങളുടെ ക്ലയന്‍റിനെ സഹായിക്കുമ്പോൾ അവരുടെ പരിഗണനയ്ക്കായി അവര്‍ക്കു നല്‍കാവുന്ന ചില തെരഞ്ഞെടുപ്പുകള്‍ ഇതാ:
1. അവര്‍ക്കു ചുറ്റുമുള്ള അവരെ പിന്തുണയ്ക്കുന്ന ആളുകളെ തിരിച്ചറിയുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക. വിശ്വസ്തയായ ഒരു സുഹൃത്ത് അല്ലെങ്കിൽ കുടുംബാംഗം പോലെയുള്ള ഒരു കരുതലുള്ള സാന്നിദ്ധ്യം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകവേ, ചിന്തിക്കുന്നതിനും സാദ്ധ്യതയുള്ള തെരഞ്ഞെടുപ്പുകള്‍ ചർച്ചചെയ്യുന്നതിനും ഉതകുന്ന ഒരു ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായിക്കും.
2. ഉത്തേജനങ്ങളും ദുരുപയോഗ സാധ്യതകളും തിരിച്ചറിയാൻ സഹായിക്കുന്നതിലൂടെ അപകടമുണ്ടാകുന്നതിന് മുമ്പു തന്നെ അതു വിലയിരുത്തുന്നതിന് അവരെ സഹായിക്കുക. ദുരുപയോഗം നടക്കുന്നത് എപ്പോഴാണ് എന്ന് അവരോട് ചോദിക്കുക, ദുരുപയോഗത്തിന് പ്രേരിപ്പിക്കുന്നതെന്താണെന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നതിനായി അവര്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്യുക.
3. വീട്ടിലുള്ള, ആയുധങ്ങളില്ലാത്ത സുരക്ഷിത ഇടങ്ങൾ തിരിച്ചറിയാൻ അവരെ സഹായിക്കുക. ഒരു തർക്കമുണ്ടാകുകയാണെങ്കില്‍, അവർക്ക് ഈ സുരക്ഷിത പ്രദേശങ്ങളിലേക്ക് പോകാന്‍ സാധിക്കും. ആവശ്യമുള്ള പക്ഷം വീട്ടില്‍ നിന്നു രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തുന്നതിന് അവരെ സഹായിക്കുക. വിശ്വസ്തരായ സുഹൃത്തുക്കൾ, പോലീസ്, വനിതാ സംഘടനകൾ എന്നിവരുടെ നമ്പറുകള്‍ സ്പീഡ് ഡയലിൽ സൂക്ഷിക്കുന്നത് ഉപയോഗപ്രദമാകും.
4. ശാരീരിക അതിക്രമങ്ങൾ ഒഴിവാക്കാൻ കഴിയാത്ത പക്ഷം, ഒരു കോണിലേക്ക് അതിവേഗം ഊളിയിട്ട് ഒരു പന്തുപോലെ സ്വയം ചുരുണ്ടുകൊണ്ട് എങ്ങനെ ഒരു ചെറിയ ഉന്നം മാത്രമാകാന്‍ കഴിയും എന്ന് അവരെ പഠിപ്പിക്കുക. അവർ ദുപ്പട്ടകളോ നീളമുള്ള ആഭരണങ്ങളോ ധരിക്കുന്നതും മുടി കെട്ടുന്നതും ഒഴിവാക്കുകയാണെങ്കിൽ, അവരെ വേദനിപ്പിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല. അവരുടെ കുട്ടികൾ എവിടെയാണോ അങ്ങോട്ടേക്ക് ഓടുന്നത് ഒഴിവാക്കാൻ അവർ ശ്രമിക്കണം, കാരണം ദുരുപയോഗം ചെയ്യുന്നയാൾക്കു അവരെ ഉപദ്രവിക്കാനും ശ്രമിച്ചേക്കാം.
5. വിശ്വസ്തരായ സുഹൃത്തുക്കളുമായും അയൽവാസികളുമായും അവരുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കാനും അവർക്ക് സഹായം ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിനായി ഒരു പദ്ധതിയും ദൃഷ്ടിഗോചരങ്ങളായ അടയാളങ്ങളും മുന്‍പേ തന്നെ വികസിപ്പിക്കാനും അവരെ ഉപദേശിക്കുക. അപകട സമയങ്ങളിൽ ഉപയോഗിക്കാൻ ഒരു ഗൂഢവാക്ക് തീരുമാനിച്ചു വയ്ക്കാനും അവർക്കു കഴിയും. ഇത് ഇരുവരും എളുപ്പത്തിൽ തിരിച്ചറിയുന്ന ഒന്നായിരിക്കണം, പക്ഷേ ദുരുപയോഗം ചെയ്യുന്നയാൾ തിരിച്ചറിയണമെന്നുമില്ല, ഒരു പ്രത്യേക പുഷ്പത്തിന്റെ പേര് അല്ലെങ്കിൽ ഒരു സിനിമ പേര് എന്നിങ്ങനെ.
6. നിങ്ങളുടെ ക്ലയന്‍റിന് കുട്ടികളുണ്ടെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികളോട് സംസാരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക. അത് തങ്ങളുടെ തെറ്റല്ലെന്നും അവർ അതിന് കാരണമായി ഭവിച്ചിട്ടില്ലെന്നും അവർക്ക് കുട്ടികളോട് പറയാം. അവരെ സംരക്ഷിക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അവർ ഒരു പദ്ധതി ആവിഷ്കരിക്കണമെന്നും പറഞ്ഞ് അവർക്ക് ആശ്വാസം പകരാൻ കഴിയും. സഹായം എങ്ങനെ നേടാം എന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത് ഉപയോഗപ്രദമാകും.
7. അക്രമം എപ്പോള്‍ നടക്കുന്നുവോ അപ്പോള്‍ വീട്ടിൽ നിന്ന് പുറത്തുപോകാൻ അവരെ മുന്‍പേ തന്നെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്. അവർ എവിടേയക്കാണ് പോകേണ്ടത് എന്നതും നേരത്തെ തയ്യാറാക്കി വയ്ക്കുക - അത് ഒരു സുഹൃത്ത്, ബന്ധു അതല്ല ആവശ്യമെങ്കിൽ ഒരു അഭയ കേന്ദ്രം എന്നിവയില്‍ ഏതെങ്കിലും ആകാം.
8. പോകുമ്പോള്‍ പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയും വിധം അവശ്യവസ്തുക്കള്‍- രേഖകൾ, പണം, ഫോൺ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവ, സുരക്ഷിതമായ ഒരിടത്ത് സൂക്ഷിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക.
9. ബന്ധം ഉപേക്ഷിച്ച ശേഷം, നിങ്ങളുടെ ക്ലയന്‍റിനെ ബന്ധപ്പെടുന്നതിനുള്ള അവരുടെ പുതിയ നമ്പര്‍/ വിലാസം തുടങ്ങിയവ എല്ലാവർക്കും നൽകാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് അവരെ ഉപദേശിക്കണം.
എന്‍റെ ക്ലയന്‍റിനെ അവരുടെ താൽപ്പര്യപ്രകാരം തീരുമാനമെടുക്കാൻ ഞാൻ എങ്ങനെ സഹായിക്കും?
ക്ലയന്‍റിന് വൈകാരിക പിന്തുണ നൽകുന്ന ഒരു പ്രൊഫഷണൽ എന്ന നിലയിൽ, പ്രശ്‌നങ്ങൾ പരിഹരിക്കാനും അത് നേടുന്നതിന് ക്ലയ ന്‍റിനു നിർദ്ദേശം നൽകുന്നതിനും എല്ലാവർക്കും കഴിവുണ്ടെന്ന് അംഗീകരിക്കുക. ഓർമ്മിക്കേണ്ട ഒരു പ്രധാന കാര്യം ക്ലയന്‍റിന്‍റെ വേഗതയിൽ തുടരുക എന്നതാണ് - അവർ തയ്യാറായതിനേക്കാൾ കൂടുതൽ വിവരിക്കാൻ / ചർച്ച ചെയ്യാൻ അവരെ പ്രേരിപ്പിക്കരുത്. വൈകാരികമായി പ്രശ്‌നത്തിൽ നിന്ന് അകന്നു നില്‍ക്കാനും യുക്തിസഹമായി വിശകലനം ചെയ്യാനും ക്ലയന്‍റിനെ സഹായിക്കുക. അവരുടെ ബന്ധത്തിലെ ദുരുപയോഗത്തിന്‍റെ രീതി കാണാൻ അവരെ പ്രാപ്തമാക്കുന്നതിന്, പേപ്പറിൽ ദുരുപയോഗത്തിന്‍റെ ചക്രം വരയ്ക്കുന്നത് സഹായകരമാകും.
ഓരോ പരിഹാരത്തിനും ഒരു ഗുണദോഷ പട്ടിക തയ്യാറാക്കി പ്രശ്നം പരിഹരിക്കാനുള്ള ബദൽ മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനായി അവരെ സഹായിക്കുക. ക്ലയന്റുമായുള്ള നിങ്ങളുടെ ഇടപഴകലിലൂടെ, തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പ് ഏതെന്ന് തീരുമാനിക്കുന്നതിന് അവരെ സഹായിക്കുക, അത് നടപ്പിലാക്കുന്നതിന് മുമ്പ് പരീക്ഷിക്കാനും പരിശീലനം നടത്താനും അവർക്ക് ആത്മവിശ്വാസം പകരുക, തിരഞ്ഞെടുത്തത് പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റ് തിരഞ്ഞെടുപ്പുകള്‍ വീണ്ടും പരിശോധിക്കുക. ഒരു പിന്തുണ വ്യവസ്ഥ രൂപീകരിക്കുന്നതിന് നിങ്ങളുടെ ക്ലയന്റിനെ സഹായിക്കുക, അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ആളുകളെ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നതിനും, അവർ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും കഴിയും.
അവൾ കഷ്ടപ്പെടുന്ന സമയങ്ങളിലെല്ലാം അവളുടെ ധൈര്യവും ഊർജ്ജസ്വലതയും മൂലം അവള്‍ക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നതിന് ഓർമ്മിക്കുക.
തെറാപ്പിയിൽ ദുരുപയോഗവുമായി ബന്ധപ്പെട്ട ആഘാതം കൈകാര്യം ചെയ്യുന്നത്, ശക്തി എന്ന സംഘടനയുമായി സഹകരിച്ച് വൈറ്റ് സ്വാൻ ഫൌണ്ടേഷന്‍ ചെയ്യുന്ന ഒരു പരമ്പരയാണ്. ദുരുപയോഗത്തിൽ നിന്ന് രക്ഷപ്പെടുന്നവരെ തെറാപ്പി ഉപയോഗിച്ച് സുഖപ്പെടുത്താൻ മാനസികാരോഗ്യ പരിശീലകർക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശരേഖയാണ് ഈ പരമ്പര. ഈ പരമ്പര അതിജീവിച്ചവരെ "സ്ത്രീകള്‍" എന്നാണ് പരാ മർശിക്കുന്നത്, എന്നിരുന്നാലും, അതിജീവിക്കുന്നവർ ഏതെങ്കിലും വ്യക്തിത്വത്തിൽ ഉൾപ്പെട്ടവര്‍ ആകാമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഗാർഹിക പീഡനത്തെ അതിജീവിച്ചവരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളും സ്ത്രീകളെ മനസ്സിൽ കണ്ടുകൊണ്ടുള്ള മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതിനാണ് "സ്ത്രീകൾ" എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
മുഴുവൻ പരമ്പരയും കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക
പരിശീലനത്തിലൂടെ സാമൂഹ്യ പ്രവർത്തകയായ പത്രപ്രവർത്തകയും ശക്തിയിലെ ഉപദേഷ്ടാവുമായ ഭൂമിക സഹാനി, നിംഹാൻസിലെ സൈക്യാട്രി വിഭാഗം റസിഡന്റ് ഡോക്ടർ ഡോ. പാറുൾ മാത്തൂർ എന്നിവര്‍ ചേര്‍ന്ന് എഴുതിയത്